ജനുവരി 22 ഞായറാഴ്ചയാണ് ഇത്തവണ ചാന്ദ്രപുതുവർഷം ആഘോഷിക്കുന്നത്.
ചാന്ദ്രപുതുവർഷ ആഘോഷങ്ങൾക്ക് നാലു ഭാഗങ്ങളാണ് ഉള്ളത്. പുതുവർഷദിനത്തിന് ഒരാഴ്ച മുമ്പ് തുടങ്ങുന്ന ലിറ്റിൽ ഇയർ, പ്രാർത്ഥനകൾക്കുള്ള ദിവസം, പുതുവർഷരാവ്, പുനസമാഗമത്തിനും സമ്മാനങ്ങൾ കൈമാറാനുമുള്ള ദിവസം.
തുളക്കുവിളക്കുകളുടെ ഉത്സവം, അഥവാ ലാന്റേൺ ഫെസ്റ്റിവൽ വരെയുള്ള 15 ദിവസങ്ങളിലാണ് ചാന്ദ്ര പുതുവർഷാഘോഷമെന്ന് യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസിൽ ചൈനീസ് ആന്റ് ഏഷ്യൻ സ്റ്റഡീസ് സീനിയർ ലക്ചററായ ഡോ. പാൻ വാംഗ് പറഞ്ഞു.
ചൈനയ്ക്ക് പുറമേ കൊറിയ, വിയറ്റ്നാം, മലേഷ്യ, മംഗോളിയ തുടങ്ങി മറ്റ് ഏഷ്യൻ രാജ്യങ്ങളിലൂം ലൂണാർ ന്യൂ ഇയർ ആഘോഷിക്കാറുണ്ട്.
ലോകമെങ്ങുമുള്ള ഏഷ്യൻ വംശജർ അതത് നാടുകളിലും ചാന്ദ്രപുതുവർഷ ആഘോഷം സംഘടിപ്പിക്കുന്നു.
കിഴക്കനേഷ്യൻ സംസ്കാരം അറിയാനുള്ള വേദി
ചൈനീസ് സംസ്കാരത്തെക്കുറിച്ചും മറ്റ് കിഴക്കനേഷ്യൻ സംസ്കാരങ്ങളെക്കുറിച്ചും മറ്റുള്ളവർക്ക് മനസിലാക്കാനുള്ള അവസരമാണ് ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ മോഡേൺ ചൈനീസ് ലാംഗ്വേജ് പ്രോഗ്രാമിലുള്ള ഡോ. കൈ ഷാംഗ് ചൂണ്ടിക്കാട്ടി.
ദീർഘമായ ചരിത്രവും, അതിഗാഢമായ സാംസ്കാരികതലങ്ങളുമുള്ള ആഘോഷമാണ് ഇതെന്നും ഡോ.ഷാംഗ് പറഞ്ഞു.

നാലായിരം വർഷത്തോളം ചരിത്രമുള്ള ആഘോഷമാണ് ഇത്. ചൈനയിലെ സിയ രാജവംശത്തോളമോ, ഷാങ് രാജവംശത്തോളമോ പഴക്കം.
ലൂണാർ പുതുവർഷം ആഘോഷിക്കുന്നതെങ്ങനെ
തൂക്കുവിളക്കുകൾ ഉൾപ്പെടെയുള്ള അലങ്കാരങ്ങൾ ഒരുക്കുന്നതും, ചുമന്ന കൂടുകൾക്കുള്ളിൽ സമ്മാനങ്ങൾ കൈമാറുന്നതും, കരിമരുന്ന് പ്രയോഗവും, വ്യാളീ-സിംഹ നൃത്തവും, കുടുംബത്തോടൊപ്പമുള്ള അത്താഴവിരുന്നുമെല്ലാം ചാന്ദ്രപുതുവർഷാഘോഷങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണ്.
കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഒത്തുചേർന്ന്, മത്സ്യവിഭവങ്ങളും, ഡംപ്ലിംഗുമെല്ലാമായാണ് ഭക്ഷണം ആസ്വദിക്കുന്നത് – ഡോ. വാംഗ് വിശദീകരിച്ചു.

“ഭാഗ്യവർണ്ണമായാണ് ചുമപ്പിനെ കണക്കാക്കുന്നത്. അതുകൊണ്ടാണ് കൊടിതോരണങ്ങളും, തൂക്കുവിളക്കുകളും, അലങ്കാരങ്ങളുമെല്ലാം ചുമപ്പിൽ നിറയുന്നത്. കുട്ടികൾക്ക് ചുമന്ന കൂടുകൾക്കുള്ളിൽ സമ്മാനം നൽകുന്നതിലൂടെ അവരുടെ വളർച്ചയും ആഘോഷിക്കുകയാണ്.”
ലോകമെമ്പാടും നിന്ന് ലക്ഷക്കണക്കിന് ചൈനീസ് വംശജർ ചൈനയിലേക്ക് യാത്ര ചെയ്യുന്ന സമയം കൂടിയാണ് ഇത്.
കുടുംബവുമായുള്ള ഒത്തുചേരൽ ആഘോഷത്തിലെ പ്രധാന ഘടകമാണെന്ന് 20 വർഷമായി ഓസ്ട്രേലിയയിൽ ജീവിക്കുന്ന ചൈനീസ് വംശജ ഐറിസ് ടാംഗ് ചൂണ്ടിക്കാട്ടി.
ചൈനയിൽ ഇത് നീണ്ട അവധിക്കാലം കൂടിയാണ് എന്നതാണ് ആഘോഷങ്ങളിലെ പ്രധാന വ്യത്യാസമായി ടാംഗ് കാണുന്നത്.
എന്നാൽ ചൈനയായാലും ഓസ്ട്രേലിയയായാലും ഭക്ഷണം തന്നെയാണ് പുതുവർഷാഘോഷങ്ങളിലെ ഏറ്റവും പ്രധാന ഘടകമെന്നും ടാംഗ് പറയുന്നു.
“കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം പുതുവർഷ രാവിൽ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് നൂറുകണക്കിന് ഡംപ്ലിംഗുകൾ ഉണ്ടാക്കും. ചൈനയിലും കാൻബറയിലും അതിനു മാറ്റമില്ല.”
ചൈനീസ് കലണ്ടർ
ചൈനയും ജോർജ്ജിയൻ കലണ്ടറിലേക്ക് മാറിക്കഴിഞ്ഞെങ്കിലും, ലോകമെങ്ങുമുള്ള ചൈനീസ് വംശജർ ഇപ്പോഴും പരമ്പരാഗത കലണ്ടർ ഉപയോഗിക്കുന്നുണ്ട്.
ചാന്ദ്രപുതുവർഷവും, തൂക്കുവിളക്കുകളുടെ ആഘോഷവും, ക്വിങ്മിങ് ഉത്സവവുമെല്ലാം അറിയാനാണ് ഇത്.
വിവാഹത്തിനും, മരണാനന്തര ചടങ്ങുകൾക്കും, വീടു മാറ്റത്തിനും, ബിസിനസ് തുടങ്ങാനുമെല്ലാം വിശേഷപ്പെട്ട ദിവസങ്ങളും ഈ കലണ്ടറിലുണ്ട്.
ചാന്ദ്രവർഷവും സൂര്യവർഷവും ഉൾപ്പെട്ടതാണ് പരമ്പരാഗത ചൈനീസ് കലണ്ടർ എന്ന് ഡോ. വാംഗ് ചൂണ്ടിക്കാട്ടി.
ഭൂമിക്ക് ചുറ്റും ചന്ദ്രൻ കറങ്ങുന്നതും, സൂര്യന് ചുറ്റും ഭൂമി കറങ്ങുന്നതും കണക്കിലെടുത്താണ് ഈ കലണ്ടർ തയ്യാറാക്കിയിട്ടുള്ളത്.
“ചന്ദ്രന്റെ വലിപ്പമനുസരിച്ചാണ് മാസം തുടങ്ങുന്നത്. മറ്റെല്ലാ ചാന്ദ്രവർഷ കലണ്ടറുകളും പോലെ, മാസത്തിൽ 29ഓ 30ഓ ദിനങ്ങളാണ് ഉള്ളത്. വർഷത്തിന്റെ തുടക്കം കണക്കിലെടുക്കുന്നത് സൂര്യവർഷത്തിന്റെ അടിസ്ഥാനത്തിലാണ്,” ഡോ. വാംഗ് പറഞ്ഞു.
ചൈനീസ് കലണ്ടറിന്റെ പല വകഭേദങ്ങളും കിഴക്കനേഷ്യയുടെ വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.
ചാന്ദ്രപുതുവർഷം എപ്പോഴും ജനുവരിയിലോ ഫെബ്രുവരിയിലോ ആണ് ഉണ്ടാവുക.

“ജനുവരി അവസാനഭാഗം മുതൽ ഫെബ്രുവരി പകുതി വരെ എപ്പോഴുമാകാം പുതുവർഷം. ഇത്തവണ ഇത് ഫെബ്രുവരിയിലാണ്,” ഡോ. വാംഗ് പറഞ്ഞു.
തൂക്കുവിളക്കുത്സവം
രണ്ടാഴ്ചയാണ് ചാന്ദ്രപുതുവർഷ ആഘോഷങ്ങൾ നീണ്ടുനിൽക്കുക. പുതുവർഷ രാവ് മുതൽ, ലാന്റേൺ ഫെസ്റ്റിവൽ അഥവാ തൂക്കുവിളക്ക് ഉത്സവം വരെ.
പുതുവർഷത്തിലെ പതിനഞ്ചാം ദിവസമാണ് തൂക്കുവിളക്കുകളുടെ ഉത്സവം നടത്തുന്നതെന്ന് കായ് ഷാങ് പറഞ്ഞു.
വീടുകളിൽ കുട്ടികൾക്കു വേണ്ടി ചെറിയ തൂക്കുവിളക്കുകൾ ഉണ്ടാക്കുകയും, അത് വീടിനു മുന്നിൽ തൂക്കിയിടുകയും ചെയ്യുന്നതാണ് പരമ്പരാഗത രീതി.
ടാങ് രാജവംശം (AD 618-907) വരെ പഴക്കമുള്ളതാണ് ഈ ഉത്സവമെന്നും കായ് ഷാങ് ചൂണ്ടിക്കാട്ടി.
സഹസ്രാബ്ദങ്ങളുടെ ആഘോഷം
പരമ്പരാഗത രീതിയിലെ ചാന്ദ്രപുതുവർഷ ആഘോഷത്തിലെ പല ഘടകങ്ങളും ചൈനയ്ക്ക് പുറമേയുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് യൂണിവേഴ്സിറ്റി ഓഫ് മെൽബണിൽ ചൈനീസ് ട്രാൻസ്ലേഷൻ സ്റ്റഡീസ് സീനിയർ ലക്ചററായ ഡോ. ക്രെയ്ഗ് സ്മിത്ത് വിശദീകരിച്ചു.
ഇതിന് ഒരു ഉദാഹരണമാണ് സിംഹനൃത്തം അഥവാ ലയൺ ഡാൻസ്. ലൂണാർ ന്യൂ ഇയർ പരേഡുകളിലെ പതിവു കാഴ്ചയാണ് ഇത്.
“മധ്യേഷ്യയിൽ നിന്നും പശ്ചിമേഷ്യയിൽ നിന്നും സിൽക്ക് റൂട്ടിലൂടെ ചൈനയിലേക്കെത്തിയ സംസ്കാരങ്ങളിലാണ് ഇതിന്റെ ഉത്ഭവം. നിരവധി സംസ്കാരങ്ങളും, മതങ്ങളും, കലാരൂപങ്ങളുമെല്ലാമാണ് ഇത്തരത്തിൽ ചൈനയിലേക്ക് എത്തിയിട്ടുള്ളത്.” ഡോ. സ്മിത്ത് ചൂണ്ടിക്കാട്ടി.
ഭാഷാപരമായും ചരിത്രപരമായും പരിശോധിക്കുമ്പോൾ ഇതിന് പേർഷ്യൻ രാജ്യങ്ങളുമായി ബന്ധമുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

ചൈനീസ് കലണ്ടർ പ്രകാരം മുയലിന്റെ വർഷമാണ് ഈ ഞായറാഴ്ച തുടങ്ങുന്നത്.
2024 ഫെബ്രുവരി 10 വരെയാണ് മുയലിന്റെ വർഷം നീണ്ടുനിൽക്കുന്നത്.
എന്നാൽ വിയറ്റ്നാമിൽ ഇത് മുയലിന്റെ വർഷമല്ല. മറിച്ച് പൂച്ചയുടെ വർഷമാണ്.
ചൈനീസ് രാശീചക്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുക. 12 വർഷങ്ങൾ ചേരുന്നതാണ് ഒരു രാശീചക്രം.
ഓരോ രാശികളെയും ഓരോ മൃഗങ്ങളാണ് അടയാളപ്പെടുത്തുന്നത്.
എലി, കാള, കടുവ, മുയൽ, വ്യാളി, പാമ്പ്, കുതിര, ആട്, കുരങ്ങ്, പൂവൻകോഴി, നായ, പന്നി എന്നീ മൃഗങ്ങളാണ് രാശികളെ പ്രതിനിധാനം ചെയ്യുന്നത്.
എന്നാൽ വിയറ്റ്നാം സംസ്കാരത്തിൽ മുയലിനു പകരം പൂച്ചയെയും, കാളയ്ക്കു പകരം പോത്തിനെയും ആണ് ആരാധിക്കുന്നത്.

