കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ട ശേഷം 2020 മാർച്ചിലാണ് ലോകാരോഗ്യ സംഘടന വൈറസിന് കൊവിഡ്-19 എന്ന പേര് നൽകിയത്.
ഇതിന് ശേഷം വിവിധ രാജ്യങ്ങളിൽ വച്ച് രൂപമാറ്റം വന്ന കൊവിഡ് വകഭേദങ്ങൾക്ക് യു കെ സ്‌ട്രെയിൻ, സൗത്ത് ആഫ്രിക്ക സ്‌ട്രെയിൻ, ഇന്ത്യൻ വേരിയന്റ് തുടങ്ങി വിവിധ രാജ്യങ്ങളുടെ പേരുകൾ നൽകിയാണ് വിശേഷിപ്പിക്കുന്നത്.
ഇത്തരത്തിൽ ഓരോ രാജ്യങ്ങളുടെ പേരിനോട് ചേർന്ന് വരുന്ന കൊവിഡ് വകഭേദങ്ങളുടെ പേരുകളും, അക്കങ്ങൾ ഉൾപ്പെടുത്തിയുള്ള വിശേഷണവും ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നു എന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.
അതായത് B.1.351 എന്ന സൗത്ത് ആഫ്രിക്കൻ വകഭേദം, B.1.617 എന്ന ഇന്ത്യൻ വേരിയന്റ് എന്നീ ശാസ്ത്രീയ നാമങ്ങൾ കൂടുതൽ സങ്കീർണമാണെന്നാണ് WHO വ്യക്തമാക്കിയത്.
അതിനാൽ, ഈ വകഭേദങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ ഇവയ്ക്ക് ഗ്രീക്ക് പേരുകൾ നൽകിയിരിക്കുകയാണ് ലോകാരോഗ്യസംഘടന. ഗ്രീക്ക് അക്ഷരമാലയിൽ നിന്നുള്ള അക്ഷരങ്ങളാണ് ഇവയ്ക്ക് പേര് ആയി നൽകിയിരിക്കുന്നത്.
ഇതോടെ ബ്രിട്ടീഷ് വേരിയന്റ് ആയ B.1.1.7 ഇനി ആൽഫ എന്നും, സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ B.1.351 വകഭേദം ബീറ്റ എന്നും അറിയപ്പെടും.
കൂടാതെ, P.1 എന്ന ബ്രസീലിയൻ വകഭേദത്തെ ഗാമ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ B.1.617 എന്ന കൊവിഡ് വകഭേദത്തെ രണ്ടായി തിരിച്ചിട്ടുണ്ട്. B.1.617.2, B.1.617.1 വേരിയന്റകൾ ഇനി യഥാക്രമം ഡെൽറ്റ, കാപ്പ എന്നീ പേരുകളിലാകും അറിയപ്പെടുക.
പുതിയ പേരുകൾ നൽകിയെങ്കിലും, നിലവിലെ ശാസ്ത്രീയ നാമത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും, പൊതു ചർച്ചകളിലാണ് പേരുകളിൽ മാറ്റം വരുത്തിയിരിക്കുന്നതെന്നും WHO കൊവിഡ് ടെക്നിക്കൽ ലീഡ് മരിയ വാൻ കേർഖോവേ വ്യക്തമാക്കി.
പൊതുജനങ്ങൾക്കിടയിൽ ശാസ്ത്രീയ നാമങ്ങൾ ഓർത്തുവയ്ക്കാൻ ബുദ്ധിമുട്ടുള്ളതിനാലും, തെറ്റിദ്ധാരണാജനകമാകാൻ സാധ്യതയുള്ളതിനാലുമാണ് പേര് മാറ്റാൻ തീരുമാനിച്ചതെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഗ്രീക്ക് അക്ഷരമാലയിൽ 24 അക്ഷരങ്ങളാണുള്ളത്. ഈ 24 അക്ഷരങ്ങളും വൈറസ് വകഭേദങ്ങൾക്ക് നൽകിക്കഴിഞ്ഞാൽ, മറ്റെന്ത് പേരുകളാവും ഇവയ്ക്ക് നൽകുന്നതെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.
'രാജ്യങ്ങളുടെ പേരുകൾ നൽകുന്നത് വിവേചനപരം'
വിവിധ രാജ്യങ്ങളുടെ പേരിനോട് ചേർത്ത് വൈറസിന്റെ പേര് നൽകിവരുന്ന രീതി വിവേചനപരമാണെന്നും WHO ചൂണ്ടിക്കാട്ടി.
കൊവിഡ് മഹാമാരി തുടങ്ങിയ ശേഷം ഏഷ്യൻ അമേരിക്കക്കാർക്ക് നേരെയുള്ള അക്രമങ്ങൾ വർധിച്ചതായി അമേരിക്കൻ പ്രസിഡന്റ ജോ ബൈഡൻ ഈ മാസമാദ്യം അറിയിച്ചിരുന്നു.
മുൻ അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ് കൊവിഡ് മഹാമാരിയെ 'ചൈന വൈറസ്' എന്ന് ആവർത്തിച്ച് വിശേഷിപ്പിച്ചതും യു എസ് ആന്റി എക്സ്ട്രീമിസം ഗ്രൂപ്പുകൾ എടുത്തുകാട്ടുന്നു.
രൂപമാറ്റം വന്ന കൊവിഡ് വകഭേദങ്ങൾക്ക് പുതിയ പേരുകൾ നൽകാൻ ഇതും ഒരു കാരണമാണെന്ന് WHO അറിയിച്ചു