റിസര്‍വ് ബാങ്കിന്റെ മുന്‍കൂന്‍ അനുമതിയില്ലാതെ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണം കൈമാറ്റം സാധ്യമാക്കുന്ന ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിലാണ് (LRS) ഭേദഗതികള്‍ കൊണ്ടുവന്നിരിക്കുന്നത്.
ഒരു വര്‍ഷം രണ്ടര ലക്ഷം അമേരിക്കന്‍ ഡോളര്‍ വരെയാണ് (ഏകദേശം 2.06 കോടി ഇന്ത്യന്‍ രൂപ) LRS മുഖേന വിദേശത്തേക്ക് കൈമാറ്റം ചെയ്യാവുന്നത്.
ഈ പദ്ധതി പ്രകാരം വിദേശത്തേക്ക് കൊണ്ടുപോകുന്ന പണം വന്‍ തോതില്‍ ഉയരുകയാണ്.
2020-21 ല്‍ ഏകദേശം 1.06 ലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ കൈമാറ്റം ചെയ്തതെങ്കില്‍, 2022-23 ആയപ്പോള്‍ അത് ഏകദേശം 2.25 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
വിദേശത്തേക്ക് യാത്ര പോകുന്നതാണ് ഇതില്‍ ഏറ്റവും കൂടുതല്‍. വിദേശത്ത് ജീവിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് അയച്ചു നല്‍കുന്ന പണവും ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് വിദേശത്തേക്ക് പണം കൈമാറ്റം ചെയ്യുമ്പോള്‍ സ്രോതസില്‍ കൂടുതല്‍ നികുതി (TCS) പിടിച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ജൂലൈ ഒന്നു മുതല്‍ പുതിയ നികുതി ഈടാക്കും എന്നായിരുന്നു ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചതെങ്കിലും, പിന്നീട് അത് ഒക്ടോബര്‍ ഒന്നിലേക്ക് മാറ്റിയിരുന്നു.

Credit: Raj
എന്താണ് മാറ്റം?
LRS പദ്ധതി പ്രകാരം വിദേശത്തേക്ക് പണം കൈമാറ്റം ചെയ്യുന്നതിനും, വിദേശത്ത് യാത്ര പോകാനായി ടൂര്‍ പാക്കേജ് എടുക്കുമ്പോഴുമാണ് പുതിയ നികുതികള്‍ ബാധകമാകുന്നത്.
വിദേശത്തേക്ക് പണം അയയ്ക്കുമ്പോള്‍
സ്രോതസില്‍ നികുതി നല്‍കാതെ ഒരാള്‍ക്ക് ഒരു വര്‍ഷം വിദേശത്തേക്ക് LRS മുഖേന അയയ്ക്കാവുന്നത് ഏഴു ലക്ഷം രൂപയാണ്.
ഈ പരിധി എടുത്തു മാറ്റാനും, വിദ്യാഭ്യാസവും ചികിത്സയും ഒഴികെയുള്ള ആവശ്യങ്ങള്‍ക്കായി പണമയയ്ക്കുമ്പോള്‍ മുഴുവന്‍ തുകയ്ക്കും നികുതി പിടിച്ചുവയ്ക്കാനുമായിരുന്നു ബജറ്റിലെ ആദ്യ നിര്‍ദ്ദേശമെങ്കിലും, എതിര്‍പ്പുകളെ തുടര്‍ന്ന് അത് പിന്‍വലിച്ചു.
ഏത് ആവശ്യത്തിനായി വിദേശത്തേക്ക് പണമയയ്ക്കുമ്പോഴും ഏഴു ലക്ഷം രൂപ വരെ സ്രോതസില്‍ നികുതി നല്‍കേണ്ടതില്ല.
ഏഴു ലക്ഷത്തിന് മുകളിലുള്ള തുകയാണ് അയയ്ക്കുന്നതെങ്കില്‍, പണമയയ്ക്കുന്നതിന്റെ ആവശ്യം അനുസരിച്ച് നികുതിമാറും.
പഠനത്തിനായി ലോണെടുത്ത് പണമയയ്ക്കുകയാണെങ്കില്‍ ഏഴു ലക്ഷത്തിനു മുകളിലുള്ള തുകയുടെ 0.5 ശതമാനവും, ലോണ്‍ അല്ലാതെ മറ്റ് സ്രോതസുകളില്‍ നിന്നുള്ള പണമാണെങ്കില്‍ അഞ്ച് ശതമാനവും നികുതിയായി കെട്ടിവയ്ക്കണം.
ചികിത്സയ്ക്കായി പണമയയ്ക്കുമ്പോഴും ഏഴ് ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് 5% നികുതിയാണ് കെട്ടിവയ്‌ക്കേണ്ടത്.
ഇത് നിലവിലുള്ള നികുതി നിരക്കുകള്‍ തന്നെയാണ്.
അതേസമയം മറ്റാവശ്യങ്ങള്‍ക്കായി പണമയയ്ക്കുമ്പോള്‍ കെട്ടിവയ്‌ക്കേണ്ട തുക കൂടും.
ഏഴ് ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയുടെ 20 ശതമാനം സ്രോതസില്‍ നികുതിയായി കെട്ടിവയ്ക്കണം എന്നാണ് പുതിയ നിയമം.
നേരത്തേ ഇത് അഞ്ചു ശതമാനം മാത്രമായിരുന്നു.

Credit: Income Tax India
ഒരു സാമ്പത്തിക വര്‍ഷം പല തവണയായി ഏഴു ലക്ഷം രൂപയില്‍ കൂടുതല്‍ അയച്ചാലും, ഇതേ നികുതി ബാധകമായിരിക്കും.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ മറ്റ് നികുതികളും ഇളവുകളുമെല്ലാം പരിഗണിച്ച ശേഷം മാത്രമേ ഈ തുക തിരികെ നല്‍കുകയുള്ളൂ.
എന്തൊക്കെ ആവശ്യങ്ങള്‍ക്കാണ് LRS ലൂടെ പണമയയ്ക്കാവുന്നത്?
വിദ്യാഭ്യാസം, ചികിത്സ എന്നിവയ്ക്ക് പുറമേ മറ്റ് നിരവധി ആവശ്യങ്ങള്‍ക്കും ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം മുഖേന വിദേശത്ത് പണം കൈമാറ്റം ചെയ്യാവുന്നതാണ്.
- വിദേശ സന്ദര്‍ശനം നടത്താന്‍
- സമ്മാനമോ സംഭാവനയോ നല്‍കാന്‍
- വിദേശത്ത് ജോലിക്ക പോകാന്‍
- വിദേശത്തേക്ക് കുടിയേറുമ്പോള്‍
- വിദേശത്തുള്ള ബന്ധുക്കളുടെ ജീവിതച്ചെലവ്
- ബിസിനസ് യാത്രകളും, ഔദ്യോഗിക യാത്രകളും
അതായത്, ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറുന്നവര്‍ ചെലവുകള്‍ക്കായി പണം കൈമാറ്റം ചെയ്താല്‍ അതിലും ഏഴു ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് 20 ശതമാനം കെട്ടിവയ്‌ക്കേണ്ടി വരും.
എന്തൊക്കെയാണ് വിദ്യാഭ്യാസ/ചികിത്സാ ആവശ്യങ്ങള്‍?
വിദേശത്ത് പഠിക്കുന്നവര്‍ക്ക് ഫീസിനും, മറ്റ് ദൈനംദിന ചെലവുകള്‍ക്കുമായി ഇന്ത്യയില്‍ നിന്ന് അയയ്ക്കുന്ന പണം പൂര്‍ണമായും വിദ്യാഭ്യാസ ആവശ്യത്തിനുള്ള പണമായി കണക്കാക്കും.
അത് ഇന്ത്യന്‍ റിസര്‍വ് ബാങ്ക് വിശദീകരിച്ചിരിക്കുന്നത് ഇങ്ങനെയാണ്:
- പഠിക്കുന്ന രാജ്യത്ത് നിന്ന് ഇന്ത്യയയിലേക്കും തിരിച്ചുമുള്ള ടിക്കറ്റിനായി അയയ്ക്കുന്ന പണം
- വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നല്‍കുന്ന ഫീസ്
- ദൈനം ദിന ചെലവുകള്‍, ഭക്ഷണം, താമസം തുടങ്ങിയ അനുബന്ധ ചെലവുകള്‍.
വിദേശത്ത് പഠിക്കുന്നവര്‍ ചികിത്സയ്ക്കായി പണം ചെലവാക്കുകയാണെങ്കില്‍ അതും വിദ്യാഭ്യാസ ചെലവുകളുടെ ഭാഗമായി കണക്കാക്കും.
വിദേശത്ത് ചികിത്സ തേടുന്നവര്‍ക്കും ഇത്തരത്തില്‍ അതിനുള്ള യാത്രാ ചെലവും, അനുബന്ധ ചെലവുകളും എല്ലാം ചികിത്സയുടെ ഭാഗമായി തന്നെ കണക്കാക്കാം.
വിദേശ ടൂര്‍ പാക്കേജ്
വിദേശത്തേക്ക് ടൂര്‍ പോകാനായി ടൂര്‍ പാക്കേജുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കും വലിയ മാറ്റമാണ് നിലവില്‍ വന്നിരിക്കുന്നത്.
നേരത്തേയുള്ള നിയമപ്രകാരം ടൂര്‍ പാക്കേജ് ബുക്ക് ചെയ്യുമ്പോള്‍, അതിനുള്ള ചെലവിന്റെ അഞ്ചു ശതമാനം കെട്ടിവയ്ക്കണമായിരുന്നു.
എന്നാല്‍ ഒക്ടോബര്‍ ഒന്നു മുതല്‍, ടൂര്‍ പാക്കേജ് ഫീസ് ഏഴു ലക്ഷം രൂപ വരെയാണെങ്കില്‍ അഞ്ച് ശതമാനവും, അതില്‍ കൂടുതലാണെങ്കില്‍ 20 ശതമാനവും TCS ആയി കെട്ടിവയ്ക്കണം.
മാതാപിതാക്കളെ കൊണ്ടുവരുമ്പോള്‍ നികുതി നല്‍കണോ?
വിദേശ യാത്രയ്ക്കുള്ള ടിക്കറ്റോ, അല്ലെങ്കില്‍ ഹോട്ടല്‍ താമസമോ മാത്രമായി ബുക്ക് ചെയ്യുമ്പോള്‍ ഈ നിയമ പ്രകാരം TCS നല്‍കേണ്ടതില്ല എന്ന് RBI വ്യക്തമാക്കിയിട്ടുണ്ട്.
ടിക്കറ്റും, താമസവും ഒരുമിച്ച് ബുക്ക് ചെയ്യുമ്പോള്‍ മാത്രമാണ് അത് ടൂര്‍ പാക്കേജായി കണക്കാക്കുന്നതും, സ്രോതസിലെ നികുതി ഈടാക്കുന്നതും.
അതിനാല്‍, മാതാപിതാക്കളെ വിദേശത്തേക്ക് കൊണ്ടുവരാനായി ടിക്കറ്റെടുക്കുകയാണെങ്കില്‍ TCS നല്‍കേണ്ടി വരില്ല.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍
ഇന്റര്‍നാഷണല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിദേശത്ത് പണം നല്‍കുന്നത് LRSന്റെ പരിധിയില്‍ വരില്ല എന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, ഡെബിറ്റ് കാര്‍ഡും, വയര്‍ ട്രാന്‍സ്ഫറും വഴി വിദേശത്ത് പണം ചെലവാക്കുന്നത് LRS ആയി കണക്കാക്കും.