Key Points
- ചൂതാട്ടം മൂലം സാമ്പത്തികവും മാനസികവുമായ പ്രതിസന്ധികൾ നേരിടാം
- സാംസ്കാരിക പശ്ചാത്തലങ്ങൾ സഹായം തേടാൻ തടസ്സമാകാം.
- ചൂതാട്ടത്തിന് അടിമപ്പെടുന്നവരെ സഹായിക്കുന്നതിനായി കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹായം ആവശ്യമായി വരും
ഓസ്ട്രേലിയയിൽ ചൂതാട്ടം നിയമവിധേയമായതിനാൽ പലരും അതിന് അടിമയായി മാറാനുള്ള സാധ്യത കൂടുതലാണ്.
ഓൺലൈനായും ഓഫ്‌ലൈനായും ചൂതാട്ടത്തിൽ ഏർപ്പെടുന്നവർ ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് തുടക്കത്തിൽ അറിയണമെന്നില്ല എന്ന് സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി പ്രൊഫസർ സാലി ഗെയിൻസ്‌ബറി ചൂണ്ടിക്കാട്ടുന്നു.
ഒളിഞ്ഞിരിക്കുന്ന ലഹരി എന്നാണ് ചൂതാട്ടം അറിയപ്പെടുന്നത്. ഒരാളെ കണ്ടതുകൊണ്ടോ, അടുത്ത് പെരുമാറിയതുകൊണ്ടോ അയാൾ ചൂതാട്ടത്തിന് അടിമയാണോ എന്നു മനസിലാകണമെന്നില്ല.സാലി ഗെയിൻസ്ബറി, സിഡ്നി സർവകലാശാലയിലെ സൈക്കോളജി പ്രൊഫസർ
സിഡ്‌നി യൂണിവേഴ്സിറ്റിയിലെ ചൂതാട്ട ചികിത്സാ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറാണ് പ്രൊഫ ഗെയ്ൻസ്ബറി.
ചൂതാട്ടത്തിന് അടിമകളാകുന്നവരുടെ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് സങ്കീർണമായ കാര്യമാണെന്ന് പ്രൊഫസർ ചൂണ്ടിക്കാട്ടി. ഈ വ്യക്തിക്ക് ചുറ്റുമുള്ളവർക്കും ഇത് ബാധകമാണ്.
പ്രശ്നത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നവർ ഒട്ടേറെ സാഹചര്യങ്ങളിൽ വീണ്ടും ചൂതാട്ടത്തിന് അടിമകളാകുന്നതായി പ്രൊഫസർ പറയുന്നു.

ചൂതാട്ടത്തിൽ ഏർപ്പെടുന്ന മുതിർന്നവരിൽ 7.2% പേർ ചൂതാട്ടം മൂലമുള്ള പ്രതിസന്ധികൾ നേരിടുന്നതായാണ് ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആന്റ് വെൽഫെയറിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നത്.
ബഹുസ്വര സമൂഹത്തിൽ നിന്നുള്ളവർ (CALD) മറ്റുള്ള സമൂഹങ്ങളിൽ നിന്നുള്ളവരെ അപേക്ഷിച്ച് ചൂതാട്ടത്തിൽ കൂടുതലായി ഏർപ്പെടുന്നില്ല എന്ന് പഠനം പറയുന്നു. എന്നാൽ ചൂതാട്ടത്തിന്റെ ദോഷവശങ്ങൾ ഈ സമൂഹങ്ങളിൽ ഉള്ളവർ കൂടുതലായി നേരിടാൻ സാധ്യതയുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
സാംസ്കാരികമായ പശ്ചാത്തലങ്ങൾ സഹായം തേടുന്നതിൽ നിന്ന് പിന്മാറാൻ കാരണമാകുന്നതായി ന്യൂ സൗത്ത് വെയിൽസിലെ ഓഫീസ് ഓഫ് റെസ്പോൺസിബിൾ ഗാംബ്ലിങ്ങിന്റെ ഡയറക്ടർ നതാലി റൈറ്റ് കൂട്ടിച്ചേർത്തു.
കൗൺസിലിംഗ് എന്നത് പല സമൂഹങ്ങളിലും പരിചിതമല്ലാത്ത ഒരു പാശ്ചാത്യ ആശയമാണ്. ഇക്കാരണത്താൽ വിവരങ്ങൾ കുടുംബത്തിൽ നിന്ന് പുറത്ത്‌പോകാൻ പാടില്ല എന്ന ധാരണയാണ് പലർക്കുമുള്ളത്.നതാലി റൈറ്റ്, ന്യൂ സൗത്ത് വെയിൽസിലെ ഓഫീസ് ഓഫ് റെസ്പോൺസിബിൾ ഗാംബ്‌ളിംഗിന്റെ ഡയറക്ടർ

പ്രതിസന്ധിയിലാകുന്നത് ഒറ്റയ്ക്കല്ല
പ്രോബ്ലം ഗാംബ്‌ളിംഗുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി ചൂതാട്ടത്തിന് അടിമപ്പെടുന്ന വ്യക്തിയുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പ്രതികൂലമായി ബാധിക്കാം. ബന്ധങ്ങളിൽ സമ്മർദ്ദം നേരിടാനും പ്രതികൂലമായ മറ്റ് പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം..
''ഇക്കാരണത്താൽ ചൂതാട്ടത്തിന് അടിമയായിട്ടുള്ള വ്യക്‌തി അതിൽ നിന്ന് മാറുവാൻ ശ്രമിച്ചാലും ഇല്ലെങ്കിലും മറ്റുള്ളവർ സഹായം തേടേണ്ടത് ആവശ്യമാണ്. ഇത് ചൂതാട്ടത്തിൽ നിന്ന് രക്ഷപ്പെടുവാൻ ശ്രമിക്കുന്ന വ്യക്തിയെയും സഹായിക്കും,'' എന്ന് പ്രൊഫ ഗെയ്ൻസ്ബറി വിശദീകരിക്കുന്നു.

പ്രോബ്ലം ഗാംബ്‌ളിംഗിന്റെ അഥവാ ചൂതാട്ടത്തിന്റെ അടിമത്തത്തിൽ നിന്ന് കരകയറുവാൻ ശ്രമിക്കുന്ന വ്യക്തിയാണ് ആദം*.
ആദത്തിന്റെ അടുത്ത ബന്ധുക്കളെയും ഇത് ബാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവർ ചൂതാട്ടത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളെ പിന്തുണയ്ച്ചതായും കൂട്ടിച്ചേർത്തു.
വിദഗ്ദ്ധരുടെ സഹായം തേടിയത് സാഹചര്യത്തെ നല്ല രീതിയിൽ നേരിടാൻ ബന്ധുക്കൾക്ക് സഹായമായതായി ആദം പറയുന്നു.
ഗാംബ്‌ളേഴ്‌സ് അനോണിമസ് എന്ന കൂട്ടായ്മയാണ് സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി ആദത്തിന് ഏറ്റവും വലിയ സഹായമായതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം അനുഭവങ്ങൾ പങ്കുവയ്ക്കുന്ന വനിതകളും പുരുഷന്മാരും ഉൾപ്പെട്ട ഒരു കൂട്ടായ്മയാണ് ഗാംബ്‌ളേഴ്‌സ് അനോണിമസ്.
ചിലർ ഓരോ ആഴ്ചയും കൗൺസിലിങ്ങിന് പോകുന്നു, അല്ലെങ്കിൽ ജോലി മാറുന്നു, വ്യത്യസ്തമായ പരിപാടികളിൽ ഏർപ്പെടുന്നു, കൂടുതൽ വ്യായാമം ചെയ്യുന്നു. പ്രശ്ന പരിഹാരത്തിനായി പല മാർഗ്ഗങ്ങളുണ്ട്.ചൂതാട്ടത്തിൽ നിന്ന് കരകയറുവാൻ ശ്രമിക്കുന്ന വ്യക്തിയാണ് ആദം*
എന്നാൽ ഓരോ വ്യക്തിയും വ്യത്യസ്തമാണെന്നും ഓരോരുത്തരുടെയും പ്രശ്നം പരിഹരിക്കുന്നതിനായി വ്യത്യസ്തമായ മാർഗ്ഗങ്ങൾ ഉണ്ടാകുമെന്നും ആദം കരുതുന്നു.

ഏതൊരു സഹായവും ഈ സന്ദർഭത്തിൽ ഉപകാരപ്രദമാകാമെന്നാണ് പ്രൊഫസർ ഗെയ്ൻസ്ബറി പറയുന്നത്.
ഒരു വിമാനത്തിൽ അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ മറ്റുള്ളവരെ സഹായിക്കുന്നതിന് മുമ്പ് ഓക്സിജൻ മാസ്ക് ധരിക്കാൻ യാത്രക്കാരോട് നിർദ്ദേശിക്കുന്നത് പോലെ ചൂതാട്ടത്തിന്റെ പ്രശ്‌നങ്ങൾ നേരിടുന്നതിന് ആദ്യം സ്വയം സഹായം തേടണമെന്ന് ഗെയ്ൻസ്ബറി ചൂണ്ടിക്കാട്ടി.
പ്രതിസന്ധി നേരിടുന്നവർ ഒറ്റയ്ക്കല്ല എന്നറിയേണ്ടത് പ്രധാനമാണ് ...പല രീതിയിലുമുള്ള സഹായം ലഭ്യമാണ്പ്രൊഫസർ ഗെയ്ൻസ്ബറി.

ഫോൺ, ഓൺലൈൻ അല്ലെങ്കിൽ നേരിട്ട് കൗൺസലിംഗ് സേവനങ്ങൾ സംസ്ഥാന സർക്കാരുകളുടെ പദ്ധതികളിലൂടെ ലഭ്യമാണ്.
ബഹുസ്വര സമൂഹങ്ങളിൽ നിന്നുള്ളവർ ചൂതാട്ടത്തിന് അടിമപ്പെടുന്ന സാഹചര്യത്തിൽ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ ന്യൂ സൗത്ത് വെയിൽസ് സർക്കാർ പ്രത്യേക ക്യാമ്പയിൻ നടപ്പിലാക്കിയിട്ടുണ്ട് (The Number that Changed our Life).
സഹായം ആവശ്യമുള്ളവർക്ക് Gamble Aware ന്റെ നമ്പറിൽ ബന്ധപ്പെടാം (1800 858 858).
Gamble Aware ന്റെ വെബ്‌സൈറ്റിൽ അറബിക്, ചൈനീസ്, ഹിന്ദി, കൊറിയൻ, വിയറ്റ്നാമീസ് എന്നിവയുൾപ്പെടെ അഞ്ച് കമ്മ്യൂണിറ്റി ഭാഷകളിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്.
സാമ്പത്തികമായ പ്രശ്ങ്ങൾക്ക് പരിഹാരം കാണുന്നതിനായി സഹായിക്കുന്ന ഫൈനാൻഷ്യൽ കൗൺസലിംഗും ലഭ്യമാണ്.
ചൂതാട്ടത്തെ തുടർന്നുള്ള സാമ്പത്തിക നഷ്ടങ്ങളും കട ബാധ്യതകളും നേരിടുന്ന കുടുംബാംഗങ്ങൾക്ക് ഫൈനാൻഷ്യൽ കൗൺസലിംഗിന്റെ സഹായം തേടാവുന്നതാണെന്ന് റൈറ്റ് ചൂണ്ടിക്കാട്ടുന്നു.
ഒട്ടേറെപ്പേർ അനൗദ്യോഗികമായ രീതിയിൽ സഹായം തേടാൻ താൽപര്യപ്പെടുന്നു. ജിപിയിൽ നിന്ന് അല്ലെങ്കിൽ, സമൂഹിക നേതാക്കൾ, മത നേതാക്കൾ, അല്ലെങ്കിൽ കുടുംബത്തിൽ നിന്ന് തന്നെയുള്ള സഹായം.പ്രൊഫസർ ഗെയ്ൻസ്ബറി.
'ന്യൂ സൗത്ത് വെയിൽസിൽ 50 ലേറെ ഭാഷകളിൽ കൗൺസിലിംഗ് ലഭ്യമാണ്' എന്ന് റൈറ്റ് ചൂണ്ടിക്കാട്ടി.
ചൂതാട്ടത്തിന് അടിമപ്പെടുന്നവരെ വിദഗ്ധരുടെ സഹായം തേടാൻ പ്രോത്സാഹിപ്പിക്കുന്നത് പ്രധാന ഘടകമാണെന്നും റൈറ്റ് കൂട്ടിച്ചേർത്തു.
*Not his real name.
For help call or click on the links below:
· National Gambling Helpline on 1800 858 858

