SKIP TO MAIN CONTENT

WATCH VIDEO: മെസി പെനാൽട്ടി പാഴാക്കി; അർജൻറീനയെ തകർത്ത് ചിലിക്ക് കോപ്പ അമേരിക്ക

രണ്ടു ചുവപ്പുകാർഡുകളും അഭിനയത്തിന് മെസി മഞ്ഞക്കാർഡും കണ്ട ഫൈനലിൽ, പെനാൽട്ടി ഷുട്ടൌട്ടിൽ അർജൻറീനയെ തോൽപ്പിച്ച് ചിലി വീണ്ടും കോപ്പ അമേരിക്ക ചാംപ്യൻമാർ. ആദ്യ പെനാൽട്ടി പാഴാക്കിയ മെസി കളിയിലെ ദുരന്തമായി. സ്കോർ 4-2

Chile
(AFP) Source: Getty Images

1 min read

Published

Updated

By ദീജു ശിവദാസ്


Skip to article content

പ്രമുഖ ടൂർണമെൻറുകളിലെ അർജൻറീനിയൻ ദുരന്തം തുടരുന്നു. 

2014 ലോകകപ്പിൻറെയും 2015 കോപ്പ അമേരിക്കയുടെയും ഫൈനൽ അർജൻറീന ആവർത്തിച്ചു. ടൂർണമെൻറിലുടനീളം തകർപ്പൻ പ്രകടനം കാഴ്ചവച്ച ലിയോണൽ മെസിയും കൂട്ടരും, കോപ്പ അമേരിക്കയുടെ ഫൈനലിൽ ചിലിയോട് കീഴടങ്ങി.

കപ്പുയർത്താൻ മെസിയുടെ മോഹം ഇനിയും ബാക്കി

കഴിഞ്ഞ വർഷത്തെ തനിയാവർത്തനം പോലെ, ഗോൾരഹിത സമനിലയായിരുന്ന 90 മിനിട്ടിനു എക്സ്ട്രാ ടൈമിനും ശേഷം പെനാൽട്ടി ഷൂട്ടൌട്ടിലാണ് ചിലി കപ്പുയർത്തിയത്. 

വിദാലിൻറെ ആദ്യ കിക്ക് തടഞ്ഞ് ഗോളി സെർജിയോ റൊമേരോ അർജൻറീനയ്ക്ക് ലീഡ് നൽകി. 

പക്ഷേ നീലപ്പടയുടെ ആദ്യ കിക്കെടുക്കാനെത്തിയ സൂപ്പർ താരം മെസിക്ക്, ഫൈനലിൻറെ സമ്മർദ്ദം വീണ്ടും വിനയായി. ഗോൾ പോസ്റ്റിന് പുറത്തേക്ക് പന്തടിച്ചു പറത്തിയ ലിയോണൽ ദുരന്തനായകനായി.

ഷൂട്ടൌട്ടിൽ 3-2 എന്ന സ്കോറിൽ നിൽക്കേ ബിഗ്ലിയയും ഷോട്ട് പാഴാക്കിയതോടെ, അർജൻറീനയുടെ കഥ കഴിഞ്ഞു. അവസാന കിക്കെടുത്ത ഫ്രാൻസിസ്കോ സിൽവ ചിലിക്ക് 4-2ൻറെ വിജയം സമ്മാനിച്ചു. 

രാജ്യത്തിനായി ഒരു പ്രമുഖ കിരീടം എന്ന സ്വപ്നം ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറെന്ന് വാഴത്തപ്പെടുന്ന മെസിക്ക് ഇപ്പോഴും അന്യം.

ദുരന്തം വിട്ടൊഴിയാതെ...

നാടകീയം ഈ ഫൈനൽ

ആദ്യ വിസിൽ മുതൽ തന്നെ നാടകീയമായിരുന്നു ഫൈനൽ പോരാട്ടം. 20 സെക്കൻറിനുള്ളിൽ അർജൻറീനയ്ക്ക് ഗോളവസരം കിട്ടിയെങ്കിലും, അവിടെ തുടങ്ങിയ പാഴാക്കൽ 120ാം മിനിട്ട് വരെയും തുടർന്നു. 

നിരവധി അവസരങ്ങളാണ് അർജൻറീനിയൻ മുൻനിര പാഴാക്കിയത്. മെസിയെ അനങ്ങാൻ അനുവദിക്കാത്ത ചിലിയുടെ പ്രതിരോധം ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റി. 

ആദ്യ പകുതിയിൽ റഫറിക്ക് വിസിലടിക്കാൻ മാത്രമേ സമയമുണ്ടായിരുന്നുള്ളൂ. രണ്ട് ചുവപ്പുകാർഡും ഏഴു മഞ്ഞക്കാർഡുകളും കണ്ട മത്സരം ലാറ്റിനമേരിക്കൻ സൌന്ദര്യത്തെക്കാൾ യൂറോപ്പിൻറെ പരുക്കൻ ഫുട്ബോളിനെയാണ് കൂടുതൽ ഓർമ്മിപ്പിച്ചത്. 

അർജൻറീനയുടെ മാർക്കോസ് റോഹോയും ചിലിയുടെ മാർസലോ ഡിയാസുമാണ് ചുവപ്പുകണ്ട് പുറത്തായത്. പെനാൽട്ടി ബോക്സിനുള്ളിൽ വച്ച് ഫൌൾ അഭിനയിച്ചതിന് മെസിക്ക് മഞ്ഞക്കാർഡും കണ്ടു. 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now