ഒരു ചൈനീസ് ചാരക്കപ്പൽ ഓഗസ്റ്റിലും സെപ്റ്റംബറിലുമായി മൂന്ന് ആഴ്ചയോളം ഓസ്‌ട്രേലിയൻ കടൽത്തീരത്തിന് സമീപം ഉണ്ടായിരുന്നതായി ഓസ്‌ട്രേലിയൻ സർക്കാർ സ്ഥിരീകരിച്ചു.
യുഹെങ്‌സിംഗ് എന്ന ചൈനീസ് രഹസ്യാന്വേഷണ കപ്പൽ ടോറസ് സ്ട്രെയ്റ്റിലൂടെ സഞ്ചരിച്ച് സിഡ്‌നിക്കടുത്ത് വരെ എത്തിയതായാണ് സർക്കാർ വ്യക്തമാക്കിയത്.
ഓസ്‌ട്രേലിയൻ തീരത്തിനടുത്ത് കപ്പലിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി.
ഇതിൽ നിയമ ലംഘനം ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ദക്ഷിണ ചൈനാ കടലിലൂടെ യാത്ര ചെയ്യാൻ അനുമതിയുള്ളതുപോലെ നിയമപരമായി അനുമതിയുള്ള ഇടത്താണ് ചൈനീസ് കപ്പൽ ഉണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
“അവർ നമ്മളെ നിരീക്ഷിച്ചിരുന്നത് പോലെ നമ്മൾ അവരെയും നിരീക്ഷിക്കുകയായിരുന്നു,” പ്രധാനമന്ത്രി വെളിയാഴ്ച പറഞ്ഞു.
ചൈനീസ് കപ്പലിനെ ഓസ്‌ട്രേലിയൻ കപ്പൽ HMAS Supply നിരീക്ഷിക്കുന്ന ചിത്രം പ്രതിരോധ വകുപ്പ് പുറത്തുവിട്ടു.
അതിർത്തിയിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പതിവ് നടപടികളുടെ ഭാഗമായി ഓസ്‌ട്രേലിയ ചൈനീസ് കപ്പൽ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നതായി ആഭ്യന്തര മന്ത്രി കാരൻ ആൻഡ്രൂസ് പറഞ്ഞു.
സുരക്ഷക്കാവശ്യമായ മുൻകരുതലുകൾ ഓസ്‌ട്രേലിയ സ്വീകരിച്ചിരുന്നതായി ട്രഷറർ ജോഷ് ഫ്രൈഡൻബെർഗ് പറഞ്ഞു. ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ അമേരിക്കയും ബ്രിട്ടനുമായുള്ള പുതിയ AUKUS ത്രിരാഷ്ട്ര സഖ്യത്തെ ഈ സാഹചര്യത്തിൽ ട്രഷറർ പ്രശംസിക്കുകയും ചെയ്തു.
ഓരോരുത്തരും സാധ്യമാകുന്ന രീതിയിൽ കൂടുതൽ വിവരങ്ങൾ ലഭിക്കാനുള്ള ശ്രമത്തിലാണെന്നും ഇതിൽ അതിശയിക്കാനില്ല എന്നും അദ്ദേഹം ചാനൽ സെവന്നിനോട് പറഞ്ഞു.
ഓസ്‌ട്രേലിയ നേരിടുന്നത് വെല്ലുവിളി നിറഞ്ഞ അന്തരീക്ഷമാണെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ആവശ്യകത കണക്കിലെടുത്ത് ഓസ്‌ട്രേലിയ അമേരിക്കയും ബ്രിട്ടനുമായി സഖ്യം ചേർന്ന് പുതിയ അന്തർവാഹിനി കരാറിൽ ഏർപ്പെട്ടിരിക്കുന്നതിന്റെ പ്രസക്തി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ചൈനീസ് ചാരക്കപ്പലിന്റെ സാന്നിധ്യം ഇൻഡോ-പസിഫിക്ക് മേഖലയിലെ ഗുരുതരമായ സാഹചര്യമാണ് വ്യക്തമാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ സാഹചര്യത്തിൽ ജാഗ്രത കൈവിടാൻ ആർക്കും കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഓസ്‌ട്രേലിയയുടെ സൈനിക പരിശീലനങ്ങൾ നിരീക്ഷിക്കുന്നതിന് ചൈന മുൻപും സൈനിക കപ്പലുകൾ അയച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്തേക്ക് ജൂലൈയിലും, 2019 ൽ ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയുടെ വാർഷികത്തിന്റെ തലേന്ന് മൂന്ന് യുദ്ധക്കപ്പലുകൾ സിഡ്നി ഹാർബറിലേക്കും അറിയിപ്പൊന്നും ഇല്ലാതെ അയച്ചിരുന്നു.