ഒരു ദിവസം കാട്ടുതീ, തൊട്ടുപിന്നാലെ പേമാരി: മാറിമറിഞ്ഞ് ഓസ്‌ട്രേലിയയിലെ കാലാവസ്ഥ

ഓസ്‌ട്രേലിയന്‍ ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വരണ്ട സെപ്റ്റംബര്‍ മാസത്തിനു പിന്നാലെ, അപകടകരമായ പേമാരിക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

A bushfire seen burning in the distance

A bushfire at Coolagolite continues to burn near homes in the Bega Valley. Source: Supplied / NSW RFS

ഓസ്‌ട്രേലിയയുടെ തെക്ക്-കിഴക്കന്‍ മേഖലകളില്‍ അതിവേഗത്തില്‍ കാലാവസ്ഥ മാറിമറിയുന്നതിനാല്‍ പല ഭാഗത്തും അധികൃതര്‍ അപകടസാധ്യതാ മുന്നറിയിപ്പ് നല്‍കി.

കനത്ത ചൂടും, കാട്ടുതീയും നേരിട്ട പല സ്ഥലങ്ങളിലും വരും ദിവസങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട് എന്നാണ് എന്നാണ് പ്രവചനം.

കാട്ടുതീയില്‍ നിന്ന് ഇത് ആശ്വാസം നല്‍കുമെങ്കിലും, പേമാരിയും, അപകടരമായ കാറ്റും നേരിടാന്‍ ജനങ്ങള്‍ കരുതിയിരിക്കണം എന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

വരണ്ട സെപ്റ്റംബര്‍

ഓസ്‌ട്രേലിയയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വരണ്ട സെപ്റ്റംബര്‍ മാസമാണ് കടന്നുപോയത് എന്നാണ് പ്രമുഖ കാലാവസ്ഥാ നിരീക്ഷണ സ്ഥാപനമായ വെതര്‍സോണ്‍ ചൂണ്ടിക്കാട്ടിയത്.

പല സംസ്ഥാനങ്ങളിലും സെപ്റ്റംബറിലെ താപനില പുതിയ റെക്കോര്‍ഡിലേക്ക് ഉയര്‍ന്നിരുന്നു.

ഓസ്‌ട്രേലിയയില്‍ എല്‍ നിനോ പ്രതിഭാസം ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ്, ആശങ്ക പടര്‍ത്തുന്ന കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ വരുന്നത്.

സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്ത് ശരാശരി 4.88 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചതെന്ന് വെതര്‍സോണിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥ രേഖപ്പെടുത്തി തുടങ്ങിയ 1900നു ശേഷം രാജ്യത്തുണ്ടായ ഏറ്റവും വരണ്ട സെപ്റ്റംബറായിരുന്നു ഇതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
1961 മുതല്‍ 1990 വരെ സെപ്റ്റംബര്‍ മാസങ്ങളില്‍ ശരാശരി ലഭിച്ചിരുന്ന മഴയെക്കാള്‍ 70.8 ശതമാനം കുറവ് മാത്രമാണ് ഇത്തവണ ലഭിച്ചത്.

ശരാശരിയെക്കാള്‍ 2.43 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നു സെപ്റ്റംബറിലെ രാജ്യത്തെ പൊതു താപനിലയും.

വിക്ടോറിയയാണ് ഏറ്റവുമധികം വരള്‍ച്ച നേരിട്ടത്. 168 വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട സെപ്റ്റംബറായിരുന്നു സംസ്ഥാനത്ത്.

തെക്കുകിഴക്കന്‍ ഓസ്‌ട്രേലിയയിലെ പ്രധാന ജലസ്രോതസായ മറേ-ഡാര്‍ലിംഗ് ബേസിനില്‍ സെപ്റ്റംബറില്‍ ശരാശരി ലഭിക്കുന്നതിന്റെ 16 ശതമാനം മാത്രമാണ് ഇത്തവണ ലഭിച്ച മഴ.

കാട്ടുതീയും പേമാരിയും

താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്ന ന്യൂ സൗത്ത് വെയില്‍സിന്റെ പല ഭാഗങ്ങളിലും കാട്ടുതീ പടരുകയാണ്.

നോര്‍തേണ്‍ സ്ലോപ്‌സ്, ഗ്രേറ്റര്‍ ഹണ്ടര്‍, നോര്‍ത്ത് വെസ്‌റ്റേണ്‍ മേഖലകളില്‍ ബുധനാഴ്ചയും സമ്പൂര്‍ണ്ണ ഫയര്‍ ബാനും, അതി തീവ്ര അപകടസാധ്യതാ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.

73 മേഖലകളില്‍ ഇപ്പോഴും കാട്ടുതീ പടരുകയാണ് എന്നാണ് റൂറല്‍ ഫയര്‍ സര്‍വീസ് അറിയിച്ചത്. ബേഗ വാലിയിലെ കാട്ടൂതീ 5,000 ഹെക്ടറിലേറെ പ്രദേശത്തേക്ക് വ്യാപിച്ചിട്ടുണ്ട്.

അതേസമയം, ന്യൂ സൗത്ത് വെയില്‍സിന്റെ തെക്കുഭാഗത്തും, കിഴക്കന്‍ വിക്ടോറിയയിലും പേമാരിയും കാറ്റുമുണ്ടാകും എന്നാണ് മുന്നറിയിപ്പ്.
വിക്ടോറിയയിലെ ആല്‍പൈന്‍ മേഖലയില്‍ 24 മണിക്കൂറില്‍ 130 മില്ലിമീറ്ററിലേറെ മഴയാണ് ലഭിച്ചത്. സംസ്ഥാനത്തെ ഗിപ്സ്ലാന്റ് മേഖലയില്‍ പടര്‍ന്ന കാട്ടുതീ നിയന്ത്രിക്കാന്‍ കാലാവസ്ഥയിലെ ഈ മാറ്റം സഹായിക്കുകയും ചെയ്തു.

വിക്ടോറിയയുടെ കിഴക്കന്‍ മേഖലയിലും, ഉള്‍നാടന്‍ ന്യൂ സൗത്ത് വെയില്‍സിലും ബുധനാഴ്ച 10 മില്ലിമീറ്റര്‍ മുതല്‍ 50 മില്ലിമീറ്റര്‍ വരെ മഴലഭിക്കും എന്നാണ് പ്രവചനം.

ചില ഭാഗങ്ങളില്‍ രണ്ടു ദിവസം കൊണ്ട് 100 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാം.

രണ്ടു മാസത്തില്‍ ലഭിക്കേണ്ട മഴയാകും ചില പ്രദേശങ്ങളില്‍ 48 മണിക്കൂറിനുള്ളില്‍ ലഭിക്കുകയെന്ന് കാലാവസ്ഥാ വകുപ്പിലെ ഏംഗസ് ഹൈന്‍സ് എ ബി സിയോട് പറഞ്ഞു.

വിക്ടോറിയയിലും, NSWലെ പല ഭാഗങ്ങളിലും മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
പല ഭാഗത്തും പെട്ടെന്നുള്ള വെള്ളപ്പൊക്കം, അഥവാ ഫ്‌ളാഷ് ഫ്‌ളഡിംഗ് ഉണ്ടാകാം എന്നും മുന്നറിയിപ്പുണ്ട്.
വെള്ളിയാഴ്ചയോടെ മഴ മാറുമെന്നും, എന്നാല്‍ പല ഭാഗത്തും വീണ്ടും തണുപ്പ് രൂക്ഷമാകുമെന്നും കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടി.

ചിലയിടങ്ങളില്‍ ശരാശരിയെക്കാള്‍ 12 ഡിഗ്രി വരെ താപനില കുറയാം എന്നാണ് പ്രവചനം.

ടാസ്‌മേനിയയിലും, ആല്‍പൈന്‍ മേഖലയിലും മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നുണ്ട്.

Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service