രാജ്യത്തിൻറെ പല സംസ്ഥാനങ്ങളും കഠിന വരൾച്ച നേരിടുകയാണ്. ഇതേതുടർന്ന് സിഡ്‌നിയിൽ കഴിഞ്ഞ വർഷം മധ്യത്തോടെ ജലോപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഡിസംബർ മധ്യത്തോടെ ഇത് കൂടുതൽ കര്ശനമാക്കിക്കൊണ്ട് ലെവൽ ടു നിയന്ത്രണവും ഏർപ്പെടുത്തി.
ഇതിന് പിന്നാലെയാണ് ടാസ്മേനിയയും ജലോപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
ടാസ്മേനിയ കഴിഞ്ഞ മൂന്ന് വർഷമായി കഠിനമായ വരൾച്ച നേരിടുകയാണ്. മഴയുടെ ലഭ്യതയും കുറവാണ്. ഇതേത്തുടർന്നാണ് ജലോപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
സിർക്കുലാർ ഹെഡ്, കിംഗ് ഐലൻഡ്, വെസ്റ്റ് കോസ്റ്റ്, ഹൂൺ വാലി കൗൺസിലുകൾ ഒഴികെ സംസ്ഥാനത്തിന്റെ പ്രദേശങ്ങളിൽ എല്ലാം നിയന്ത്രണം ബാധകമാണ്.
ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയും പ്രദേശങ്ങളിൽ ജലോപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ടാസ് വാട്ടർ അധികൃതർ പറഞ്ഞു.
ടാസ്മേനിയയുടെ വടക്ക് പടിഞ്ഞാറൻ തീര പ്രദേശമായ ഹൊബാർട്ട് മുതൽ വിൻയാർഡ് വരെയുള്ള പ്രദേശങ്ങളിലാണ് സ്റ്റേജ് വൺ നിയന്ത്രണം. ഓർഫോർഡ് /ട്രയബുന്ന, സ്വാൻസീ, ഓട്ട്ലാന്റ്സ്, ഉൾവർസ്റ്റോൺ, ഗൗളർ, ബ്രിഡ്‌പോർട്, കോൾസ് ബേ, എന്നിവിടങ്ങളിൽ സ്റ്റേജ് ടു നിയന്ത്രണവും, സ്ക്കമാണ്ടറിൽ സ്റ്റേജ് ത്രീ നിയന്ത്രണവുമാണ് നിലവിലുള്ളത്.
തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയന്ത്രണം ഏപ്രിൽ വരെ നീളുമെന്ന് ടാസ് വാട്ടർ അറിയിച്ചു.
കോൺക്രീറ്റ് പ്രതലങ്ങളും ഡ്രൈവ് വെയും മറ്റും വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് നിയന്ത്രണമുണ്ട്. എന്നാൽ നിർമ്മാണത്തിനായോ സുരക്ഷയെ മുൻനിർത്തിയോ ഇത്തരം പ്രതലങ്ങൾ വൃത്തിയാക്കാൻ വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണമില്ല. പൂന്തോട്ടങ്ങൾ നനയ്ക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ജലോപയോഗത്തിന്റെ നിയന്ത്രണം നാല് സ്റ്റേജുകളായാണ് തിരിച്ചിരിക്കുന്നത്.
സ്റ്റേജ് ഒന്ന് നിയന്ത്രണം എന്നാൽ ടാസ് വാട്ടർ നിശ്ചയിച്ചിട്ടുള്ള സമയങ്ങളിൽ മാത്രമേ വെള്ളം ഉപയോഗിക്കാൻ അനുവാദമുള്ളൂ എന്നാണ് .
എന്നാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ളതാണ് സ്റ്റേജ് ടു നിയന്ത്രണം. പൂന്തോട്ടവും ലോണും മറ്റും നനയ്ക്കാനും ഹോസോ ബക്കറ്റോ ഉപയോഗിച്ച് വെള്ളം നനയ്ക്കാനും ചില പ്രത്യേക ദിവസങ്ങളും സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്. ഈ സമയങ്ങളിൽ മാത്രമേ ഇത്തരത്തിൽ ജലോപയോഗത്തിന് അനുവാദമുള്ളൂ.
സ്റ്റേജ് ത്രീ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ ഉള്ളവർ ടാസ് വാട്ടർ നിശ്ചയിട്ടുള്ള ദിവസങ്ങളിലും സമയങ്ങളിലും മാത്രമേ പൂന്തോട്ടവും പുൽത്തകിടിയും മറ്റും നനയ്ക്കാനും മറ്റുമായി വെള്ളം ഉപയോഗിക്കാവു. മാത്രമല്ല, ചില ദിവസങ്ങളിൽ ഇത്തരം ആവശ്യങ്ങൾക്കായി ജലം ഉപയോഗിക്കാനും അനുവാദമില്ല.
സ്റ്റേജ് നാല് നിയന്ത്രണം ബാധകമാകുന്ന പ്രദേശങ്ങളിൽ ഇത്തരം ആവശ്യങ്ങൾക്കായി ജലം ഉപയോഗിക്കുന്നതിൽ തീർത്തും വിലക്കേർപ്പെടുത്തുകയാണ് ചെയ്യുന്നത്.