വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവിന്റെ സമ്മര്‍ദ്ദം ഒഴിവാക്കാനായി 14.6 ബില്യണ്‍ ഡോളറിന്റെ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ട്രഷറര്‍ ജിം ചാമേഴ്‌സ് ഫെഡറല്‍ ബജറ്റ് അവതരിപ്പിച്ചത്.
അതിലെ പ്രധാന പദ്ധതികള്‍ ഇവയാണ്:
വൈദ്യുതി സബ്‌സിഡി
വൈദ്യുതി ബില്‍ കുറയ്ക്കാനായി മൂന്ന് ബില്യണ്‍ ഡോളറിന്റെ റിബേറ്റ് പ്രഖ്യാപിച്ചു.
കുടുംബങ്ങള്‍ക്ക് 500 ഡോളര്‍ വൈദ്യുതി റിബേറ്റ് നല്‍കുന്നതിനാണ് ഈ പദ്ധതി.

The budget includes a $14.6 billion package to ease cost of living presures.
നിലവില്‍ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ള ഊര്‍ജ്ജ ബില്‍ റിബേറ്റ്ലഭിക്കുന്നവര്‍ക്കും ഈ പുതിയ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും.
NSW, വിക്ടോറിയ, ക്വീന്‍സ്ലാന്റ്, സൗത്ത് ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ, ടാസ്‌മേനിയ എന്നീ സംസ്ഥാനങ്ങളിലാണ് 500 ഡോളര്‍ വരെ റിബേറ്റ്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ, നോര്‍തേണ്‍ ടെറിട്ടറി, ACT എന്നിവിടങ്ങളില്‍ 350 ഡോളര്‍ വരെയാകും റിബേറ്റ് ലഭിക്കുക.
അര്‍ഹതയുള്ള കുടുംബങ്ങള്‍ അത് ലഭിക്കാനായി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
വൈദ്യുതി ബില്ലില്‍ ഈ റിബേറ്റ് സര്‍ക്കാര്‍ തന്നെ ഉള്‌പ്പെടുത്തും.
ഇതിന് പുറമേ, ബാറ്ററി സൗകര്യമുള്ള സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനായി പലിശ കുറഞ്ഞ വായ്പ അനുവദിക്കാനും പദ്ധതിയുണ്ട്. 1.10 ലക്ഷം വീടുകള്‍ക്ക് ഇത്തരം വായ്പ അനുവദിക്കും.
ഡബിള്‍ ഗ്ലേസിംഗ് ജനാലകള്‍ പോലുള്ള ഊര്‍ജ്ജ സംരക്ഷണ നടപടികള്‍ക്കായും ഈ ലോണ്‍ ലഭിക്കും.
കൂടുതല്‍ ബള്‍ക്ക് ബില്ലിംഗ് GP
കൂടുതല്‍ മെഡികെയര്‍ ബള്‍ക്ക് ബില്ലിംഗ് ജി പി സേവനം ഉറപ്പാക്കാനായി 3.5 ബില്യണ്‍ ഡോളര്‍ ചെലവാക്കും.
പല ജി പിമാരും ബള്‍ക്ക് ബില്ലിംഗ് സേവനം അവസാനിപ്പിക്കുകയും, രോഗികളില്‍ നിന്ന് പണം ഈടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്.
16 വയസില്‍ താഴെയുള്ള കുട്ടികളെയും, പെന്‍ഷന്‍കാരെയും, മറ്റ് കണ്‍സഷന്‍ കാര്‍ഡ് ഉടമകളെയും ചികിത്സിക്കുമ്പോള്‍ ജി പിമാര്‍ക്ക് ലഭിക്കുന്ന മെഡികെയര്‍ ആനൂകൂല്യം മൂന്നിരട്ടിയായി ഉയര്‍ത്താനാണ് തീരുമാനം.
എമര്‍ജന്‍സി വിഭാഗത്തിലെ തിരക്ക് ഒഴിവാക്കാനായി എട്ട് മെഡികെയര്‍ അര്‍ജന്റ് കെയര്‍ ക്ലിനിക്കുകള്‍ കൂടി തുടങ്ങാനും തീരുമാനമായി.
ഫാര്‍മസ്യൂട്ടിക്കല്‍ ബെനഫിറ്റ് സ്‌കീമില്‍ ഉള്‍പ്പെട്ട മരുന്നുകള്‍ രണ്ടു മാസത്തേക്ക് ഒരുമിച്ച വാങ്ങാന്‍ അനുവദിക്കും. ഇതിലൂടെ വര്‍ഷം 180 ഡോളര്‍ വരെ രോഗികള്‍ക്ക് ലാഭിക്കാന്‍ കഴിയും എന്നാണ് സര്‍ക്കാര്‍ പറയുന്നത്.
സാമൂഹ്യ സുരക്ഷാ ആനൂകൂല്യങ്ങള്‍ കൂടും
വിവിധ സാമൂഹ്യ സുരക്ഷാ ആനൂകൂല്യങ്ങളും, ചൈല്‍ഡ് കെയര്‍ സബ്‌സിഡിയും വര്‍്ദ്ധിപ്പിക്കും എന്നാണ് ബജറ്റിലെ പ്രഖ്യാപനം.
വിവിധ സുരക്ഷാ ആനൂകൂല്യങ്ങള്‍ രണ്ടാഴ്ചയില്‍ 40 ഡോളര്‍ വീതമാണ് വര്‍ദ്ധിപ്പിക്കുന്നത്.
ജോബ് സീക്കര്‍, യൂത്ത് അലവന്‍സ്, ഓസ്സ്റ്റഡി, അബ്‌സ്റ്റഡി, യൂത്ത് ഡിസെബിലിറ്റി സപ്പോര്‍ട്ട് പെന്‍ഷന്‍, സ്‌പെഷ്യല്‍ ബെനഫിറ്റ് പേയ്‌മെന്റ് എന്നിവയെല്ലാം കൂടും.

There are many groups who will get more as JobSeeker payments are increased. Source: SBS
എന്നാല്‍ ജീവിതച്ചെലവ് വര്‍ദ്ധിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ നിസാരമായ വര്‍ദ്ധനവ് മാത്രമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് എന്നാണ് ആരോപണം.
ഭൂരിഭാഗം കുടുംബങ്ങള്‍ക്കും ലഭിക്കുന്ന ചൈല്‍ഡ് കെയര്‍ സബ്‌സിഡിയും ജൂലൈ മുതല്‍ കൂടും.
80,000 ഡോളറില്‍ താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ആദ്യ കുട്ടിയുടെ സബ്‌സിഡി 90 ശതമാനമായി ഉയരും.
വരുമാനം ഉയരുമ്പോള്‍ ആനുപാതികമായി സബ്‌സിഡി കുറയും. 5.30 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് കൂടുതല്‍ സബ്‌സിഡി ലഭിക്കും എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഒറ്റയ്ക്ക് കുട്ടികളെ നോക്കുന്ന സിംഗിള്‍ പേരന്റ്‌സിനുള്ള ആനുകൂല്യവും വിപുലമാക്കി.
നിലവില്‍ എട്ടു വയസുവരെയുള്ള കുട്ടിയുണ്ടെങ്കിലാണ് സിംഗിള്‍ പേരന്റ് ആനുകൂല്യം കിട്ടുന്നത്. ഇത് 14 വയസു വരെയാക്കി കൂട്ടും.
വാടക നല്‍കാന്‍ കൂടുതല്‍ സഹായം
ഫെഡറല്‍ സര്‍ക്കാരിന്റെ വാടക സഹായ പദ്ധതി വര്‍ദ്ധിപ്പിച്ചു. 15 ശതമാനം കൂടുതല്‍ സഹായം നല്‍കാനാണ് ബജറ്റ് പ്രഖ്യാപനം.
ആദ്യവീടു വാങ്ങാന്‍ സഹായിക്കുന്ന ഫസ്റ്റ് ഹോം ഗ്യാരന്‌റീ പദ്ധിയുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ വിപുലമാക്കി, കൂടുതല്‍ പേര്‍ക്ക് പദ്ധതി ആനൂകൂല്യം നല്‍കുകയും ചെയ്യും.