ന്യൂസിലൻറിലെ വൈക്കാട്ടോയിൽ കാട്ടുപന്നിയുടെ ഇറച്ചികഴിച്ച് കൊട്ടാരക്കര സ്വദേശി ഷിബു കൊച്ചുമ്മനും ഭാര്യയും അമ്മയുമാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായത്.
ബോട്ടുലിസം എന്ന മാരകമായ ബാക്ടീരിയ ബാധയായിരിക്കാം ഇവർക്ക് എന്നാണ് ഡോക്ടർമാർ ഇപ്പോൾ കരുതുന്നത്.
ഷിബു വേട്ടയ്ക്ക് പോയി കൊണ്ടുവന്ന കാട്ടുപന്നിയുടെ ഇറച്ചിയാണ് ഇവർ കഴിച്ചത് എന്നായിരുന്നു ഇതുവരെയുള്ള റിപ്പോർട്ടുകൾ. എന്നാൽ, സംഭവം നടന്ന ദിവസം ഷിബു വേട്ടയ്ക്ക് പോയിരുന്നില്ല എന്നും മറ്റാരോ കൊടുത്ത ഇറച്ചി ഇവർ പാകം ചെയ്ത് കഴിക്കുകയായിരുന്നുവെന്നും കുടുംബ സുഹൃത്ത് സോജൻ ജോസഫ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
എന്നാൽ ആരാണ് ഇറച്ചി നൽകിയത് എന്ന കാര്യം ഇപ്പോഴും വ്യക്തമല്ലെന്നും സോജൻ പറഞ്ഞു.
മറ്റു ചില മലയാളികൾക്കും ഈ ഇറച്ചി കിട്ടിയിരുന്നുവെന്നും, എന്നാൽ ഷിബുവിനും കുടുംബത്തിനും സംഭവിച്ച അപകടം അറിഞ്ഞതോടെ മറ്റുള്ളവരെല്ലാം അത് നശിപ്പിച്ചു കളഞ്ഞു എന്നുമാണ് സോജൻ പറയുന്നത്.
ഷിബുവിനും കുടുംബത്തിനും വേണ്ടി ഹാമിൽട്ടൻ മാർത്തോമാ കോൺഗ്രിഗേഷൻ സഹായധനം സ്വരൂപിക്കുന്നുണ്ട്. അതിന് നേതൃത്വം കൊടുക്കുന്നയാളാണ് സോജൻ.
ഷിബുവിൻറെയും കുടുംബത്തിൻറെയും സ്ഥിതിയെക്കുറിച്ചും, അവിടെ നടന്നുവെന്ന് കരുതുന്ന സംഭവങ്ങളെക്കുറിച്ചും സോജൻ ജോസഫ് സംസാരിക്കുന്നത് കേൾക്കാം.
വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പൊലീസ്
ഈ വിഷയത്തിൽ ന്യൂസിലൻറ് പൊലീസിൻറെ പ്രതികരണം എസ് ബി എസ് മലയാളം തേടി. എന്നാൽ ഈ വിഷയം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ന്യൂസിലൻറ് പൊലീസിൻറെ മാധ്യമവിഭാഗം എസ് ബി എസ് മലയാളത്തെ അറിയിച്ചത്.