ആദിമവർഗക്കാരുടെ കലയെ പ്രോത്സാഹിപ്പിക്കുവാനായി പ്രവർത്തിക്കുന്ന ആർട്ബാക്ക് എൻ ടി, എന്ന സർക്കാർ അംഗീകൃത സംഘട്ടനയാണ് ആദിമവർഗക്കുട്ടികളെ ബോളിവുഡ് നൃത്തം അഭ്യസിപ്പിക്കുവാൻ ജിനു മാത്യുവിനെ ക്ഷണിച്ചത്.
ഇപ്പോൾ നോർത്തേൺ ടെറിട്ടറിയിലെ പല ദ്വീപുകളിൽ താമസിക്കുന്ന ആദിമവർക്കാരെ നൃത്തം പഠിപ്പിക്കുന്നതോടൊപ്പം ഇവർക്കായുള്ള സ്‌കൂളുകളിലും വർക്ഷോപ്പുകൾ നടത്തുകയാണ് ജിനു.
ഒന്നരവർഷം മുൻപ് ഓസ്‌ട്രേലിയയിൽ എത്തിയ ജിനു ഡാർവിനിൽ ട്രാൻസ്‌വിങ്‌സ് ഡാൻസ് സ്റ്റുഡിയോ എന്ന പേരിൽ ഒരു നൃത്ത സ്‌കൂൾ ആരംഭിച്ചിരുന്നു. ഇവിടെ പഠിക്കുവാനെത്തിയ കുട്ടികളുമായി ഡാർവിനിലെ വിവിധ വേദികളിൽ നൃത്തം അവതരിപ്പിച്ചത്തോടെയാണ് ഇത് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപെട്ടത്.

Source: Jinu Mathew
ഇതുവഴി നോർത്തേൺ ടെറിട്ടറിയിലെ ആദ്മവർഗക്കാരായ കുട്ടികളെ ബോളിവുഡ് നൃത്തം അഭ്യസിപ്പിക്കുവാൻ സർക്കാർ തന്നെ നേരിട്ട് ക്ഷണിക്കുകയായിരുന്നു.
ഇന്ത്യൻ കലകളോടുള്ള താല്പര്യം
ഇന്ത്യൻ സംഗീതത്തോടും നൃത്തത്തോടും ഈ കുട്ടികൾക്കുള്ള താല്പര്യം പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നു ജിനു എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇന്ത്യൻ നൃത്തവും കലകളുമെല്ലാം അഭ്യസിപ്പിക്കുന്നു.
ബോളിവുഡ് നൃത്തത്തിന് പുറമെ ഇന്ത്യൻ യോഗ, മെഡിറ്റേഷൻ, സൂമ്പാ എന്നിവയിലാണ് മുതിർന്നവരായ ആദിമവർഗക്കാർ കൂടുതൽ താല്പര്യം പ്രകടിപ്പിക്കുന്നതെന്നു ജിനു പറയുന്നു.
രണ്ടു സംസ്കാരങ്ങൾ തമ്മിൽ കൈമാറാനും ആശയവിനിമയം നടത്താനും തന്നെ ഏറെ സഹായിച്ചതായി ഇവർ ചൂണ്ടിക്കാണിക്കുന്നു.
"നൃത്തം എന്ന ഒറ്റ മാധ്യമം വഴിയാണ് വ്യത്യസ്ത ഭാഷ സംസാരിക്കുന്ന ഇവരുമായി അടുക്കാൻ സാധിച്ചത്. കലയുടെ ശക്തി അപാരമായ തോന്നി സമയമായിരുന്നു ഇത്," ജിനു പറയുന്നു.

Source: Jinu Mathew
നർത്തകിയും, സൈക്കോളജിസ്റ്റുമായ ജിനു മാത്യു അങ്കമാലി സ്വദേശിയാണ്.
സൈക്കോളജിയിലുള്ള പ്രവർത്തിപരിചയം ഇവരുമായി ഇടപെടാൻ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും ഇതിലൂടെ ഇവരെ മനസിലാക്കാൻ സാധിച്ചുവെന്നും ജിനു കൂട്ടിച്ചേർക്കുന്നു.
രക്ഷിതാക്കളുടെ പ്രതികരണം
കുട്ടികളുടെ നൃത്തത്തിൽ ഇവരുടെ രക്ഷിതാക്കൾ കാണിക്കുന്ന താല്പര്യവും അവിശ്വസനീയമാണ്.
"ജീവിതത്തിൽ ഇതുവരെ ലഭിക്കാത്ത പ്രതികരണമാണ് ഈ അര വര്ഷം കൊണ്ട് ഇവരിൽ നിന്നും ലഭിച്ചത്. പിന്നെയും പിന്നെയും ചെയ്യണം എന്ന് പ്രചോദനം നൽകും വിധമായിരുന്നു ഇവരുടെ പ്രതികരണം."