വരുന്ന രണ്ടു വർഷങ്ങളിൽ ഓസ്ട്രേലിയയിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം മുൻവർഷങ്ങളെക്കാൾ കുറവായിരിക്കും എന്നാണ് ഫെഡറൽ സർക്കാരിന്റെ കീഴിലുള്ള സെന്റർ ഫോർ പോപ്പുലേഷൻ വിലയിരുത്തുന്നത്.
കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മൂലം പല ദമ്പതികളും കുട്ടികൾക്കായി ശ്രമിക്കുന്നത് മാറ്റിവയ്ക്കുന്നു എന്ന് പോപ്പുലേഷൻ സെന്റർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
2021ൽ ഓസ്ട്രേലിയയിലെ പ്രജനന നിരക്ക് ഒരു സ്ത്രീക്ക് 1.59 കുഞ്ഞുങ്ങൾ എന്ന നിലയിലായിരിക്കും എന്നാണ് വിലയിരുത്തൽ.
2018ൽ ഇത് 1.7 കുഞ്ഞുങ്ങൾ എന്ന നിരക്കായിരുന്നു.
2011മുതൽ തന്നെ ഓസ്ട്രേലിയയിലെ പ്രജനന നിരക്ക് കുറയുന്നുണ്ടെങ്കിലും, 2021ൽ അതിൽ കനത്ത ഇടിവുണ്ടാകും എന്നാണ് സെന്റർ ഫോർ പോപ്പുലേഷന്റെ വിലയിരുത്തൽ.
ഇതോടൊപ്പം, കൊവിഡ് മൂലമുള്ള അതിർത്തി നിയന്ത്രണങ്ങളും, കുടിയേറ്റം കുറഞ്ഞതും കൂടിയാകുമ്പോൾ രാജ്യത്തെ ജനസംഖ്യാ വളർച്ചാ നൂറു വർഷത്തിനു മുകളിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തും.
ഒന്നാം ലോകമഹായുദ്ധകാലത്തേക്കാൾ കുറഞ്ഞ ജനസംഖ്യാ വളർച്ചാനിരക്കാകും രാജ്യത്തുണ്ടാവുകയെന്ന് ആക്ടിംഗ് കുടിയേറ്റകാര്യമന്ത്രി അലൻ ടഡ്ജ് പറഞ്ഞു.
വിദേശത്തു നിന്നുള്ള കുടിയേറ്റമാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഓസ്ട്രേലിയൻ ജനസംഖ്യാ വർദ്ധനവിന്റെ 60 ശതമാനം ഭാഗവും.
27 ലക്ഷത്തോളമാണ് ഓസ്ട്രേലിയയിലെ കുടിയേറ്റ ജനസംഖ്യ.
എന്നാൽ അതിർത്തി അടച്ചിട്ടതും, രാജ്യാന്തര വിദ്യാർത്ഥികൾ എത്തിച്ചേരാത്തതും ഇതിനെ കാര്യമായി ബാധിക്കും.
ഓസ്ട്രേിലയയിലേക്ക് ഏറ്റവുമധികം വിദ്യാർത്ഥികൾ എത്തുന്ന ഇന്ത്യയും ബ്രസീലും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊവിഡ് രൂക്ഷമായി തുടരുന്നത് ദീർഘകാലത്തേക്ക് വിദ്യാർത്ഥികളുടെ വരവിനെ ബാധിക്കാം എന്നാണ് റിപ്പോർട്ട്.
കൊവിഡ് ഇല്ലായിരുന്നുവെങ്കിൽ 2021 അവസാനിക്കുമ്പോൾ ഓസ്ട്രേലിയയിൽ ഉണ്ടാകുമായിരുന്ന ജനസംഖ്യയെക്കാൾ 2.15 ലക്ഷം പേർ കുറച്ചുമാത്രമാകും ഇനി ഉണ്ടാകുക എന്നാണ് ഇതിൽ പറയുന്നത്.
ഒന്നാം ലോകമഹായുദ്ധകാലത്ത് ലക്ഷക്കണക്കിന് പേർ യുദ്ധത്തിൽ പങ്കെടുക്കാനായി പോയപ്പോഴാണ് ഇതിനു മുമ്പ് നിരക്ക് ഇങ്ങനെ കുറഞ്ഞത്.
വീടുനിർമ്മാണ മേഖലയെ രൂക്ഷമായി ബാധിക്കും
ജനസംഖ്യയിലെ ഈ കുറവ് ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് ഭവനനിര്മ്മാണ മേഖലയെ ആയിരിക്കുമെന്നാണ് ഫെഡറൽ സർക്കാരിന് കീഴിലെ നാഷണൽ ഹൗസിംഗ് ഫിനാൻസ് ആന്റ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ചൂണ്ടിക്കാട്ടുന്നത്.
വീടുകളുടെയും അപ്പാർട്ട്മെന്റുകളുടെയും ആവശ്യകതയിൽ നേരത്തേ പ്രതീക്ഷിച്ചിരുന്നതിനെക്കാൾ 1.29 ലക്ഷം മുതൽ 2.32 ലക്ഷം വരെ കുറവുണ്ടാകും. അടുത്ത മൂന്നു വർഷമാണ് ആവശ്യകത ഇങ്ങനെ ഇടിയുക.
2019ൽ 1,62,000 പുതിയ ഭവനങ്ങളാണ് നിർമ്മിച്ചത്.
ഈ വർഷം അത് 1,37,000 ആയും, അടുത്ത വർഷം 1,08,00 ആയും കുറയും.
2022ൽ 72,000 ഭവനങ്ങൾ മാത്രമേ പുതുതായി നിർമ്മിക്കൂ എന്നാണ് വിലയിരുത്തൽ.
ഇത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ അതീവ രൂക്ഷമായി ബാധിക്കും എന്നാണ് മുന്നറിയിപ്പ്.
ഈ സാഹചര്യത്തിൽ ഹോം ബിൽഡർ പദ്ധതി കൂടുതൽ വ്യാപിപ്പിക്കണമെന്നും, പുതിയ കുടിയേറ്റ നയം രൂപീകരിക്കണമെന്നും പ്രോപ്പർട്ടി കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.