ഓസ്ട്രേലിയൻ സർക്കാർ കൊണ്ടുവരുന്ന മീഡിയ ബാർഗൈനിംഗ് കോഡ് നിയമമായി മാറിയാൽ ഓസ്ട്രേലിയയിലെ സെർച്ച് സംവിധാനം നിർത്തലാക്കും എന്നാണ് ഗൂഗിൾ കമ്പനി ഭീഷണി മുഴക്കിയിരിക്കുന്നത്.
വാർത്താ ലിങ്കുകൾ നൽകുമ്പോൾ മാധ്യമസ്ഥാപനങ്ങൾക്ക് ഗൂഗിളും ഫേസ്ബുക്കും പണം നൽകണം എന്നാണ് മീഡിയ ബാർഗൈനിംഗ് കോഡ് നിർദ്ദേശിക്കുന്നത്.
മാധ്യമസ്ഥാപനങ്ങളുമായി ചർച്ച ചെയ്ത് ഈ പ്രതിഫലം ഗൂഗിളും ഫേസ്ബുക്കും തീരുമാനിക്കണം.
എന്തിന് പുതിയ നിയമം?
ഡിജിറ്റൽ രംഗം സജീവമായതോടെ, മാധ്യമങ്ങളുടെ പ്രധാന വരുമാനമാർഗ്ഗമായ പരസ്യങ്ങൾ വൻതോതിൽ കുറഞ്ഞതും, ഇത് പത്രങ്ങൾ അടച്ചുപൂട്ടുന്നതിലേക്ക് വരെ നയിച്ചതുമാണ് ഇത്തരമൊരു നിയമം കൊണ്ടുവരുന്നതിന്റെ കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
സർക്കാരിന്റെ കണക്കുകൾ പ്രകാരം, നിലവിൽ ഓസ്ട്രേലിയയിൽ 100 ഡോളർ ഓൺലൈൻ പരസ്യങ്ങൾക്കായി ചെലവഴിക്കുമ്പോൾ അതിൽ 53 ഡോളർ ഗൂഗിളിനും, 28 ഡോളർ ഫേസ്ബുക്കിനുമാണ് ലഭിക്കുന്നത്.
മറ്റെല്ലാ സ്ഥാപനങ്ങൾക്കുമായി 19 ഡോളർ മാത്രമാണ് കിട്ടുന്നത്.
കഴിഞ്ഞ വർഷം ഗൂഗിൾ 4.3 ബില്യൺ ഡോളർ പരസ്യ ഇനത്തിൽ ഓസ്ട്രേലിയയിൽ നിന്ന് വരുമാനം നേടിയിരുന്നു. ഫേസ്ബുക്ക് 0.7 ബില്യൺ ഡോളറും.
അതേസമയം, വരുമാനം കുറഞ്ഞതോടെ മാധ്യമസ്ഥാപനങ്ങളിൽ നിന്ന് ഒട്ടേറെ പേർക്ക് ജോലി നഷ്ടമാകുകയും, പല സ്ഥാപനങ്ങളും അടച്ചുപൂട്ടുകയും ചെയ്യുന്നു എന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
വാർത്ത അറിയുന്നതിനു വേണ്ടിയാണ് നല്ലൊരു ഭാഗം പേരും ഗൂഗിളിലും ഫേസ്ബുക്കിലും എത്തുന്നതെന്നും, മാധ്യമസ്ഥാപനങ്ങൾ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ സൗജന്യമായി നൽകി പരസ്യം നേടുകയാണ് ഈ ഇന്റർനെറ്റ് സ്ഥാപനങ്ങൾ എന്നുമാണ് പ്രമുഖ മാധ്യമങ്ങളുടെ പരാതി.
എന്നാൽ, മാധ്യമസ്ഥാപനങ്ങളുടെ വെബ്സൈറ്റിലേക്ക് ആളുകളെ നയിക്കുന്ന ഇടനിലക്കാരായി മാത്രമാണ് തങ്ങൾ പ്രവർത്തിക്കുന്നത് എന്നും, അതിൽ നിന്ന് ലാഭമുണ്ടാക്കുന്നില്ല എന്നും ഗൂഗിളും ഫേസ്ബുക്കും വാദിക്കുന്നു.
ഒരു റെസ്റ്റോറന്റിലേക്ക് പോകാൻ ഒരാൾക്ക് വഴി പറഞ്ഞുകൊടുക്കുന്നതിന് പുറമേ, ആ റെസ്റ്റോറനറിന് പണവും നൽകണം എന്ന രീതിയാണ് മീഡിയ ബാർഗൈനിംഗ് കോഡിലൂടെ കൊണ്ടുവരുന്നതെന്ന് ഗൂഗിൾ ആരോപിച്ചു.

A Google message regarding proposed legislation is being presented to Australian users of the company's search engine. Source: Google
ഈ സാഹചര്യത്തിലാണ് ഓസ്ട്രേലിയയിലെ സെർച്ചിൻ എഞ്ചിൻ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകിയത്.
ഗൂഗിൾ പിൻമാറുമ്പോൾ?
നിലവിൽ ഓസ്ട്രേലിയയിലെ ഇന്റര്നെറ്റ് സെർച്ചിന്റെ 94 ശതമാനവും ഗൂഗിൾ വഴിയാണ്.
ഗൂഗിൾ സെർച്ച് അവസാനിപ്പിക്കും എന്ന മുന്നറിയിപ്പിന്റെ അർത്ഥം, ഓസ്ട്രേലിയക്കാർക്ക് ഗൂഗിൾ ഉപയോഗിച്ച് ഇന്റർനെറ്റിൽ ഒന്നും തെരയാൻ കഴിയില്ല എന്നാണ്.
ഗൂഗിൾ ഈ നടപടിയിലേക്ക് കടന്നാൽ പിന്നെ സെർച്ച് എഞ്ചിനുകളായ google.com ഉം, google.com.au യും ഒന്നും ഓസ്ട്രേലിയയിൽ ലഭ്യമാകില്ല.
എന്നാൽ സെർച്ച് എഞ്ചിൻ മാത്രമല്ല ഗൂഗിളിനുള്ളത്. ജി മെയിൽ, യൂട്യൂബ്, ഗൂഗിൾ കലണ്ടർ, ഗൂഗിൾ മാപ്പ് തുടങ്ങി നിരവധി സേവനങ്ങൾ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൾഫബെറ്റ് ഇൻക് നൽകുന്നുണ്ട്.

Google has deployed hardball tactics to try and gut proposed Australian legislation. Source: AAP
ഗൂഗിൾ മാപ്പ് തുടങ്ങിയതു തന്നെ ഓസ്ട്രേലിയയിലായിരുന്നു.
സെർച്ച് എഞ്ചിൻ നിർത്തിയാലും ഈ സേവനങ്ങൾ എല്ലാം തുടരും.
ഗൂഗിൾ വഴിയുള്ള പരസ്യങ്ങളും തുടരും.
എന്നാൽ ഗൂഗിൾ പരസ്യങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന അത്രയും ദൃശ്യത പിന്നീടുണ്ടാകില്ല.
പകരമെന്ത്?
സെർച്ച് അവസാനിപ്പിക്കുമെന്ന ഗൂഗിളിന്റെ മുന്നറിയിപ്പിനു ശേഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ് സ്കോട്ട് മോറിസൻ സർക്കാർ.
ഗൂഗിളുമായി സന്ധി ചെയ്യാൻ ശ്രമിക്കുന്നതിന് പകരം, ബദൽ മാർഗ്ഗങ്ങൾ എന്തെന്ന് പ്രഖ്യാപിക്കുകയാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ ചെയ്തത്.
പ്രധാനമന്ത്രി നിര്ദ്ദേശിക്കുന്ന സെർച്ച് എഞ്ചിൻ Bing ആണ്.
നിലവിൽ ഗൂഗിൾ കഴിഞ്ഞാൽ പിന്നീട് ഓസ്ട്രേലിയയിൽ ഏറ്റവും ഉപയോഗിക്കുന്ന സെർച്ച് എഞ്ചിൻ ആണ് Bing.
മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള Bing, വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനും, MS ഓഫീസ് ടൂൾസിനുമെല്ലാം ഒപ്പം ലഭ്യമാണ്.
ഗൂഗിളിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നടെല്ലയുമായി താൻ സംസാരിച്ചതായും, ഓസ്ട്രേലിയയിൽ Bing സെർച്ച് കൂടുതൽ സജീവമാക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായും പ്രധാനമന്ത്രി പറഞ്ഞു.

Bing Source: SBS Malayalam
പുതിയ നിയമത്തെക്കുറിച്ചും മൈക്രോസോഫ്റ്റുമായി പ്രധാനമന്ത്രി ചർച്ച ചെയ്തിട്ടുണ്ട്.
Yahoo ആണ് ലഭ്യമായ മറ്റൊരു സെർച്ച് എഞ്ചിൻ. സ്വന്തമായി വാർത്താ സേവനവും, ഇമെയിൽ സേവനവുമെല്ലാം Yahoo വും നൽകുന്നുണ്ട്.
പുതിയ നിയമത്തെ യാഹൂ എങ്ങനെ സമീപിക്കുമെന്ന് വ്യക്തമല്ല.
നിർദ്ദിഷ്ട വിപണികളെ ലക്ഷ്യമിട്ടുള്ള മറ്റ് നിരവധി സെർച്ച് എഞ്ചിനുകളും ഓസ്ട്രേലിയയിലുണ്ട്.
ഒരുദാഹരണമാണ് DuckDuckGo എന്ന സെർച്ച് എഞ്ചിൻ. ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ സംരക്ഷിക്കുന്ന സെർച്ച് എഞ്ചിൻ എന്നാണ് ഇവർ അവകാശപ്പെടുന്നത്.
ഒരാൾ സെർച്ച് ചെയ്താലും ആ വിഷയങ്ങൾ ശേഖരിച്ചുവയ്ക്കുകയോ, പിന്നീട് ഉപയോഗിക്കുകയോ ചെയ്യില്ലെന്ന് DuckDuckGo അവകാശപ്പെടുന്നു. ഗൂഗിളും മൈക്രോസോഫ്റ്റുമെല്ലാം ഉപയോക്താക്കളുടെ വിവരങ്ങൾ സൂക്ഷിച്ചുവച്ച് പരസ്യങ്ങൾ നൽകാനായി ഉപയോഗിക്കാറുണ്ട്.
നിലവിൽ ദിവസവും ഒമ്പതു കോടി സെർച്ചുകൾ ഈ പ്ലാറ്റ്ഫോം വഴിയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

DuckDuckGo has risen in popularity thanks to a commitment to privacy. Source: DuckDuckGo
പരിസ്ഥിതി സൗഹൃദമായ സെർച്ച് എന്ന അവകാശവാദമുയർത്തുന്ന ഒരു പ്ലാറ്റ്ഫോമാണ് Ecosia.
സെർച്ചിലൂടെയുള്ള പരസ്യവരുമാനം കൂടുതൽ മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനായി ഉപയോഗിക്കും എന്നാണ് Ecosia പറയുന്നത്.
ഒന്നര കോടി ഉപയോക്താക്കളിൽ നിന്നുള്ള വരുമാനത്തിലൂടെ ഇതുവരെ പത്തു കോടി മരങ്ങൾ വച്ചുപിടിപ്പിച്ചു എന്നും Ecosia അവകാശപ്പെടുന്നു.

Ecosia focuses on sustainability and positive climate impact. Source: Ecosia
കടപ്പാട്: The Conversation