Highlights
- വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ പൊതുസ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ ചെക്ക് ഇൻ ചെയ്യണം
- ഡിസംബർ അഞ്ച് മുതൽ ഇത് നടപ്പിലാക്കും
- QR കോഡ് സ്കാനിംഗിനായി Safe WA ആപ്പ് സർക്കാർ പുറത്തിറക്കി
പബുകൾ, ജിമ്മുകൾ, നീന്തൽകുളങ്ങൾ, ബാർബർഷോപ്പുകൾ, കഫേകൾ, റസ്റ്റോറന്റുകൾ, ബാറുകൾ, ഹോട്ടലുകൾ, സിനിമ തിയേറ്ററുകൾ, ലൈബ്രറികൾ, ആരാധനാലയങ്ങൾ തുടങ്ങിയ ഇടങ്ങൾ സന്ദർശിക്കുന്നവരാണ് നിർബന്ധമായും ചെക്ക് ഇൻ ചെയ്യേണ്ടത്.
ഇവിടെയെത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഒരു രജിസ്റ്റർ നിർബന്ധമായും വയ്ക്കണം.
കൊറോണ കോൺടാക്ട് ട്രേസിംഗ് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ നടപടി ഡിസംബർ അഞ്ച് മുതൽ നടപ്പിലാക്കുമെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ പ്രീമിയർ മാർക്ക് മക് ഗോവൻ അറിയിച്ചു.
ഇവിടേക്കെത്തുന്നവരുടെ പേര്, ഫോൺ നമ്പർ, ഇവർ സന്ദർശിച്ച ദിവസം, സമയം എന്നിവയാണ് ഇതിൽ രേഖപ്പെടുത്തേണ്ടത്.
ബിസിനസുകൾക്ക് ഇത് എളുപ്പമാക്കാനായി 'Safe WA' എന്ന ഒരു ആപ്പും സർക്കാർ പുറത്തിറക്കി.
ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുന്നവർക്ക് QR കോഡ് സ്കാൻ ചെയ്യാനായാണ് ഈ ആപ്പ്. ഈ ആപ്പ് ഡൗൺലോഡ് ചെയ്താൽ ഇവിടേക്കെത്തുന്നവർക്ക് QR കോഡ് സ്കാൻ ചെയ്യാം. ഇത് വഴി ഇവരുടെ വിവരങ്ങൾ ശേഖരിക്കാൻ കഴിയും.
ആപ്പ് ഉപയോഗിക്കാത്തവർക്ക് ഇവിടെ വച്ചിരിക്കുന്ന രജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്താം.
എന്നാൽ ആപ്പ് ഉപയോഗിക്കുന്നതിൽ ആശങ്കയും നിലനിൽക്കുന്നുണ്ട്.
ഇതിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ കടയുടമകൾക്ക് ലഭ്യമാകില്ലെന്നും ഇവ 28 ദിവസങ്ങൾക്ക് ശേഷം ഡിലീറ്റ് ചെയ്തു കളയുമെന്നും ആരോഗ്യ മന്ത്രി റോജർ കുക്ക് ഉറപ്പ് നൽകി.
വെസ്റ്റേൺ ഓസ്ട്രേലിയ ആരോഗ്യ വകുപ്പിലെ കോൺടാക്ട് ട്രേസിംഗ് വിഭാഗത്തിലുള്ളവർക്ക് മാത്രമാകും ഇത് ലഭ്യമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിർബന്ധിത ചെക്ക് ഇൻ നിർദ്ദേശം പാലിക്കാത്ത ബിസിനസുകളിൽ നിന്ന് കഠിന പിഴയാണ് സർക്കാർ ഈടാക്കുന്നത്.
ഇത് പാലിക്കാത്ത വ്യക്തികൾക്ക് 50,000 ഡോളർ വരെ പിഴയും 12 മാസം ജയിൽ ശിക്ഷയും ലാഭിക്കാം. മാത്രമല്ല 250,000 ഡോളറാണ് നിർദ്ദേശം ലംഘിക്കുന്ന ബോഡി കോർപറേറ്റുകൾ നൽകേണ്ടത്.