സിഡ്‌നിയിലെ മെറിലാന്റ്സിലുള്ള Canal T-Way ബസ് സ്റ്റോപ്പിൽ ഏപ്രിൽ 21നു രാത്രി എട്ട് മണിക്കാണ് സംഭവം.
ബസിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ നിന്ന യാത്രക്കാരനാണ് ഡ്രൈവറുടെ ക്യാബിനിലേക്ക് തുപ്പിയത്.
കണ്ണിലേക്കും വായിലേക്കും തുപ്പൽ വീണതായി മലയാളി ഡ്രൈവർ എസ് ബി എസ് മലയാളത്തോട് പറഞ്ഞു. തുടർന്ന് ബസ് കമ്പനിയെ ബന്ധപ്പെടുകയും പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. ഇദ്ദേഹത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
മെറിലാൻഡ്‌സ് വെസ്റ്റിൽ ഇറങ്ങിയ യാത്രക്കാരനാണ് ഡ്രൈവറുടെ മുഖത്തേക്ക് തുപ്പിയതെന്നും ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും NSW പൊലീസ് എസ് ബി എസ് മലയാളത്തെ അറിയിച്ചു.
പൊതുഗതാഗത സംവിധാനത്തിൽ ജോലി ചെയ്യുന്നവർക്ക് എന്തൊക്കെ സംരക്ഷണമാണ് ഒരുക്കിയിരിക്കുന്നതെന്നറിയാൻ ന്യൂ സൗത്ത് വെയിൽസ് ഗതാഗത മന്ത്രി ആൻഡ്ര്യു കോൺസ്റ്റൻസിന്റെ ഓഫീസുമായും എസ് ബി എസ് മലയാളം ബന്ധപ്പെട്ടു.
ഇത്തരം പ്രവൃത്തികൾ അനുവദിക്കില്ലെന്നും അവശ്യ സേവനങ്ങളിൽ ജോലിചെയ്യുന്നവർക്ക് നേരെ തുപ്പുകയും ചുമയ്ക്കുകയും ചെയ്യുന്നവർക്ക് 5,000 ഡോളർ വരെ പിഴ ഈടാക്കുമെന്നുമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നതെന്നും NSW ഗതാഗത വകുപ്പ് വക്താവ് അറിയിച്ചു.
മാത്രമല്ല ഡ്രൈവർമാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്ക് നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ബസിലെ ചുവന്ന നോ സ്റ്റാന്റിംഗ് സോണിന് പിന്നിലായി മാത്രമേ യാത്രക്കാർ നില്ക്കാൻ പാടുള്ളൂവെന്നും ബസിന്റെ മുൻവശത്തുള്ള ഒപൽ റീഡർ ഉപയോഗിക്കരുതെന്നുമാണ് യാത്രക്കാരോട് നിർദ്ദേശിക്കുന്നതെന്നും ഗതാഗത വകുപ്പ് അറിയിച്ചു.
മെറിലാൻഡ്സിൽ ഉണ്ടായ സംഭവത്തെക്കുറിച്ച് അറിവുള്ളതായും വെറുപ്പുളവാക്കുന്ന പ്രവൃത്തിയാണിതെന്നും NSW ട്രാൻസ്‌പോർട് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രെട്ടറി റിച്ചാർഡ് ഓൾസൻ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഡ്രൈവർക്ക് നേരെ തുപ്പിയയാളെ എത്രയും വേഗം പൊലീസ് കണ്ടെത്തുമെന്നും ഇയാളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ഡ്രൈവർമാരുടെ സുരക്ഷിത്വത്തിനായി ഡ്രൈവറുടെ സീറ്റിന് സമീപത്തായി ഷീൽഡ്, സെക്യൂരിറ്റി സ്കീനുകൾ പോലുള്ള സംവിധാനങ്ങൾ എന്നിവ നിര്ബന്ധമാക്കണമെന്ന കാര്യത്തിൽ ഗതാഗത വകുപ്പുമായി ചർച്ചകൾ നടത്തിവരികയാണെന്നും റിച്ചാർഡ് സൂചിപ്പിച്ചു.