പെർത്തിലെ മെർക്യൂർ ഹോട്ടലിലാണ് ക്വാറന്റൈനിൽ കഴിയുന്നവർക്കിടയിൽ കൊവിഡ് ബാധ പടർന്നത്.
ഇന്ത്യയിൽ നിന്നെത്തിയ വൈറസ് ബാധിതരായ യാത്രക്കാരിൽ നിന്നാണ് ഹോട്ടലിൽ കഴിയുന്ന മറ്റൊരു കുടുംബത്തിന് രോഗം ബാധിച്ചതെന്നാണ് അധികൃതർ കരുതുന്നത്.
കൂടുതൽ അപകടകരമായ യു കെ സ്‌ട്രെയിൻ വൈറസ് ആണ് ഇവരിൽ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്ത്യയിൽ നിന്നെത്തിയ രോഗബാധിതരായ ദമ്പതികൾ താമസിച്ചിരുന്ന മുറിയുടെ എതിർവശത്ത് ക്വാറന്റൈൻ ചെയ്ത രണ്ട് പേർക്കാണ് സമാനമായ തരത്തിലുള്ള വൈറസ് ബാധിച്ചതെന്ന് ജനിതക പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്.
അതിനാൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് താത്കാലിക വിലക്കേർപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് പ്രീമിയർ മാർക്ക് മക് ഗോവൻ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം മാത്രം വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ക്വാറന്റൈൻ ഹോട്ടലിൽ റിപ്പോർട്ട് ചെയ്ത 40 ശതമാനം കേസുകളും ഇന്ത്യയിൽ നിന്ന് തിരിച്ചെത്തിയവരിലായിരുന്നുവെന്നും പ്രീമിയർ ചൂണ്ടിക്കാട്ടി.
ലോകത്തിന്റ മറ്റൊരു ഭാഗത്തും കാണാത്ത വിധത്തിലുള്ള രൂക്ഷമായ മൂന്നാം വ്യാപനമാണ് ഇന്ത്യ നേരിടുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ പേർ ഇന്ത്യയിൽ നിന്ന് തിരിച്ചെത്തുന്നത് ഗൗരവമായി കണക്കാക്കി യാത്രക്കാർക്ക് വിലക്കേർപ്പെടുത്തണമെന്നാണ് പ്രീമിയർ ആവശ്യപ്പെട്ടത്.
രാജ്യാന്തര വിമാനയാത്രക്ക് മുൻപുള്ള കൊവിഡ് പരിശാധനാ നടപടികൾ കർശനമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇത് സംബന്ധിച്ച കാര്യങ്ങൾ ദേശീയ ക്യാബിനറ്റിൽ അവതരിപ്പിക്കുമെന്നും പ്രീമിയർ മക്ഗോവൻ സൂചിപ്പിച്ചു.
മൂന്നാം വ്യാപനത്തോട് പൊരുതുന്ന ഇന്ത്യയിലെ സുഹൃത്തുക്കളെയും വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെയും പിന്തുണയ്ക്കുന്നതായും പ്രീമിയർ പറഞ്ഞു.