വ്യാഴാഴ്ച വൈകുന്നേരം മുതലാണ് വിക്ടോറിയയുടെ പല ഭാഗങ്ങളിലും അതി ശക്തമായ കാറ്റും മഴയുമുണ്ടായത്.
സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 158 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശി.
ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞു വീണ് മൂന്നു പേർ മരിച്ചു.
നാലു വയസുള്ള ഒരു ആൺകുട്ടി ഉൾപ്പെടെയാണ് മരണം.
ബ്ലാക്ക്ബേൺ സൗത്തിലാണ് മരം ഒടിഞ്ഞുവീണ് നാലു വയസുകാരന് ഗുരുതരമായി പരുക്കേറ്റത്. ഈ ബാലൻ പിന്നീട് ആശുപത്രിയിൽ വച്ച് മരിച്ചു.

Storm clouds are seen over Melbourne's CBD. Source: AAP
ബെൽഗ്രേവിൽ കാറിനു മുകളിലേക്ക് മരം വീണ് 59കാരനും, ഫേൺഷോയിൽ മറ്റൊരു യൂട്ടിനു മുകളിലേക്ക് മരം വീണ് ഒരു 36കാരിയും മരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഒന്നേകാൽ ലക്ഷത്തോളം വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം നഷ്ടമാകുകയും ചെയ്തു.
ഭൂരിഭാഗം പ്രദേശങ്ങളിലേയും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടുണ്ട്.
കുടിവെള്ളം മലിനമായി
വൈദ്യുതി തടസ്സപ്പെട്ടത് മെൽബണിലെ കുടിവെള്ള വിതരണത്തെയും ബാധിച്ചതായി യാരാ വാലി വാട്ടർ അറിയിച്ചു.
ജലവിതരണ പൈപ്പുകൾ വഴി വിതരണം ചെയ്യുന്ന വെള്ളത്തിലേക്ക്, ശുദ്ധീകരിക്കാത്ത വെള്ളവും കലർന്നതായാണ് യാരാ വാലി വാട്ടർ കണ്ടെത്തിയത്.
ഇത് പൈപ്പ് വെള്ളത്തിന്റെ നിലവാരത്തെ ബാധിച്ചിട്ടുണ്ടെന്ന് അവർ ചൂണ്ടക്കാട്ടി. ഇതേത്തുടർന്നാണ് 88 സബർബുകളിലുള്ളവർക്ക് മുന്നറിയിപ്പ് നൽകിയത്.
പൈപ്പിൽ നിന്നുള്ള വെള്ളം നന്നായി തിളപ്പിക്കാതെ ഉപയോഗിക്കരുത് എന്നാണ് മുന്നറിയിപ്പ്.
കുടിക്കാനോ, പാചകം ചെയ്യാനോ, ഭക്ഷണ വസ്തുക്കൾ കഴുകാനോ തിളപ്പിക്കാത്ത വെള്ളം ഉപയോഗിക്കരുത്.
ബേബി ഫോർമുല തയ്യാറാക്കാനും, പല്ലു തേയ്ക്കാനുമെല്ലാം തിളപ്പിച്ചു മാത്രമേ വെള്ളം ഉപയോഗിക്കാവൂ എന്നാണ് മുന്നറിയിപ്പ്.
താഴെ പറയുന്ന സബർബുകളിലുള്ളവർ ഇതിനകം പൈപ്പ് വെള്ളം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഗ്യാസ്ട്രോ രോഗഗങ്ങൾക്കുള്ള ചെറിയ സാധ്യതകളുണ്ട്.
അസ്വസ്ഥതകൾ തോന്നുകയാണെങ്കിൽ ഡോക്ടറെ കാണണം എന്നാണ് നിർദ്ദേശം.
മുന്നറിയിപ്പുള്ള സബർബുകൾ ഇവയാണ്.

Contaminated water warning has been issued to more than 80 Melbourne suburbs Source: SBS Filipino/Yarra Valley Water