ഓസ്ട്രേലിയൻ പൗരത്വത്തിനു വേണ്ട യോഗ്യതകളും നടപടിക്രമങ്ങളും ഇവയാണ്.
പെർമനെന്റ് റെസിഡൻസി:
പെര്മനെന്റ് റെസിഡൻസി വിസയിൽ ഓസ്‌ട്രേലിയയിൽ തങ്ങുന്നവർക്ക് മാത്രമേ പൗരത്വത്തിനു അപേക്ഷിക്കാൻ യോഗ്യതയുള്ളു. മാത്രമല്ല രാജ്യത്ത് കുറഞ്ഞത് നാല് വർഷമെങ്കിലും താമസിക്കുകയും അതിൽ ഒരു വര്ഷം പെര്മനെന്റ് റസിഡന്റ് വിസയിൽ രാജ്യത്ത് ആയിരിക്കുകയും വേണം.
പൗരത്വം ലഭിക്കാൻ എത്രനാൾ കാത്തിരിക്കണം ?
ഓസ്‌ട്രേലിയൻ പൗരത്വത്തിനായുള്ള അപേക്ഷകൾ പരിഗണിച്ച് തീർപ്പാക്കുന്നതിനുള്ള ശരാശരി സമയം 14 മാസം വരെ ആണെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്.
പൗരത്വത്തിനായുള്ള അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാനാണ് ആഭ്യന്തര മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നത് . അപേക്ഷകൾ പരിഗണിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാനാണിത്.

സിറ്റിസൺഷിപ്പ് പരീക്ഷ :
അപേക്ഷ പരിഗണിച്ചു കഴിഞ്ഞാൽ ഓസ്‌ട്രേലിയയെക്കുറിച്ചും ഇവിടുത്തെ രീതികളെക്കുറിച്ചും അവബോധം വളർത്തുന്ന ഒരു പരീക്ഷ കൂടി വിജയിക്കേണ്ടത് അനിവാര്യമാണ്.
‘Australian Citizenship – Our Common Bond’ എന്ന പേരിൽ ഓൺലൈനിൽ ലഭ്യമായിട്ടുള്ള ഒരു ബുക്‌ലെറ്റിനെ ആസ്പദമാക്കി 20 ചോദ്യങ്ങൾ ഉൾപ്പെടുത്തിയ മൾട്ടിപ്പിൾ ചോയ്‌സ് പരീക്ഷയാണിത്. ഓസ്‌ട്രേലിയയെക്കുറിച്ചും ഇവിടുത്തെ ജനാധിപത്യ സംവിധാനത്തെക്കുറിച്ചും ജനങ്ങളുടെ അവകാശത്തെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന ബുക്‌ലെറ്റാണ് ഇത്. പരീക്ഷ ജയിക്കാൻ 75 ശതമാനം മാർക്ക് ആവശ്യമാണ് .
സിറ്റിസൺഷിപ്പ് പരീക്ഷയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും ലഭ്യമാകും.

പൗരത്വ ഭേദഗതി ബിൽ :
കഴിഞ്ഞ വര്ഷം സെനറ്റിൽ പരാജയപ്പെട്ട പൗരത്വ ഭേദഗതി ബിൽ ഈ വര്ഷം വീണ്ടുമവതരിപ്പിക്കുമ്പോൾ പാസ് ആയാൽ പൗരത്വം ലഭിക്കാനുള്ള മാനദണ്ഡങ്ങൾ കഠിനമാകും. ഇതിനായുള്ള ശ്രമങ്ങൾ സർക്കാർ തുടരുകയാണ്.
നിർദ്ദിഷ്ട ബിൽ പ്രകാരം പൗരത്വം ലഭിക്കാൻ വേണ്ട യോഗ്യതകൾ സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. ഈ വർഷം ജൂലൈ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ കൊണ്ടുവരാനാണ് സർക്കാർ പദ്ധതിയിടുന്നത് .
ഇത് നിയമമായാൽ പെര്മനെന്റ് റസിഡന്റ് വിസ ലഭിച്ചു നാല് വർഷത്തിന് ശേഷം മാത്രമേ പൗരത്വത്തിനായി അപേക്ഷിക്കാൻ അനുവാദമുള്ളൂ. നിലവിൽ ഏതൊരു വിസയിലും ഇവിടേക്കെത്തുന്ന ഒരാൾക്ക് പെര്മനെന്റ് വിസ ലഭിച്ച് ഒരു വർഷത്തിന് ശേഷം പൗരത്വത്തിന് അപേക്ഷിക്കാവുന്നതാണ്.
ഇതിനു പുറമെ ഇംഗ്ലീഷ് ഭാഷാ പരീക്ഷ നിര്ബന്ധമാക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. IELTS സ്കോർ അഞ്ചിന് തുല്യമായുള്ള പ്രാവീണ്യം നിര്ബന്ധമാക്കാനാണ് പദ്ധതി.
കൂടാതെ പൗരത്വ പരീക്ഷയിലും മാറ്റങ്ങൾക്ക് പദ്ധതിയുണ്ട്. നിലവിൽ എത്ര തവണ വേണമെങ്കിലും പരീക്ഷ എഴുതാവുന്നതാണ്. എന്നാൽ ബിൽ പാസ് ആയാൽ , തുടർച്ചയായി മൂന്ന് പ്രാവശ്യം പരീക്ഷയിൽ പരാജയപ്പെടുന്നവരെ അടുത്ത രണ്ടു വർഷത്തേക്ക് പരീക്ഷ എഴുതാൻ അനുവദിക്കില്ല . 16 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവർക്കാണ് ഈ പരീക്ഷ .
സത്യപ്രതിജ്ഞ :
നിയമപ്രകാരം ഈ നടപടിക്രമങ്ങളെല്ലാം പൂർത്തിയാവുന്നതോടെ പൗരത്വം സ്വീകരിക്കാൻ തയ്യാറാവുന്ന ഓരോരുത്തരും പൗരത്വം ഏറ്റുവാങ്ങാനുള്ള ചടങ്ങിൽ പങ്കെടുക്കേണ്ടതാണ്. അതാത് പ്രാദേശിക കൗൺസിൽ സംഘടിപ്പിക്കുന്ന ഈ ചടങ്ങിൽ വച്ച് പൗരത്വം നൽകുന്നതോടൊപ്പം മേയർ ചൊല്ലിത്തരുന്ന സത്യപ്രതിജ്ഞാ വാചകങ്ങൾ ഓരോരുത്തരും ഏറ്റു ചൊല്ലേണ്ടതാണ്. ഓസ്‌ട്രേലിയയോട് കൂറ് പുലർത്തുമെന്ന പൗരത്വ പ്രതിജ്ഞാ വാചകങ്ങളാണിത് . ദൈവനാമത്തിലും അല്ലാതെയും പ്രതിജ്ഞ എടുക്കാം .
പൗരത്വം നൽകാനുള്ള ചടങ്ങ്:
ഓസ്‌ട്രേലിയൻ പൗരത്വത്തിനായി അപേക്ഷിച്ചവർ പൗരത്വം സ്വീകരിക്കാനായി തെരഞ്ഞെടുക്കുന്ന ദിവസം കൂടിയാണ് ഓസ്‌ട്രേലിയ ദിനമായ ജനുവരി 26. ഇതിനായി രാജ്യത്തുടനീളം വിവിധ ചടങ്ങുകൾ നടക്കാറുണ്ട്. പ്രാദേശിക കൗൺസിൽ സംഘടിപ്പിക്കുന്ന ഈ ചടങ്ങിൽ വച്ചാണ് ഔദ്യോഗികമായി ഒരു ഓസ്‌ട്രേലിയൻ പൗരനായി പ്രഖ്യാപിക്കുന്നത്. അന്നേ ദിവസം തന്നെ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി ഓസ്‌ട്രേലിയൻ ഇലക്ട്‌റൽ കമ്മീഷനിൽ പേര് ചേർക്കാവുന്നതാണ്. ചടങ്ങ് അവസാനിക്കുമ്പോൾ രാജ്യത്തിൻറെ ഒരു നേറ്റീവ് പ്ലാന്റ് അഥവാ രാജ്യത്തിൻറെ സ്വന്തം എന്ന് വിശേഷിപ്പിക്കാവുന്ന ചെടിയുടെ തൈയ്യും വിതരണം ചെയ്യും.