പെട്രോൾ, ഡീസൽ വിലവർദ്ധനവ് പിടിച്ചുനിർത്താനായി സർക്കാർ പ്രഖ്യാപിച്ച എക്സൈസ് തീരുവ ഇളവ് സെപ്റ്റംബർ 28 ബുധനാഴ്ചയാണ് അവസാനിക്കുന്നത്.
ഇതോടെ, വ്യാഴാഴ്ച മുതൽ ഇന്ധനവില വർദ്ധിക്കാം എന്നാണ് മുന്നറിയിപ്പ്.
ലിറ്ററിന് 25 സെന്റ് വില കൂടും. എന്നാൽ നിലവിലെ സ്റ്റോക്ക് തീരുന്നതിന് അനുസരിച്ച് മാത്രമേ പുതിയ വില പ്രാബല്യത്തിൽ വരൂ എന്ന് സർക്കാർ സൂചിപ്പിച്ചു.
അതിനാൽ പല സർവീസ് സ്റ്റേഷനുകളിലും വ്യത്യസ്ത സമയങ്ങളിലാകും വില കൂടുക.
എക്സൈസ് തീരുവയിലെ ഇളവ് നീട്ടില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
യുക്രൈൻ യുദ്ധം നീണ്ടുപോകുകയും, യൂറോപ്പിൽ ശൈത്യകാലം തുടങ്ങുകയും ചെയ്യുന്നതോടെ ഇന്ധനവില വീണ്ടും കൂടാനാണ് സാധ്യത.
വിലവർദ്ധനവിന്റെ ആഘാതം കുറയ്ക്കാൻ പല മാർഗ്ഗങ്ങളാണ് ഉള്ളത്
ചുറ്റും നോക്കുക
എല്ലാ പെട്രോൾ സ്റ്റേഷനിലും ഒരേ വിലയല്ല ഇന്ധനത്തിന് ഉള്ളത്. ഒരു റോഡിന്റെ ഇരുവശവുമുള്ള പെട്രോൾ സ്റ്റേഷനുകളിൽ വലിയ വില വ്യത്യാസം കാണാറുണ്ട്.
നിങ്ങളുടെ സമീപത്ത് എവിടെയാണ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും ലഭിക്കുന്നത് എന്നറിയാൻ നിരവധി മൊബൈൽ ഫോൺ ആപ്പുകളും വെബ്സൈറ്റുകളുമാണ് ഇപ്പോഴുള്ളത്.
ഇവ ഉപയോഗിച്ച് അൽപമൊന്ന് ഗവേഷണം നടത്തിയാൽ ഇന്ധനച്ചെലവിൽ കാര്യമായ ലാഭമുണ്ടാകുമെന്ന് NRMA വക്താവ് പീറ്റർ ഖൗറി ചൂണ്ടിക്കാട്ടുന്നു.
അതായത്, കാറിലെ പെട്രോൾ തീരാറാകുമ്പോൾ തൊട്ടടുത്ത് കാണുന്ന പമ്പിൽ കയറി പെട്രോൾ നിറയ്ക്കാൻ ശ്രമിക്കരുത്.
ന്യൂ സൗത്ത് വെയിൽസിൽ സർക്കാരിന്റെ FuelCheck വെബ്സൈറ്റും ആപ്പും പെട്രോൾ വിലയിലെ മാറ്റങ്ങൾ തത്സമയം കാട്ടിത്തരും.
വെസ്റ്റേൺ ഓസ്ട്രേലിയയിൽ FuelWatch ഉം, നോർതേൺ ടെറിട്ടറിയിൽ MyFuel NTയും സമാനമായ സേവനങ്ങൾ നൽകുന്നുണ്ട്.
സൗത്ത് ഓസ്ട്രേലിയയ്ക്കും ക്വീൻസ്ലാന്റിനും സർക്കാർ സൈറ്റുകളോ ആപ്പുകളോ ഇല്ലെങ്കിലും, സർക്കാർ തന്നെ ചില സ്വകാര്യ സൈറ്റുകൾ നിർദ്ദേശിക്കുന്നുണ്ട്.

വിക്ടോറിയയിലും ACTയിലും സർക്കാർ സൈറ്റുകളോ, സർക്കാരിൽ നിന്നുള്ള നിർദ്ദേശങ്ങളോ ഇല്ല. എന്നാൽ, ദേശീയ തലത്തിൽ വിലനിലവാരം രേഖപ്പെടുത്തുന്ന ആപ്പുകളും സൈറ്റുകളും ഇവിടെയും ഉപയോഗിക്കാൻ കഴിയും.
ഉപഭോക്തൃസംഘടനയായ ചോയിസ് അംഗീകരിച്ചിട്ടുള്ള ഒരു ആപ്പാണ് PetrolSpy. 90 ശതമാനം കൃത്യമാണ് ഇതിലെ വില നിലവാരം എന്നാണ് റിവ്യൂകൾ പറയുന്നത്.
7-Eleven നൽകുന്ന My 7-Eleven എന്ന ആപ്പിൽ ഒരു ഫ്യൂവൽ ലോക്ക് സംവിധാനമുണ്ട്.
ഏറ്റവും കുറഞ്ഞ വിലയിൽ ഇന്ധനം ലഭിക്കുന്ന 7-Eleven സ്റ്റേഷൻ കണ്ടുപിടിക്കാനും, ആ വില ഏഴു ദിവസത്തേക്ക് ലോക്ക് ചെയ്തു വയ്ക്കാനും കഴിയും.
മറ്റേത് 7-Eleven സ്റ്റേഷനിൽ നിന്നും ഈ ലോക്ക് ചെയ്ത വിലയിൽ ഇന്ധനം നിറയ്ക്കാം.
കോൾസും, വൂൾവർത്സും പോലുള്ള സൂപ്പർമാർക്കറ്റുകളിൽ നിന്ന് നിശ്ചിത വിലയ്ക്ക് സാധനം വാങ്ങിയാൽ ഇന്ധനവിലയിൽ ഡിസ്കൗണ്ട് ലഭിക്കുന്ന കൂപ്പൺ കിട്ടും. ഇതും വിലയിൽ നേരിയ ലാഭം നേടാൻ സഹായിക്കും.
വില എങ്ങോട്ടെന്ന് അറിയാം
പെട്രോൾ, ഡീസൽ വിലയിലെ മാറ്റം എപ്പോഴും ചാക്രികമാണ്. എങ്ങനെയാണ് ഈ ചക്രം ചലിക്കുന്നതെന്ന് ഓസ്ട്രേലിയൻ കോംപറ്റീഷൻ ആന്റ് കൺസ്യൂമർ കമ്മീഷൻ (ACCC) നിരീക്ഷിക്കാറും രേഖപ്പെടുത്താറുമുണ്ട്.
സിഡ്നി, മെൽബൺ, പെർത്ത്, അഡ്ലൈഡ്, ബ്രിസ്ബൈൻ എന്നീ നഗരങ്ങളിലെ വിലയുടെ പ്രവണത എന്താണെന്ന് ACCC വെബ്സൈറ്റിലെ ഈ ചാർട്ടുകളിലൂടെ അറിയാം.
വില കൂടുകയാണോ കുറയുകയാണോ എന്ന് മനസിലാക്കുന്നതിലൂടെ പെട്രോൾ നിറയ്ക്കുന്ന കാര്യത്തിൽ കൃത്യമായ പ്ലാനിംഗ് സാധ്യമാകും.
തിങ്കൾ മുതൽ വെള്ളിവരെ എല്ലാ ദിവസവും ഉച്ചയ്ക്ക് ഈ ചാർട്ട് പുതുക്കും.
ചാർട്ടിലെ പ്രവണത മനസിലാക്കാൻ കഴിഞ്ഞാൽ ലിറ്ററിന് 30 സെന്റുവരെ ലാഭിക്കാമെന്ന് NRMAയിലെ പീറ്റർ ഖൗറി പറഞ്ഞു.
ചൊവ്വാഴ്ച നല്ല ദിവസമോ?
ചൊവ്വാഴ്ചയാണ് പെട്രോളടിക്കാൻ നല്ല ദിവസം എന്നാണ് ഓസ്ട്രേലിയയിലെ കാഴ്ചപ്പാട്.
ചൊവ്വാഴ്ചകളിലായിരുന്നു പെട്രോൾ വില ഏറ്റവും കുറഞ്ഞു നിന്നിരുന്നത്.
എന്നാൽ, ആ രീതിയിൽ മാറ്റം വന്നുകഴിഞ്ഞുവെന്ന് പീറ്റർ ഖൗറി പറയുന്നു.
അതിനു പകരം ACCC വെബ്സൈറ്റിലെ പ്രവണത നോക്കുന്നതാണ് ഇപ്പോൾ ലാഭകരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരം കുറയ്ക്കുക
വാഹനങ്ങളുടെ ഇന്ധനക്ഷമത കൂട്ടാൻ ചില പൊടിക്കൈകളും അദ്ദേഹം നിർദ്ദേശിക്കുന്നു.

കാറിൽ അനാവശ്യമായി എന്തെങ്കിലുമൊക്കെ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ എടുത്തുമാറ്റുക എന്നതാണ് ഏറ്റവും പ്രധാനം. കാറിന്റെ ഭാരം കുറയുമ്പോൾ ഇന്ധനക്ഷമത കൂടും.
അനാവശ്യമായ AC ഉപയോഗം ഒഴിവാക്കുക, ടയറിലെ വായുസമ്മർദ്ദം കൃത്യമായി നിലനിർത്തുക, കൺട്രിസൈഡിൽ യാത്ര പോകുമ്പോൾ ഗ്ലാസുകൾ അടച്ചിടുക തുടങ്ങിയ കാര്യങ്ങളും അദ്ദേഹം നിർദ്ദേശിക്കുന്നു.
നല്ല കാറ്റുള്ള ദിവസം കൺട്രി സൈഡിൽ ഗ്ലാസ് തുറന്നിട്ട് കാറോടിക്കാൻ രസമായിരിക്കും, പക്ഷേ വാഹനം മുന്നോട്ടുപോകാൻ കൂടുതൽ ഇന്ധനം കത്തിക്കേണ്ടിവരും എന്നാണ് അദ്ദേഹം പറയുന്നത്.

