നാല് മാസത്തോളം സൈക്കിൾ ചവിട്ടിയാണ് ക്ലിഫിൻ ഫ്രാൻസിസ് റഷ്യയിലെത്തിയത്. സൈക്ലിങിലും ഫുടബോളിലും ഒരു പോലെ താല്പര്യമുള്ള ക്ലിഫിൻ ഒരു സാധാരണ ഹൈബ്രിഡ് സൈക്കിളാണ് ഈ ദീർഘയാത്രക്ക് തെരഞ്ഞെടുത്തത്.
ചേർത്തലയിൽ ഫ്രീലാൻസ് ഗണിതശാസ്ത്ര അധ്യാപകനായ ഇദ്ദേഹം ദുബായിൽ നിന്നും സൈക്കിൾ വാങ്ങി ഇറാൻ പോർട്ടിൽ നിന്നുമാണ് സൈക്കിൾ സവാരിക്ക് തുടക്കമിട്ടത്. വീട്ടിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും എതിർപ്പുകൾ നേരിട്ടെങ്കിലും ആത്മവിശ്വാസം മുറുകെപ്പിടിച്ച് യാത്ര തുടങ്ങിയ ക്ലിഫിൻ ഇറാൻ, അസർബൈജാൻ എന്നീ രാജ്യങ്ങൾ കടന്നാണ് റഷ്യയിലെത്തിയത്.
വിവിധ രാജ്യങ്ങളിലൂടെ വ്യത്യസ്ത കാലാവസ്ഥയിൽ മണിക്കൂറുകളോളം സൈക്കിൾ ചവിട്ടുമ്പോൾ ജനങ്ങളിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്ന് ക്ലിഫിൻ പറയുന്നു. വഴിയിൽ കണ്ടുമുട്ടിയവർ ഭക്ഷണവും വെള്ളവും നൽകുകയും കിടപ്പാടം ഒരുക്കി കൊടുക്കുകയും ചെയ്തു. ഇതൊരു വ്യത്യസ്ത അനുഭവമായിരുന്നു എന്നും ക്ലിഫിൻ കൂട്ടിച്ചേർക്കുന്നു. കൂടാതെ വിരുന്നൊരുക്കിയും കല്യാണങ്ങൾക്ക് ക്ഷണിച്ചും ഇവർ തന്നെ സ്വീകരിച്ചതായി ഇദ്ദേഹം പറയുന്നു.

Source: Facebook/clifin feancis

Clifin Francis being treated by the people he met in Iran Source: Facebook/clifin francis
പൊതുവിൽ അപകട സാധ്യത കൂടുതൽ നിലനിക്കുന്നതായി അറിയപ്പെടുന്ന ഇറാനിലാണ് തനിക്ക് ഏറ്റവും സന്തോഷം നിറഞ്ഞ അനുഭവം ഉണ്ടായതെന്നും ക്ലിഫിൻ ഓർക്കുന്നു.
"ഇറാനിൽ തങ്ങിയ ദിവസങ്ങളിൽ മുസ്ലിം പള്ളിയിലാണ് രാത്രി കിടക്കാൻ സൗകര്യം ലഭിച്ചത്. ജാതിയും മതവും അന്വേഷിക്കാതെ തന്നെ ഇറാനിലെ ആളുകൾ തനിക്കു കിടക്കാനായി മുസ്ലിം പള്ളി ഒരുക്കി തരികയായിരുന്നു," ക്ലിഫിൻ ഫ്രാൻസിസ് എസ് ബി എസ് മലയാളത്തോട് വ്യക്തമാക്കി.
അർജന്റീനയുടെ താരമായ ലയണൽ മെസ്സിയുടെ ആരാധകനാണ് ക്ലിഫിൻ. ഇദ്ദേഹത്തെ കണ്ടു മുട്ടുക എന്ന സ്വപ്നവുമായായാണ് ക്ലിഫിൻ റഷ്യയിലെത്തിയത്. എന്നാൽ ഈ ആഗ്രഹം ഇതുവരെ സാധിക്കാൻ ക്ലിഫിന് കഴിഞ്ഞിട്ടില്ല. അർജന്റീന ഉൾപ്പടെയുള്ള മുൻനിര ടീമുകളെല്ലാം ലോകകപ്പിൽ നിന്നും പുറത്തായെങ്കിലും ഒട്ടും പ്രവചനാതീതമല്ലാത്തതാണ് ഫുട്‍ബോളിന്റെ ഭംഗി എന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു.
തിരികെ നാട്ടിലെത്തിയ ശേഷം 2020 ഒളിംപിക്സ് നേരിൽ കാണാൻ ജപ്പാനിലക്ക് സൈക്കിൾ സവാരി നടത്താനുള്ള ഒരുക്കങ്ങൾ തുടങ്ങാനുള്ള പദ്ധതിയിലാണ് ക്ലിഫിൻ ഫ്രാൻസിസ്.

Clifin Francis in Azerbaijan Source: Facebook/clifin francis

Clifin Francis at Saint Petersburg Source: Facebook/clifin francis
ക്ലിഫിൻ ഫ്രാൻസിസുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇവിടെ കേൾക്കാം: