കൊറോണവൈറസ് ബാധ മൂലം പൊതുജനങ്ങൾക്കും ബിസിനസുകൾക്കുമുണ്ടായ പ്രതിസന്ധി നേരിടാനായി മൂന്നു സാമ്പത്തിക പാക്കേജുകളാണ് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചത്.
ഇതിൽ വ്യക്തികൾക്കും കുടുംബങ്ങൾക്കുമായി നിരവധി സഹായപദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് ആർക്കൊക്കെയാണ് ലഭിക്കുക എന്ന കാര്യമാണ് ഇവിടെ നോക്കുന്നത്.
കൊറോണവൈറസ് സപ്ലിമെന്റ്
കൊവിഡ്-19 ബാധ മൂലം ജോലി നഷ്ടമായവർക്കും, അടുത്ത കാലത്ത് ഓസ്ട്രേലിയയിലേക്കെത്തി ജോലി തേടുന്നവർക്കും, കുട്ടികളുള്ളവർക്കുമെല്ലാം അധിക സാമ്പത്തിക സഹായം നൽകാനാണ് സർക്കാർ പ്രഖ്യാപനം.
വരുമാനമില്ലാത്തവർക്കും, വരുമാനം കുറഞ്ഞവർക്കും സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾക്ക് അർഹരായവർക്ക്, കൊറോണ വൈറസ് സപ്ലിമെന്റ് എന്ന പേരിൽ അധിക സഹായം നൽകും.
രണ്ടാഴ്ച കൂടുമ്പോൾ 550 ഡോളർ വീതമാണ് ഈ കൊറോണവൈറസ് സപ്ലിമെന്റായി ലഭിക്കുക.
നിലവിൽ ഇൻകം സപ്പോർട്ട് ആനുകൂല്യങ്ങൾ ലഭിക്കുന്നവർക്ക് മാത്രമല്ല, പുതുതായി അതിന് അർഹതയുള്ളവർക്കും ഈ സപ്ലിമെന്റ് ലഭിക്കും.
കൂടുതൽ പേരെ ഇതിന്റെ പരിധിയിലേക്ക് കൊണ്ടുവരാനായി മാനദണ്ഡങ്ങളിൽ നിരവധി ഇളവുകളും സർക്കാർ നൽകിയിട്ടുണ്ട്.
പുതുതായി ഈ ആനുകൂല്യത്തിന്റെ പരിധിയിലേക്ക് എത്തുന്നത് താഴെ പറയുന്നവരാണ്:
- സ്ഥിരം ജോലിയിൽ (പെർമനന്റ് ജോബ്) നിന്ന് പിരിച്ചുവിടുകയോ, മാറി നിൽക്കേണ്ടിവരികയോ ചെയ്തവർ
- സ്വയം തൊഴിൽ ചെയ്യുന്നവർ, സോൾ ട്രേഡർ, കാഷ്വൽ ജോലിക്കാർ, കോൺട്രാക്ട് ജീവനക്കാർ എന്നിവരുടെ വരുമാനം രണ്ടാഴ്ചയിൽ 1075 ഡോളറിൽ താഴെയായി കുറഞ്ഞാൽ.
- കൊവിഡ്-19 രോഗം ബാധിച്ച ഒരാളെ പരിചരിക്കുന്നവർ
ഇതിനു പുറമേ, താഴെ പറയുന്ന ആനുകൂല്യങ്ങൾ നിലവിൽ ലഭിക്കുന്നവർക്കും, പുതുതായി അർഹത ലഭിക്കുന്നവർക്കും ഈ സപ്ലിമെന്റ് നൽകും.
ജോബ്സീക്കർ പേയ്മെന്റ്
ഈ മാർച്ച് വരെ ന്യൂസ്റ്റാർട്ട് അലവൻസ് എന്നാണ് അറിയപ്പെട്ടിരുന്നത്. 22 വയസിനും പെൻഷൻ പ്രായത്തിനും ഇടയിലുള്ള, തൊഴിൽ തേടുന്നവർക്കുള്ളതാണ് ഈ ആനുകൂല്യം. അസുഖം മൂലമോ, പരുക്ക് മൂലമോ ജോലി ചെയ്യാൻ കഴിയാത്തവർക്കും ഇത് ലഭിക്കും.
പാർട്ണർ അലവൻസ്, വിധവാ അലവൻസ്, സിക്ക്നെസ് അലവൻസ്, ഭാര്യാ പെൻഷൻ തുടങ്ങിയവ ലഭിക്കുന്നവർക്കും ബാധകം.
യൂത്ത് അലവൻസ്
16 വയസിനും 24 വയസിനും ഇടയിലുള്ള, ജോലിക്കായി ശ്രമിക്കുകയോ പഠിക്കുകയോ ചെയ്യുന്നവർക്ക് നൽകുന്ന ആനുകൂല്യമാണ് ഇത്.
ആബ്സ്റ്റഡി
ആദിമവർഗ്ഗവിഭാഗത്തിലെ വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യം
ഓസ്-സ്റ്റഡി
25 വയസിനു മേൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും അപ്രന്റീസ്മാർക്കും നൽകുന്ന സഹായം
പേരന്റിംഗ് പേയ്മെന്റ്
കൊച്ചു കുട്ടികളുള്ള മാതാപിതാക്കൾക്ക് ലഭിക്കുന്ന സഹായം
സ്പെഷ്യൽ ബെനഫിറ്റ്
സ്വന്തം നിയന്ത്രണത്തിലല്ലാത്ത കാരണങ്ങൾ കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർക്കുള്ള സഹായം
മാനദണ്ഡങ്ങളിൽ ഇളവ്
ജോബ്സീക്കർ പേയ്മെന്റും, യൂത്ത് അലവൻസും നൽകുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാർച്ച് 25 മുതൽ ഇളവുണ്ട്. താഴെ പറയുന്ന നിബന്ധനകൾ ഇളവു ചെയ്തു നൽകി
- അസറ്റ് ടെസ്റ്റ്- എത്രത്തോളം സ്വത്തുണ്ട് എന്നത്
- സാധാരണയുള്ള വെയിറ്റിംഗ് കാലാവധി
- ലിക്വിഡ് അസറ്റ് വെയിറ്റിംഗ് കാലാവധി
- പുതുതായി ഓസ്ട്രേലിയയിലെത്തിയവർക്കുള്ള വെയിറ്റിംഗ് കാലാവധി.
പുതുതായി ഓസ്ട്രേലിയിലേക്ക് കുടിയേറിയവർക്ക് രണ്ടു വർഷം മുതൽ നാലു വർഷം വരെ കഴിഞ്ഞാൽ മാത്രമേ ഈ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നുള്ളൂ.
എന്നാൽ കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, അടുത്ത കാലത്ത് ഓസ്ട്രേലിയയിലെത്തിയവർക്കും ജോബ്സീക്കർ അലവൻസോ, പേരന്റിംഗ് പേയ്മെന്റോ പോലുള്ള ആനുകൂല്യവും, അതിനൊപ്പം കൊറോണവൈറസ് സപ്ലിമെന്റും ലഭിക്കും.
സാധാരണ ലഭിക്കേണ്ട ആനുകൂല്യത്തിന് പുറമേയാകും സപ്ലിമെന്റ് ലഭിക്കുന്നത്. അതായത്, ജോലി തേടുന്ന ഒരാൾക്ക് മറ്റ് വരുമാനം ഒന്നുമില്ലെങ്കിൽ ജോബ്സീക്കർ പേയ്മെന്റായി 550 ഡോളറും, കൊറോണവൈറസ് സപ്ലിമെന്റായി 550 ഡോളറും ഉൾപ്പെടെ, രണ്ടാഴ്ച കൂടുമ്പോൾ 1100 ഡോളർ കിട്ടും.
വരുമാനം ലഭിക്കുന്നതിന് ആനുപാതികമായി ഇതിൽ ആദ്യഭാഗത്തെ തുകയിൽ കുറവുണ്ടാകും. എന്നാൽ സപ്ലിമെന്റ് തുകയായ 550 ഡോളർ ഈ ആനുകൂല്യത്തിന്റെ പരിധിയിൽ വരുന്ന എല്ലാവർക്കും പൂർണമായി ലഭിക്കും.
പങ്കാളിയുടെ വരുമാനം
ജോബ്സീക്കർ പേയ്മെന്റ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ ജീവിതപങ്കാളിയുടെ വരുമാനവും കണക്കിലെടുക്കും. ഇതുവരെയുള്ള വ്യവസ്ഥ പ്രകാരം വർഷം 48,100 ഡോളറിൽ (രണ്ടാഴ്ച കൂടുമ്പോൾ 1850 ഡോളർ) കൂടുതൽ പങ്കാളിക്ക് വരുമാനമുണ്ടെങ്കിൽ ആനുകൂല്യം ലഭിക്കില്ല.
എന്നാൽ ഇത് 79,762 ഡോളറായി ഉയർത്തി. അതോടെ കൂടുതൽ പേർക്ക് ഈ ആനുകൂല്യവും, കൊറോണവൈറസ് സപ്ലിമെന്റും ലഭിക്കും.
ജോബ് കീപ്പർ പേയ്മെന്റ്
വരുമാനത്തിൽ 30 ശതമാനത്തിലേറെ നഷ്ടമുണ്ടായ ബിസിനസുകൾക്ക് ജീവനക്കാരെ നിലനിർത്താനായി രണ്ടാഴ്ചയിലൊരിക്കൽ 1500 ഡോളർ വീതം നൽകും.
മാർച്ച് ഒന്നിന് ശമ്പളപ്പട്ടികയിൽ ഉണ്ടായിരുന്നവർക്കാണ് ഇത് ലഭിക്കുന്നത്. മാർച്ച് ഒന്നിനു ശേഷം പിരിച്ചുവിടുകയോ മാറിനിൽക്കാൻ ആവശ്യപ്പെടുകയോ ചെയ്ത ജീവനക്കാർക്കും ഈ വേതനം ലഭിക്കും.
തൊഴിലുടമകൾ ഇത് ജീവനക്കാർക്ക് നൽകുക എന്നാണ് നിർദ്ദേശം. ടാക്സ് ഓഫീസ് വഴി സർക്കാർ ഈ തുക തൊഴിലുടമകൾക്ക് തിരിച്ചു നൽകും.
ഇതിന് അർഹരാകുന്നത് താഴെ പറയുന്ന ജീവനക്കാരാണ്
- പൂർണസമയ ജീവനക്കാർ
- പാർട്ട്-ടൈം ജീവനക്കാർ
- 12 മാസമെങ്കിലും ജോലി ചെയ്ത കാഷ്വൽ ജീവനക്കാർ
- സോൾ ട്രേഡർമാർ
- സബ്ക്ലാസ് 444 വിസയിലുള്ള ന്യൂസിലന്റ് പൗരൻമാർ
ജോബ്സീക്കർ ആനുകൂല്യത്തിനായി അപേക്ഷിച്ചവർക്ക് രണ്ടും കൂടി ലഭിക്കില്ല. തൊഴിലുടമയുമായി സംസാരിച്ച്, ഏതു വേണമെന്ന് തീരുമാനിക്കണം.
എക്കണോമിക് സപ്പോർട്ട് പേയ്മെന്റ്
താഴെ പറയുന്ന ആനുകൂല്യങ്ങൾ നിലവിൽ ലഭിക്കുന്നവർക്ക് ഒറ്റത്തവണ സഹായമായി 750 ഡോളർ നൽകും. മാർച്ച് 31 മുതലാകും ഇത് നൽകി തുടങ്ങുക.
ഇവർക്ക് കൊറോണവൈറസ് സപ്ലിമെന്റ് ലഭിക്കുന്നില്ലെങ്കിൽ ജൂലൈ 13 ന് 750 ഡോളർ കൂടി അധികസഹായം നൽകും.
- Age Pension
- Disability Support Pension
- Carer Payment
- Carer Allowance
- Parenting Payment
- Wife Pension
- Widow B Pension
- ABSTUDY (Living Allowance)
- Austudy
- Bereavement Allowance
- Newstart Allowance
- JobSeeker Payment
- Youth Allowance
- Partner Allowance
- Sickness Allowance
- Special Benefit
- Widow Allowance
- Farm Household Allowance
- Family Tax Benefit A
- Family Tax Benefit B
- Double Orphan Pension.
എങ്ങനെ അപേക്ഷിക്കാം
എക്കണോമിക് സപ്പോർട്ട് പേയ്മെന്റ് ലഭിക്കാൻ പ്രത്യേകം അപേക്ഷിക്കണ്ടതില്ല. നിലവിൽ നിർദ്ദിഷ്ട ആനുകൂല്യങ്ങൾ ലഭിക്കുന്നവരുടെ അക്കൗണ്ടിലേക്ക് അത് എത്തും.
കൊറോണവൈറസ് സപ്ലിമെന്റ് ലഭിക്കാനും നിലവിൽ ജോബ്സീക്കർ അലവൻസ് പോലുള്ളവ ലഭിക്കുന്നവർ പ്രത്യേകം അപേക്ഷിക്കണ്ട.
എന്നാൽ പുതുക്കിയ മാനദണ്ഡങ്ങളുടെ ഭാഗമായി ഇത് ലഭിക്കാൻ അർഹതയുള്ളവും, ജോലി നഷ്ടമായവരും MyGov വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം. വെബ്സൈറ്റിൽ ലോഗിൻ ചെയ്യുമ്പോൾ തന്നെ "കൊവിഡ്-19 ബാധ മൂലം സഹായം തേടുന്നുണ്ടോ" എന്നു ചോദിക്കും.
അതേ എന്ന് ഉത്തരം നൽകി രജിസ്റ്റർ ചെയ്താൽ സെൻട്രൽ ലിങ്കിൽ നിന്ന് നിങ്ങളെ ബന്ധപ്പെടും.
നിലവിൽ സെന്റർ ലിങ്കിന്റെ കസ്റ്റമർ റെഫറൻസ് നമ്പർ (CRN) ഇല്ലാത്തവരാണെങ്കിൽ 132 850 എന്ന നമ്പരിൽ ബന്ധപ്പെട്ട് അത് ലഭ്യമാക്കാം.
എന്നാൽ മറുപടി ലഭിക്കാനുംകൂടുതൽ വിവരങ്ങൾ ലഭിക്കാനും കാലതാമസം ഉണ്ടാകാമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ആനുകൂല്യങ്ങൾക്കായി ബന്ധപ്പെടുന്നവരുടെ എണ്ണം അത്ര അധികമാണ്.
Australians must stay at least 1.5 metres away from other people. Indoors, there must be a density of no more than one person per four square metres of floor space.
If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.
If you are struggling to breathe or experiencing a medical emergency, call 000.