ലൈറ്റ് (Light) എന്ന പേരിലാണ് ക്യാന്‍ബറയില്‍ നിന്ന് ഈ മാഗസിന്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്.
ഇന്ത്യയില്‍ കൊച്ചുകുട്ടികള്‍ വായിച്ചുവളരുന്ന കഥകളും, സാംസ്‌കാരിക മൂല്യങ്ങളുമെല്ലാം ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ അവതരിപ്പിക്കുയാണ് ഇതില്‍.
പഞ്ചതന്ത്ര കഥകളും, തെന്നാലി രാമന്‍ കഥകളും, അക്ബര്‍-ബീര്‍ബല്‍ കഥകളും, തിരുക്കുറല്‍ കഥകളും ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ ഭാഷകളെയും സംസ്‌കാരങ്ങളെയും കാണിക്കുന്ന ഭാഗങ്ങള്‍ ഇതിലുണ്ട്.
ഇതോടൊപ്പം, ഓസ്‌ട്രേലിയയിലെ കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കുന്നതിനു വേണ്ടി ഇവിടത്തെ സംസ്‌കാരത്തെയും ചുറ്റുപാടിനെയുമെല്ലാം ഈ കഥകളിലേക്ക് കൊണ്ടുവരാനാണ് മാഗസിനില്‍ ശ്രമിച്ചിരിക്കുന്നതെന്ന് ചീഫ് എഡിറ്റര്‍ ഡോ. എബ്രഹാം തോമസ് ഈട്ടിക്കല്‍ പറഞ്ഞു.

Source: Supplied
'താജ്മഹല്‍ സന്ദര്‍ശിക്കുന്ന കംഗാരുവും, ദീപാവലി ആഘോഷിക്കുന്ന കൊവാലയുമെല്ലാം ഓസ്‌ട്രേലിയയില്‍ ജനിച്ചു വളരുന്ന കുട്ടികള്‍ക്ക് കൂടുതല്‍ താല്‍പര്യം ജനിപ്പിക്കും,' അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്യാന്‍ബറയിലെ ഒരു കൂട്ടം മലയാളികള്‍ ചേര്‍ന്നാണ് ഇത്തരമൊരു ആശയവുമായി രംഗത്തെത്തിയത്. എന്നാല്‍ മലയാളികള്‍ക്കു വേണ്ടി മാത്രമല്ല, എല്ലാ ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്ന കുടുംബങ്ങളിലെയും കുട്ടികളിലേക്ക് എത്താനാണ് മാഗസിന്‍ ശ്രമിക്കുന്നതെന്ന് ഡോ. എബ്രഹാം തോമസ് പറഞ്ഞു.
ഇംഗ്ലീഷിലുള്ള കഥകള്‍ക്ക് പുറമേ, ഹിന്ദി, പഞ്ചാബി, തമിഴ്, തെലുങ്ക്, മലയാളം എന്നീ അഞ്ച് ഇന്ത്യന്‍ ഭാഷകള്‍ പഠിക്കാനും മാഗസിന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ക്യാന്‍ബറ മലയാളി അസോസിയേഷന്റെയും, മറ്റു ഭാഷകളില്‍ നിന്നുള്ള കൂട്ടായ്മകളുടെയും സ്‌കൂളുകളുടെയും മികച്ച പിന്തുണ ഇപ്പോള്‍ തന്നെ ലഭിക്കുന്നുണ്ടെന്നും മാഗസിന്റെ എഡിറ്റോറിയല്‍ ടീം പറഞ്ഞു.

Source: Supplied
അച്ചടി പ്രസിദ്ധീകരണമായും ഓണ്‍ലൈന്‍ രൂപത്തിലും ലൈറ്റ് മാഗസിന്‍ പുറത്തിറങ്ങുന്നുണ്ട്.
മാഗസിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഡോ. എബ്രഹാം തോമസ് ഈട്ടിക്കല്‍ പങ്കുവയ്ക്കുന്നത് ഇവിടെ കേള്‍ക്കാം