ചികിത്സ തേടിയെത്തിയ രോഗിക്ക് സാമൂഹ്യമാധ്യമങ്ങൾ വഴി അശ്ലീല സന്ദേശമയച്ചു എന്ന പരാതിയിൻമേലാണ് ഡോ. അശ്വിൻ മേനോനെതിരെ നടപടിയെടുക്കാൻ WA അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്.
ഡോ. അശ്വിൻ മേനോനെ താക്കീത് ചെയ്യാനും, രജിസ്ട്രേഷനു മേൽ ഉപാധികൾ ഏർപ്പെടുത്താനുമാണ് ഉത്തരവ്.
ആരോഗ്യമേഖലയിൽ പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചു എന്നാണ് ട്രൈബ്യൂണൽ കണ്ടെത്തിയത്.
ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സന്ദേശങ്ങൾ
2020 ഓഗസ്റ്റ് 18നാണ് ഡോ. അശ്വിൻ മേനോന് ജി പി ആയി പ്രവർത്തിക്കാൻ രജിസ്ട്രേഷൻ കിട്ടിയത്.
രണ്ടു മാസം കഴിഞ്ഞ്, ഒക്ടോബർ 27ന് ചികിത്സക്കായെത്തിയ രോഗിയോട് പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കുന്ന രീതിയിൽ പെരുമാറി എന്നാണ് കണ്ടെത്തൽ.
2020 ഒക്ടോബർ മുതൽ ഡിസംബർ വരെ ചികിത്സ തേടിയിരുന്ന രോഗിക്ക്, 2021 ജനുവരി 26ന് ഡോ. അശ്വിൻ മേനോൻ ഇൻസ്റ്റഗ്രാം വഴി സന്ദേശമയച്ചു.
പിന്നീട് ഫെബ്രുവരിയിൽ ലൈംഗിക ചുവയുള്ള സന്ദേശങ്ങളയയ്ക്കുകയും, ഇൻസ്റ്റഗ്രാം വഴി വീഡിയോ കോൾ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
രാത്രി 11 മണിക്കും, രണ്ടു മണിക്കുമെല്ലാം സന്ദേശങ്ങൾ അയച്ചതായും ട്രൈബ്യൂണൽ കണ്ടെത്തി.
ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റും അയച്ചിരുന്നു.
ഇതിനു പിന്നാലെ മാർച്ചിൽ ഈ രോഗി ഓസ്ട്രേലിയൻ ഹെൽത്ത് പ്രാക്ടീഷണേഴ്സ് റെഗുലേറ്ററി അതോറിറ്റി (AHPRA)ക്ക് പരാതി നൽകുകയായിരുന്നു.
ഇതേത്തുടർന്ന് 2021 മേയിൽ തന്നെ ഡോ. അശ്വിൻ മേനോനെതിരെ മെഡിക്കൽ ബോർഡ് പ്രാഥമിക നടപടികളെടുത്തിരുന്നു. നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രമേ ജോലി ചെയ്യാവൂ എന്നും, വനിതാ രോഗികളെ ചികിത്സിക്കാൻ പാടില്ല എന്നുമായിരുന്നു മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചത്.
തന്റെ പ്രവൃത്തി പ്രൊഫഷണൽ പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഡോ. അശ്വിൻ മേനോൻ സമ്മതിച്ചതായും, അതിൽ പശ്ചാത്താപം പ്രകടിപ്പിച്ചതായും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.
പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ച് ഡോക്ടർ കൂടുതൽ പഠിക്കാൻ തയ്യാറായെന്നും, സൈക്കോളജിസ്റ്റിന്റെ സഹായം തേടിയിട്ടുണ്ടെന്നും ട്രൈബ്യൂണൽ ഉത്തരവിൽ പറയുന്നു.
സോഷ്യൽ മീഡിയ ഉപയോഗം അവസാനിപ്പിക്കുകയും ചെയ്തു.
ഇതെല്ലാം കണക്കിലെടുത്താണ് ഡോ. അശ്വിൻ മേനോനെതിരെ ട്രൈബ്യൂണൽ ആറുമാസത്തെ നടപടിക്ക് ഉത്തരവിട്ടത്.
പ്രൊഫഷണൽ പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുന്ന കാര്യത്തിലും, രോഗികളോട് പെരുമാറുന്ന കാര്യത്തിലും ആരോഗ്യമേഖലയിലെ മറ്റൊരാളിൽ നിന്ന് പരിശീലനം നേടണമെന്ന് ട്രൈബ്യൂണൽ നിർദ്ദേശിച്ചു.
അടുത്ത ആറു മാസത്തേക്കാണ് ഇങ്ങനെ പരിശീലനം നേടേണ്ടത്.
ഡോ. അശ്വിൻ മേനോനെ താക്കീത് ചെയ്ത ട്രൈബ്യൂണൽ, മെഡിക്കൽ ബോർഡിന്റെ നിയമനടപടി ചെലവിലേക്ക് 4,500 ഡോളർ പിഴയായി നൽകാനും ഉത്തരവിട്ടു.
മെഡിക്കൽ പെരുമാറ്റച്ചട്ടം ഇങ്ങനെ
രോഗികളുമായുള്ള പെരുമാറ്റം എങ്ങനെയായിരിക്കണമെന്ന് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള പെരുമാറ്റച്ചട്ടത്തിൽ നിർദ്ദേശിക്കുന്നുണ്ട്.
ശാരീരികമായോ, മാനസികമായോ, ലൈംഗികമായോ, സാമ്പത്തികമായോ ഒരു ഡോക്ടർ രോഗിയെ ചൂഷണം ചെയ്യരുത് എന്ന് മെഡിക്കൽ ബോർഡിന്റെ പെരുമാറ്റച്ചട്ടം പറയുന്നു.
രോഗിയെക്കുറിച്ചുള്ള വിവരങ്ങൾ ഡോക്ടർമാരും മറ്റു ജീവനക്കാരും വിശ്വസ്തതയോടെ മാത്രമേ കൈകാര്യം ചെയ്യാൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ.
രോഗികളുടെ സ്വകാര്യത മാനിച്ചും, പ്രൊഫഷണൽ ചട്ടക്കൂടിനകത്തും നിന്നു മാത്രമേ അവരോട് സാമൂഹ്യമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും അവരോട് ഇടപെടാൻ പാടുള്ളൂ.
ചികിത്സയ്ക്കായെത്തുന്ന ഒരാളുമായി ലൈംഗിക ബന്ധമുണ്ടാക്കാനോ, അനുചിതമായ മറ്റു ബന്ധങ്ങളുണ്ടാക്കാനോ പദവി ഉപയോഗിക്കാൻ പാടില്ലെന്നും പെരുമാറ്റച്ചട്ടത്തിൽ വ്യവസ്ഥയുണ്ട്.
ഓസ്ട്രേലിയയെക്കുറിച്ച് കൂടുതലറിയാൻ താൽപര്യമുണ്ടോ?
എന്നാൽ എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകളുടെ വരിക്കാരാവുക. സൗജന്യമായി.
Apple Podcast, Google Podcast, Spotify തുടങ്ങി നിങ്ങൾ പോഡ്കാസ്റ്റ് കേൾക്കുന്ന ഏതു പ്ലാറ്റ്ഫോമിലും. ഞങ്ങൾക്ക് റേറ്റിംഗ് നൽകാനും, മറ്റുള്ളവരുമായി പങ്കുവയ്ക്കാനും മറക്കരുത്..