കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന മഞ്ഞുപാളികളിലൂടെ, നായ്ക്കൾ വലിക്കുന്ന വണ്ടിയിൽ 300 കിലോമീറ്റർ യാത്ര. അതും ദിവസങ്ങളെടുത്ത്.
ഒട്ടനവധി പേർ സ്വപ്നം കാണുന്ന ഈ ആർട്ടിക് ധ്രുവ യാത്രക്കായി തെരഞ്ഞെടുക്കപ്പെടാനുള്ള മത്സരത്തിലാണ് ഒരുപാട് സഞ്ചാരപ്രേമികൾ.
ഫ്യെൽറാവൻ (Fjällräven) പോളാർ എക്സപെഡിഷൻ എന്ന ഈ സാഹസിക യാത്ര നടക്കുന്നത് സ്വീഡനിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന യാത്രികരാണ് ഇതിൽ പങ്കെടുക്കുന്നത്.
ലോകത്തെ മൊത്തം പതിനൊന്ന് മേഖലകളായി തിരിച്ച്, ഓരോ മേഖലയിൽ നിന്നും രണ്ടു പേരെ വീതമാണ് യാത്രക്ക് തെരഞ്ഞെടുക്കുന്നത്. ഓരോ മേഖലയിലും ഏറ്റവുമധികം പൊതുജന വോട്ടു കിട്ടുന്ന ഒരാളെയും, ഫ്യെൽറാവൻ സംഘാട ടീം തെരഞ്ഞെടുക്കുന്ന മറ്റൊരാളെയും.

Source: Facebook/ Fjällräven Polar
സംഘാടകർ തന്നെ ചെലവു വഹിക്കുന്നതിനാൽ, ഇതിനായി തെരഞ്ഞെടുക്കപ്പെടാനുള്ള മത്സരവും ശക്തമാണ്.
ഒട്ടേറെ മലയാളികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്.
ഓസ്ട്രേലിയയിൽ മുമ്പിൽ മലയാളി
ഏഷ്യ ഓഷ്യാനിയ എന്ന മേഖലയിലാണ് ഓസ്ട്രേലിയ.
ഇതിൽ ഓസ്ട്രേലിയയിൽ നിന്ന് മത്സരരംഗത്തുള്ളതിൽ മുന്നിൽ ഒരു മലയാളിയാണ്. പെർത്ത് സ്വദേശിയായ ഗിരി ജി പിള്ള.
പെർത്തിൽ നഴ്സായി ജോലി ചെയ്യുന്ന ഗിരി, ട്രാവൽ വ്ളോഗർ എന്ന നിലയിലാണ് ഈ മത്സരരംഗത്തേക്കെത്തിയത്.

Source: Supplied
ആർട്ടിക് മേഖല എന്നും യാത്രാ സ്വപ്നങ്ങളിലുണ്ടായിരുന്നുവെന്നും, അത് സാക്ഷാത്കരിക്കാൻ കഴിയുന്ന ഒരവസരമായാണ് ഇതിനെ കാണുന്നതെന്നും ഗിരി ജി പിള്ള പറഞ്ഞു.
ഓസ്ട്രേലിയയിൽ മുന്നിലാണെങ്കിലും, ഓഷ്യാനിയ മേഖലയിൽ എട്ടാം സ്ഥാനത്താണ് ഗിരി ഇപ്പോഴുള്ളത്.
ഈ മത്സരത്തിൽ പങ്കെടുക്കുന്നതിനെക്കുറിച്ചും, പ്രതീക്ഷകളെക്കുറിച്ചുമെല്ലാം ഗിരി ജി പിള്ള എസ് ബി എസ് മലയാളവുമായി സംസാരിച്ചത് കേൾക്കാം.
ആഗോളതലത്തിലും മലയാളി തന്നെ മുമ്പൻ
ദ വേൾഡ്, അഥവാ ആഗോളമേഖല എന്ന വിഭാഗത്തിലാണ് ഇന്ത്യയിൽ നിന്നുള്ളവരുടെ മത്സരം.
ഇതിൽ വോട്ടിംഗിൽ മുന്നിൽ നിൽക്കുന്നതും ഒരു മലയാളിയാണ്. അഷ്റഫ് എക്സൽ എന്ന അഷ്റഫ് അലി കെ വിയാണ് ഒരു ലക്ഷത്തിലേറെ വോട്ടുകളുമായി ഒന്നാമത്.

Source: Supplied