നവംബർ മാസത്തിൽ ആകെ ലഭിക്കുന്ന മഴയെക്കാൾ കൂടുതലായിരിക്കും ബുധനാഴ്ച മാത്രം സിഡ്നിയിലും പരിസര പ്രദേശങ്ങളിലും ലഭിക്കുന്ന മഴ എന്നാണ് പ്രവചനം.
പുലർച്ചെ തന്നെ സംസ്ഥാനത്തിന്റെ പല ഭാഗത്തും കനത്ത മഴ തുടങ്ങിക്കഴിഞ്ഞു. ഒമ്പതു മണി മുതൽ ഉച്ച കഴിയുന്നതു വരെയായിരിക്കും ഏറ്റവും ശക്തമായ മഴ എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കരുതുന്നത്.
സിഡ്നി, ഇല്ലവാര, ഹണ്ടർ മേഖലകളിലായിരിക്കും ഏറ്റവും രൂക്ഷമായ മഴ. 24 മണിക്കൂർ കൊണ്ട് സിഡ്നിയിൽ 100 മില്ലീമീറ്ററും, ഇല്ലവാരയിൽ 150 മില്ലിമീറ്ററും മഴ പെയ്യും എന്നാണ് മുന്നറിയിപ്പ്.
വാഹനങ്ങൾ റോഡിലിറക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് എമർജൻസി സർവീസസ് നിർദ്ദേശിച്ചിട്ടുണ്ട്. റോഡുകളിൽ മിന്നൽപ്രളയത്തിന് സാധ്യതയുണ്ട്. റോഡിൽ വാഹനങ്ങളുടെ നിയന്ത്രണം പ്രയാസമായിരിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ബൈക്ക് യാത്രികരും സൈക്കിൾ സവാരിക്കാരും കാൽനടയാത്രക്കാരും അത്യാവശ്യ ഘട്ടത്തിലല്ലാതെ റോഡിലിറങ്ങരുത് എന്നാണ് നിർദ്ദേശം.
നിരവധി ആഭ്യന്തര സർവീസുകളും രാജ്യാന്തര സർവീസുകും വൈകുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന് സിഡ്നി വിമാനത്താവളവും വ്യക്തമാക്കി.
അതീവ ശക്തമായ പേമാരിയായിരിക്കുമെങ്കിലും ഇത് അധികനേരം നീണ്ടു നിൽക്കില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വൈകിട്ടോടെ മഴയുടെ ശക്തി കുറയും.