കൊറോണവൈറസ് ഭീതിയിലാണ് ലോകം ഇപ്പോൾ. രോഗം ബാധിച്ച് 900 ലേറെ പേരാണ് മരണമടിഞ്ഞിട്ടുള്ളത്. വൈറസ് ബാധ പടർന്ന് പിടിച്ച് ഒരു മാസം പിന്നിടുമ്പോൾ 40,000 ത്തിലേറേ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വായുവിലൂടെയും രോഗം പകരുമെന്ന് ആരോഗ്യ വിദഗ്ധർ സ്ഥിരീകരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലും നിരവധി പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. വേനൽക്കാല അവധിക്ക് ശേഷം സ്കൂൾ തുറന്ന സാഹചര്യത്തിൽ രക്ഷിതാക്കളും ആശങ്കയിലാണ്.
സ്കൂൾ കുട്ടികൾ എടുക്കേണ്ട കരുതലുകൾ
സ്കൂൾ കുട്ടികൾക്കിടയിൽ കൊറോണവൈറസ് പടരുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. രോഗലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികൾ രണ്ടാഴ്ചത്തേക്ക് സ്കൂളുകളിൽ പോകുന്നത് ഒഴിവാക്കണമെന്ന് പല സ്കൂളുകളും നിർദ്ദേശം നൽകിയിട്ടുണ്ട്.
കുട്ടികൾ സാനിറ്റയ്‌സർ ഉപയോഗിക്കുന്നതും ചുമയും ജലദോഷവും മറ്റുമുള്ള കുട്ടികളിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിക്കുന്നതും വഴി രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിയുമെന്ന് ഡോ. സന്തോഷ് ഡാനിയൽ പറയുന്നു.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ് മൂടിപ്പിടിക്കാൻ രക്ഷിതാക്കൾ കുട്ടികൾക്ക് നിർദ്ദേശം നൽകണമെന്നും ഇദ്ദേഹം പറയുന്നു.
കുറഞ്ഞത് 20 സെക്കന്റ് എങ്കിലും ഇടയ്ക്ക് കൈകഴുകുന്നതും രോഗം പടരുന്നത് തടയാൻ സഹായിക്കുമെന്ന് ഡോ. സന്തോഷ് ചൂണ്ടിക്കാട്ടുന്നു.
ആശുപത്രി ജീവനക്കാരും ശുചിത്വം പാലിക്കണം
ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ നിരവധി മലയാളികൾ ആരോഗ്യമേഖലയിൽ ജോലി ചെയുന്നുണ്ട്. ഇവരും കരുതലുകൾ എടുക്കേണ്ടത് ആവശ്യമാണ്. രോഗികളെ ശുശ്രൂഷിക്കുമ്പോൾ ഇവർ മാസ്ക് ധരിക്കേണ്ടതാണ്. മാസ്ക് മുഖത്തുനിന്നും നീക്കുമ്പോഴും പ്രത്യേകംശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഡോ. സന്തോഷ് പറയുന്നു.
കൂടാതെ രോഗികളെ ശുശ്രൂഷിക്കുന്നതിന് മുൻപും അതിന് ശേഷവും കൈ വൃത്തിയായി കഴുകേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ചും ഡോ. സന്തോഷ് വ്യക്തമാക്കുന്നു.
മാസ്ക് എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് ലോകാരോഗ്യ സംഘടന നൽകുന്ന നിർദ്ദേശം ഇവിടെ കാണാം
പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യുമ്പോൾ
കൊറോണവൈറസ് രോഗം ബാധിച്ചയാൾ തീർച്ചയായും രോഗലക്ഷണങ്ങൾ കാണിക്കും. ചുമയും തുമ്മലും മറ്റുമുള്ള ആളുകളാണ് നിങ്ങളുടെ സമീപത്തെങ്കിൽ അവിടെ നിന്നും മാറിനിൽക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കുമെന്ന് ഡോ. സന്തോഷ് പറയുന്നു.
മാത്രമല്ല മാസ്ക് കൈവശം കരുതുകയും ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്നത് രോഗം പടരാതിരിക്കാൻ സഹായിക്കുമെന്നും ഇദ്ദേഹം സൂചിപ്പിക്കുന്നു.
ക്ലിനിക്കിൽ എത്തുമ്പോൾ
ഫ്ലൂവിന് സമാനമായ രോഗലക്ഷണങ്ങൾ കാണിക്കുകയും ചൈനയോ മറ്റു രോഗബാധിത പ്രദേശങ്ങളോ സന്ദശിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഉടൻ ജി പി യെ സമീപിക്കേണ്ടതാണ്.
രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ക്ലിനിക്കിൽ വേണ്ട തയ്യാറെടുപ്പുകൾ നടത്തുന്നതിനും മറ്റുമായി നിങ്ങൾ ക്ലിനിക്കിൽ എത്തുന്ന വിവരം മുൻകൂട്ടി അറിയിക്കണമെന്ന് ഡോ സന്തോഷ് പറയുന്നു.
ഓസ്‌ട്രേലിയയിൽ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവ് ആശങ്കയ്ക്ക് വക നൽകുന്നുണ്ട്. എന്നാൽ രോഗിയുമായി കുറഞ്ഞത് 15 മിനിറ്റ് മുഖാമുഖം ഇടപെടുമ്പോഴാണ് രോഗം ബാധിക്കാൻ ഇടയുള്ളതെന്ന് ഡോ. സന്തോഷ് ഡാനിയൽ പറയുന്നു.
രോഗം പടരുന്നത് എങ്ങനെ തടയാം എന്നതിനെക്കുറിച്ച് ഡോ. സന്തോഷ് ഡാനിയൽ വിശദീകരിക്കുന്നത് ഇവിടെ കേൾക്കാം .
Disclaimer
ഇത് പൊതുവായ ചില നിർദ്ദേശങ്ങൾ മാത്രമാണ്. നിങ്ങൾക്ക് എന്തെങ്കിലും രോഗം ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്