"ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കുക"
ജനിച്ചുവീണപ്പോള്‍ ശബ്ദങ്ങളുടെ ലോകം അന്യമായിരുന്നെങ്കിലും ഓസ്റ്റിന്‍ ഫിലിപ്പിന്റെ സ്വപ്‌നങ്ങളില്‍ എന്നും ഇതായിരുന്നു. മൈക്ക് ഹസിയെപ്പോലെ, ബ്രെറ്റ് ലീയെപ്പോലെ, ഓസ്‌ട്രേലിയന്‍ ദേശീയ ടീമിലെത്തുക.
ഈ സ്വപ്‌നം പിന്തുടര്‍ന്ന് ഓസ്റ്റിന്‍ ഫിലിപ്പ് എന്ന 17കാരന്‍ എത്തിയിരിക്കുന്നത് ഓസ്‌ട്രേലിയയുടെ ലോകകപ്പ് ടീമിലാണ്. ഇന്ത്യയില്‍ നടക്കുന്ന കേള്‍വിശക്തി കുറഞ്ഞവര്‍ക്കായുള്ള T20 ലോകകപ്പിലെ ഓസ്‌ട്രേലിയന്‍ ഡെഫ് ടീമില്‍.
നിശബ്ദതയുടെ പിച്ചില്‍
സിഡ്‌നിയിലെ ടൂംഗാബിയിലുള്ള അനീഷ് ഫിലിപ്പിന്റെയും ഷീബ ഫിലിപ്പിന്റെയും രണ്ടു മക്കളില്‍ ഇളയയാളാണ് ഓസ്റ്റിന്‍. കോട്ടയത്തു നിന്ന് പതിനെട്ട് വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയെത്തിയതാണ് അനീഷും കുടുംബവും.
ജന്‍മനാ കേള്‍വിശക്തിക്ക് ഗുരുതരമായ പ്രശ്‌നമുണ്ടായിരുന്ന ഓസ്റ്റിനെ ക്രിക്കറ്റിലൂടെയാണ് അനീഷും ഷീബയും ശബ്ദങ്ങളുടെ ലോകത്തേക്ക് കൊണ്ടുവന്നത്. ജ്യേഷ്ഠന്‍ അലനും അധ്യാപകരും സുഹൃത്തുക്കളുമെല്ലാം അതിന് പിന്തുണ നല്‍കിയപ്പോള്‍ അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും മാത്രമല്ല, ബൗണ്ടറികളും വിക്കറ്റുകളും ഓസ്റ്റിനു മുന്നില്‍ കീഴടങ്ങി.

Austin Philip with family Source: Supplied
ബധിര ക്രിക്കറ്റില്‍ മാത്രമല്ല, ഗ്രേഡ് ക്രിക്കറ്റിലും ക്ലബ് ക്രിക്കറ്റിലുമെല്ലാം തിളങ്ങി നില്‍ക്കുന്ന മികച്ച ഒരു ഓള്‍റൗണ്ടറാണ് ഓസ്റ്റിന്‍.
ബിഗ് ബാഷ് ലീഗിലേക്കും ഓസ്‌ട്രേലിയന്‍ ദേശീയ ടീമിലേക്കും എത്തുക എന്നതാണ് ഓസ്റ്റിന്റെ ഇപ്പോഴത്തെ സ്വപ്നം. ദേശീയ ടീമിലേക്കെത്തുന്ന ആദ്യ ബധിരതാരമാകാം എന്ന പ്രതീക്ഷയിലാണ് ഓസ്റ്റിന്‍.
ക്രിക്കറ്റ് എങ്ങനെ ജീവിതത്തെ മാറ്റിമറിച്ചുവെന്നത് ഓസ്റ്റിന്റെയും കുടുംബാംഗങ്ങളുടെയും തന്നെ വാക്കുകളില്‍ കേള്‍ക്കാം.
നവംബറില്‍ ഹിമാചല്‍പ്രദേശിലാണ് ലോകകപ്പ് നടക്കുക.