2017ലെ ആൻസാക് ദിനത്തിലാണ് എപ്പിംഗിലുള്ള റീഡിങ് സിനിമാസിന്റെ ടിക്കറ്റ് കൗണ്ടറിൽ വച്ച് സിൽവാന സബാഗ്ലിയ എന്ന 54 കാരിക്ക് പോപ്പ് കോണിൽ തെന്നി വീണ് പരിക്കേറ്റത്.
സംഭവത്തെത്തുടർന്ന് ഗുരുതര ക്ഷതമേറ്റ സിൽവാനയുടെ ഇടുപ്പെല്ല് പൂർണ്ണമായും മാറ്റിവയ്‌ക്കേണ്ടി വന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടാഴ്ച നീണ്ട റീഹാബിലിറ്റേഷൻ ചികിത്സയും ആവശ്യമായി വന്നുവെന്നാണ് സിൽവാന പറയുന്നത്.
ചികിത്സക്ക് പിന്നാലെ ഇവർ റീഡിങ് സിനിമാസിനെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു. തറ വൃത്തിയാക്കുന്നതിൽ റീഡിങ് സിനിമാസ് വീഴ്ച വരുത്തിയെന്നും, തിയറ്റർ ഉടമകളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നും ആരോപിച്ചാണ് സിൽവാന നിയമനടപടിയുമായി മുമ്പോട്ടു പോയത്.
എന്നാൽ ഈ ആരോപണം റീഡിങ് സിനിമാസ് തള്ളിക്കളഞ്ഞു. സിൽവാനയുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്നായിരുന്നു സിനിമാസിന്റെ വാദം.
എന്നാൽ ജനങ്ങൾക്ക് അപകടമുണ്ടാകാത്ത രീതിയിൽ പരിസരം വൃത്തിയായി സൂക്ഷിക്കാൻ റീഡിംഗ് സിനിമാസിന് ഉത്തരവാദിത്തമുണ്ടെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.
സിൽവാനക്ക് നേരിടേണ്ടി വന്ന ഇടുപ്പെല്ല് മാറ്റിവക്കൽ ശസ്ത്രക്രിയയുടെ ചെലവും ഇവർക്കുണ്ടായ വേദനയും ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് 4,10,000 ഡോളർ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.
സംഭവം നടന്ന് രണ്ട് വർഷത്തിന് ശേഷം തനിക്ക് ലഭിച്ച അനുകൂല വിധിയിൽ ആശ്വാസമുണ്ടെന്ന് സിൽവാന മാധ്യമങ്ങളോട് പറഞ്ഞു.