എന്താണ് സെൻസസ്?
ഓരോ അഞ്ചു വർഷം കൂടുമ്പോഴും ഓസ്ട്രേലിയൻ ജനസംഖ്യയും അതിന്റെ വിതരണവും സ്വഭാവസവിശേഷതകളും എല്ലാം അറിയുന്നതിനുള്ള കണക്കെടുപ്പ് നടക്കാറുണ്ട്.
സെൻസസ് ഓഫ് പോപ്പുലേഷൻ ആന്റ് ഹൗസിംഗ് എന്നാണ് ഔദ്യോഗികമായി ഇതിനെ വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഓസ്ട്രേലിയൻ ജനതയിൽ എത്രത്തോളം മാറ്റമുണ്ടായി എന്ന ഔദ്യോഗികമായ ചിത്രമാണ് സെൻസസ് നൽകുന്നത്.
അറിയേണ്ട കാര്യങ്ങൾ
- ഓഗസ്റ്റ് 10 ചൊവ്വാഴ്ചയാണ് ഈ വർഷത്തെ സെൻസസ് രാവ്
- സെൻസസിൽ പങ്കെടുക്കേണ്ടത് നിർബന്ധിതമാണ്. പങ്കെടുക്കാതിരുന്നാൽ കനത്ത പിഴ ലഭിക്കാം
- 2016ൽ സെൻസസ് വെബ്സൈറ്റ് പ്രവർത്തനരഹിതമായിരുന്നു. ഇതേത്തുടർന്ന് പൂർണമായും നവീകരിച്ച ഒരു കമ്പ്യൂട്ടർ സംവിധാനമാണ് ഇത്തവണ ഉപയോഗിക്കുന്നത്.
എന്തൊക്കെയാണ് സെൻസസിലെ ചോദ്യങ്ങൾ?
സെൻസസ് ഫോമിൽ 60 ചോദ്യങ്ങളാണ് ഉണ്ടാവുക. പങ്കെടുക്കുന്നവരുടെ പ്രായം, ലിംഗം, വിവാഹിതരോ അല്ലയോ, വീട്ടിലെ അംഗങ്ങൾ, ജോലി തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഉൾപ്പെടും.
ഭാഷ, സംസ്കാരം എന്നിവയും സെൻസസിലെ ഒരു സുപ്രധാന ഭാഗമാണ്.
“നിങ്ങളുടെ സംസ്കാരത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ സെൻസസിലുണ്ടാകും,” ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിലെ സെൻസസ് വിഭാഗം മേധാവി ക്രിസ് ലിബറി പറയുന്നു.
നിങ്ങൾ വീട്ടിൽ ഏതു ഭാഷയാണ് സംസാരിക്കുന്നത്, എവിടെയാണ് ജനിച്ചത്, നിങ്ങളുടെ മാതാപിതാക്കൾ എവിടെ ജനിച്ചവരാണ് അങ്ങനെയുള്ള ചോദ്യങ്ങൾ.
കുടിയേറ്റരാജ്യമായ ഓസ്ട്രേലിയയയുടെ ജനസംഖ്യ എങ്ങനെയാണ് രൂപപ്പെട്ടിരിക്കുന്നത് എന്ന കാര്യം വ്യക്തമായി അറിയുന്നതിനു വേണ്ടിയാണ് ഇത്.

ഓരോ ഭാഷ സംസാരിക്കുന്നവരുടെയും എണ്ണം സെൻസസ് കഴിയുമ്പോൾ പ്രസിദ്ധീകരിക്കാറുണ്ട്.
ഓസ്ട്രേലിയയിൽ മലയാളികളുടെ എണ്ണം കഴിഞ്ഞ പത്തു വർഷം കൊണ്ട് എട്ടു മടങ്ങിലേറെ വർദ്ധിച്ചത് സെൻസസിലൂടെയാണ് വ്യക്തമായത്.
ഈ വർഷത്തെ സെൻസസിൽ രണ്ട് പുതിയ ചോദ്യങ്ങളുമുണ്ടാകും – ഓസ്ട്രേലിയൻ സൈന്യത്തിൽ ജോലി ചെയ്തിട്ടുണ്ടോ എന്നും, ദീർഘകാല രോഗങ്ങളെക്കുറിച്ചും.
പ്രമേഹം, സന്ധിവാതം തുടങ്ങിയ ആരോഗ്യസാഹചര്യങ്ങളെക്കുറിച്ചുള്ള ഈ ചോദ്യം, ദേശീയ തലത്തിൽ ആരോഗ്യനയ രൂപീകരണത്തെ സഹായിക്കാനാണ്.
സെൻസസ് രാവ്
ഓഗസ്റ്റ് 10 ചൊവ്വാഴ്ചയാകും സെൻസസ് രാവ് എന്നാണ് ABS അറിയിച്ചിരിക്കുന്നത്.
സെൻസസ് രാവിൽ ഓസ്ട്രേലിയയിലുള്ള ജനങ്ങളുടെ എണ്ണമാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ, ആ ദിവസം സെൻസസ് പൂരിപ്പിക്കുക എന്നതാണ് ആശയം.

പക്ഷേ, സെൻസ് ഫോം പൂരിപ്പിക്കാനായി നിങ്ങൾ ഓഗസ്റ്റ് 10 വരെ കാത്തിരിക്കേണ്ടതില്ല. നിങ്ങളുടെ വീട്ടിലേക്കുള്ള പ്രത്യേക സെൻസ് നമ്പരും താൽക്കാലിക പാസ്വേർഡും കിട്ടിയാൽ ഉടൻ തന്നെ അത് പൂരിപ്പിക്കാൻ കഴിയും.
എല്ലാ വീടുകളിലേക്കും ഇത് അയച്ചുനൽകും.
ഓൺലൈനിൽ സെൻസസ് പൂരിപ്പിക്കുന്നതാണ് ഉചിതമെങ്കിലും, അതിനു കഴിയില്ലെങ്കിൽ പേപ്പർ ഫോമിനായി ആവശ്യപ്പെടാം.
എന്തിന് സെൻസിൽ പങ്കെടുക്കണം?
ഓസ്ട്രേലിയയിലെ ഒരു കോടിയിൽപ്പരം വിടുകളിൽ നിന്ന് രണ്ടര കോടിയിലേറെ പേരുടെ വിശദാംശങ്ങളാണ് സെൻസസിൽ ശേഖരിക്കുക.
ഇതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ സർക്കാർ നയരൂപീകരണത്തിൽ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. ആരോഗ്യം, ഗതാഗതം, സ്കൂളുകൾ, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയവയ്ക്കെല്ലാം ഈ വിവരം ഉപയോഗിക്കും.
ബിസിനസുകളും മറ്റ് സാമൂഹിക സേവനങ്ങൾ നൽകുന്നവരുമെല്ലാം ഈ വിവരം ഉപയോഗിക്കാറുണ്ട്.
മാത്രമല്ല, ഏതെങ്കിലും ഒരു പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കാനും സെൻസസ് കണക്കുകൾ സഹായകരമാകും. പ്രാദേശിക ക്ലബുകൾ നിർമ്മിക്കാനും,സൂപ്പർമാർക്കറ്റുകളിൽ ഏതെല്ലാം ഉത്പന്നങ്ങൾ വേണമെന്നോ, ലൈബ്രറിയിൽ ഏതെല്ലാം ഭാഷയിലെ പുസ്തകങ്ങൾ വേണമെന്നോ എല്ലാം തീരുമാനിക്കാനും ഇത് പ്രയോജനപ്പെടാം.
ആരൊക്കെ പങ്കെടുക്കണം?
വോട്ടിംഗ് പോലെ, സെൻസസും ഓസ്ട്രേലിയയിൽ നിർബന്ധിതമാണ്.
ഒരു വ്യത്യാസം മാത്രം.
വോട്ട് ചെയ്യാൻ നിങ്ങൾ ഓസ്ട്രേലിയൻ പൗരനാകണം. എന്നാൽ, പൗരനല്ലെങ്കിലും, ഏതു വിസയിലുള്ള ആളാണെങ്കിലും നിങ്ങൾ സെൻസസിൽ പങ്കെടുക്കണം.
സെൻസസ് രാവിൽ നിങ്ങൾ ഉറങ്ങുന്നത് ഓസ്ട്രേലിയയിലാണെങ്കിൽ, സെൻസസിൽ പങ്കെടുക്കണം. നിങ്ങളുടെ പൗരത്വവുമായി അതിന് ബന്ധമില്ല ക്രിസ് ലിബ്രറി, സെൻസസ് മേധാവി
അനുവദനീയമായ കാരണമില്ലാതെ സെൻസസിൽ പങ്കെടുക്കാതിരുന്നാൽ കനത്ത പിഴ ലഭിക്കാം.
സെൻസസിൽ പങ്കെടുക്കാതിരുന്നാൽ അത് കോടതിയിലെത്തുന്ന കേസായി മാറാമെന്നും, കോടതിയാണ് പിഴ വിധിക്കുകയെന്നും ക്രിസ് ലിബ്രറി പറഞ്ഞു.
1,000 ഡോളറോളമാണ് സാധാരണ പിഴ നൽകുന്നത്.
എന്നാൽ, കഴിഞ്ഞ സെൻസസ് കഴിഞ്ഞപ്പോൾ രണ്ടര കോടി ഓസ്ട്രേലിയക്കാരിൽ 100ൽ താഴെ പേർ മാത്രമാണ് കോടതിയിലെത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശ നയതന്ത്രപ്രതിനിധികൾക്കും കുടുംബത്തിനും മാത്രമാണ് സെൻസസിൽ പങ്കെടുക്കുന്നതിൽ ഇളവുള്ളത്.
നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാണോ?
2016ൽ സൈബർ ആക്രമണത്തെ തുടർന്ന് ABSന് വെബ്സൈറ്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്നിരുന്നു.

ഓസ്ട്രേലിയൻ ജനതയുടെ സ്വകാര്യത സംരക്ഷിക്കാനായി ഉചിതമായ നടപടിയാണ് ABS സ്വീകരിച്ചതെന്ന് സെനറ്റ് സമിതി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, സെൻസസിൽ പങ്കെടുക്കുന്നവരുടെ പേരും വിലാസവും ശേഖരിക്കുന്നത് സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കയ്ക്ക് കാരണമാകുന്നു എന്നും സമിതി റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
എന്നാൽ, വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ആരുമായും ABS പങ്കുവയ്ക്കില്ലെന്ന് ക്രിസ് ലിബ്രറി പറഞ്ഞു. സർക്കാർ വകുപ്പുകൾക്ക്പോലും ഇത് ലഭിക്കില്ല.
നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് എൻക്രിപ്റ്റ് ചെയ്താണ് പേരും വിവരങ്ങളും സെർവറിലേക്ക് പോകുന്നതെന്നും, ABSന് മാത്രമേ അത് ലഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

