ഓസ്ട്രേലിയയുടെ തെക്ക് കിഴക്കൻ ഭാഗത്താണ് ഇന്നു രാവിലെ 9.15ന് റിക്ടർ സ്‌കെയിലിൽ 5.8 രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായത്. വിക്ടോറിയൻ പട്ടണമായ മാൻസ്ഫീൽഡിന് സമീപത്താണ് പ്രഭവകേന്ദ്രമെന്ന് ജിയോ സയന്‍സ് ഓസ്ടേലിയ അറിയിച്ചു.
മെൽബൺ, ഉൾനാടൻ വിക്ടോറിയ, A-C-T, ന്യൂ സൗത്ത് വെയിൽസിന്റെ ചില ഭാഗങ്ങൾ എന്നിവടങ്ങളിൽ ഉൾപ്പെടെ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകൾ. ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വിവിധയിടങ്ങളിൽ കെട്ടിടങ്ങള്‍ക്കും മറ്റും നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
ആദ്യ ചലനം 30 സെക്കൻറോളം നീണ്ടു നിന്നു. പ്രാരംഭ ചലനത്തിന് പിന്നാലെ വിവിധയിടങ്ങളില്‍ നിരവധി ചെറിയ തുടർ ചലനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഭൂചലനവുമായി ബന്ധപ്പെട്ട് സുനാമിക്ക് സാധ്യത ഇല്ലെന്ന് ഓസ്ട്രേലിയന്‍ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.
മെൽബണിൽ നിന്ന് 180 കിലോമീറ്റർ വടക്കുകിഴക്കുള്ള മാൻസ്ഫീൽഡിലിന് സമീപത്ത് രേഖപ്പെടുത്തിയ ഭൂചലനം സിഡ്നിയിലും കാൻബറയിലും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഭൂചലനത്തിന്‍റെ തീവൃതയിൽ വിവിധയിടങ്ങളിൽ വീടുകള്‍ക്കും കെട്ടിടങ്ങളും വിറക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
ഭൂചലനവുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കകളും അനുഭവങ്ങളും മെല്‍ബണിലുള്ള മലയാളികള്‍ എസ് ബി എസ് മലയാളത്തോട് പങ്കു വെച്ചത് കേള്‍ക്കാം.
ഭൂചലനവുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ വിക്ടോറിയയിൽ സഹായമെത്തിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പ്രധാന മന്ത്രി സ്കോട്ട് മോറിസണ്‍ പറഞ്ഞു.
രാവിലെ രേഖപ്പെടുത്തിയ ഭൂചലനവുമായി ബന്ധപ്പെട്ട ഇനിയും ചലനങ്ങളുണ്ടാകാൻ സാധ്യയുണ്ടെങ്കിലും, തുടർ ചലനങ്ങള്‍ക്ക് തീവ്രത കുറവായിരിക്കുമെന്ന് മെൽബൺ യൂണിവേഴ്സിറ്റി ജിയോളജി പ്രൊഫസർ മൈക്ക് സാൻഡിഫോർഡ് പറഞ്ഞു.
1989ൽ ന്യൂകാസിൽ 5.6 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു.2012 ൽ ജിപ്സാലാന്റിൽ റിക്ടർ സ്‌കെയിലിൽ 5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.