പ്രതീക്ഷിച്ചതിനെക്കാൾ നേരത്തേ തന്നെ ഓസ്ട്രേലിയയിലെ നാണയപ്പെരുപ്പം പാരമ്യത്തിലേക്ക് എത്തുമെന്ന് കരുതുന്നതായി റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.
നാണയപ്പെരുപ്പം എട്ട് ശതമാനം വരെ ഉയരുമെന്നാണ് റിസർവ് ബാങ്ക് പ്രവചിക്കുന്നത്.
നിലവിൽ 7.3 എന്നതാണ് ഓസ്‌ട്രേലിയയിലെ നാണയപ്പെരുപ്പം.
ഈ വർഷം അവസാനത്തോടെ നാണയപ്പെരുപ്പം എട്ട് ശതമാനത്തിലേക്ക് ഉയരുമെന്നാണ് ബുധനാഴ്ച റിസർവ് ബാങ്ക് ഗവർണർ ഫിലിപ്പ് ലോവ് പ്രസ്താവനയിലൂടെ പറഞ്ഞത്.
എന്നാൽ അടുത്ത വർഷത്തോടെ സ്ഥിതി മെച്ചമായി തുടങ്ങുമെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
രാജ്യത്തെ നാണയപ്പെരുപ്പം 2023 ൽ 4.75 ശതമാനത്തിലേക്ക് കുറയുമെന്നും, 2024 ൽ മൂന്ന് ശതമാനമാകുമെന്നുമാണ് അദ്ദേഹം കണക്ക്കൂട്ടുന്നത്.
ഓസ്ട്രേലിയയിലെ ബാങ്കിംഗ് പലിശ നിരക്ക് 2.85 ലേക്ക് ചൊവ്വാഴ്ച ഉയർത്തിയിരുന്നു. പലിശ നിരക്കിൽ 0.25 ശതമാനത്തിന്റെ വർദ്ധനവാണ് ഇന്നലെ നടപ്പിലാക്കിയത്.
നാണയപ്പെരുപ്പം നിയന്ത്രണത്തിൽ കൊണ്ടുവന്നില്ലെങ്കിൽ ഓസ്‌ട്രേലിയ കഠിനമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുമെന്ന് ഫിലിപ്പ് ലോവ് ചൂണ്ടിക്കാട്ടിയിരുന്നു.
'ബാങ്കിംഗ് പലിശ നിരക്ക് ഇനിയും വർദ്ധിപ്പിക്കേണ്ടി വരും'
നാണയപ്പെരുപ്പം കുറയ്ക്കുന്നതിനായി ബാങ്കിംഗ് പലിശ നിരക്ക് വീണ്ടും ഉയർത്തേണ്ടി വരുമെന്ന് ഫിലിപ്പ് ലോവ് ആവർത്തിച്ച് വ്യക്തമാക്കി.
ഈ വേനലിൽ നാണയപ്പെരുപ്പം എത്രമാത്രം കൂടുന്നുവെന്നത് റിസർവ് ബാങ്ക് നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പലിശ നിരക്ക് വർദ്ധിപ്പിക്കുന്നത് വീട് വായ്‌പയുള്ളവരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
എന്നാൽ നാണയപ്പെരുപ്പം നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനായി കൂടുതൽ ഉയർന്ന വർദ്ധനവ് ആവശ്യമെങ്കിൽ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം അവസാനത്തോടെ 0.25 ശതമാനത്തിന്റെ വർദ്ധനവാണ് പല സാമ്പത്തിക വിദഗ്ദ്ധരും പ്രവചിക്കുന്നത്.
അടുത്ത വർഷം ബാങ്കിംഗ് പലിശ നിരക്ക് 3.85 ശതമാനത്തിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് വെസ്റ്റ്പാക് ബാങ്കിന്റെ പ്രവചനം.
Share



