കേരളത്തിൽ മലയാള ഭാഷയുടെ പേരിൽ മലയാളികൾ ഒരുമിച്ചു കൂടുന്നത് ഇപ്പോൾ അപൂർവമാണെന്ന് സക്കറിയ പറഞ്ഞു. വിദേശരാജ്യങ്ങളിൽ ജീവിക്കുന്ന മലയാളികൾക്ക് മാത്രമാണ് അതിന് കഴിയുന്നത്.
ഓസ്ട്രേലിയൻ മലയാളികളുടെ സാഹിത്യസൃഷ്ടികളുമായി 2002 മുതൽ പുറത്തിറക്കുന്ന കേരളനാദം മാഗസിന്റെ ഈ വർഷത്തെ പതിപ്പ് സിഡ്നിയിൽ പ്രകാശനം ചെയ്യുകയായിരുന്നു സക്കറിയ.
പാരമറ്റ കൗൺസിലർ സമീർ പാണ്ഡെയ്ക്ക് നൽകിയാണ് അദ്ദേഹം മാഗസിൻ പുറത്തിറക്കിയത്.
ജാതി-മത-രാഷ്ട്രീയ വേർതിരിവുകൾക്കിടയിലും, മലയാളികളെ ഭാഷയുടെ പേരിൽ ഒരേ വേദിയിൽ കൊണ്ടുവരാൻ കഴിയുന്നത് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കൗൺസിലർ സമീർ പാണ്ഡെയ്ക്ക് കേരളനാദം മാഗസിന്റെ ആദ്യപ്രതി സക്കറിയ കൈമാറുന്നു Source: Supplied
“വേർതിരിവുകളുടെ കേരളം”
മലയാളി എന്ന ഒരുമയെക്കാൾ, ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിലെ വേർതിരിവുകളാണ് കേരളത്തിൽ കൂടുതൽ.
ഇത്തരത്തിൽ മലയാളിയെ പല കളങ്ങളിലാക്കി നേട്ടം കൊയ്യുകയാണ് എല്ലാ രാഷ്ട്രീയപാർട്ടികളുമെന്ന് സക്കറിയ കുറ്റപ്പെടുത്തി.
ഇതിൽ രാഷ്ട്രീയപാർട്ടികളെക്കാൾ മുന്നില് നിൽക്കുന്നത് മാധ്യമങ്ങളാണെന്നും, അർദ്ധസത്യങ്ങളും അസത്യങ്ങളും മാത്രമാണ് എല്ലാ മാധ്യമങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പ്രശസ്ത എഴുത്തുകാരുടെ കൃതികൾ ഉൾക്കൊള്ളിച്ചാണ് ഇത്തവണ കേരളനാദം പുറത്തിറക്കിയിരിക്കുന്നതെന്ന് മാഗസിൻ ചീഫ് എഡിറ്റർ ജേക്കബ് തോമസും, മാഗസിൻ അവതരിപ്പിച്ച എഡിറ്റോറിയൽ ബോർഡംഗം അവനീഷ് പണിക്കരും ചൂണ്ടിക്കാട്ടി.
സക്കറിയ, M N കാരശ്ശേരി, ബെന്യാമിൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, വയലാർ ശരത്ചന്ദ്രവർമ്മ, പ്രൊഫ. കെ വി തോമസ്, ബിച്ചു തിരുമല, മുരുകൻ കാട്ടാക്കട, ഷൈനി ബെഞ്ചമിൻ, ലോറസ് ഫെർണാണ്ടസ് എന്നിവരുടെ രചനകൾക്ക് പുറമേ, ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികളുടെ സൃഷ്ടികളും ഇതിലുണ്ട്.

കേരളനാദം ചീഫ് എഡിറ്ററായി പത്തു വർഷം പൂർത്തിയാക്കിയ ജേക്കബ് തോമസിനെ സക്കറിയ അനുമോദിക്കുന്നു Source: Supplied
ഇംഗ്ലീഷ് നോവൽ
സക്കറിയയുടെ ആദ്യ ഇംഗ്ലീഷ് നോവലായ A Secret History of Compassionന്റെ ഓസ്ട്രേലിയയിലെ പ്രകാശനവും ഈ വേദിയിൽ നിർവഹിച്ചു.
അഡ്ലൈഡിൽ നടന്ന ജയ്പ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഈ പുസ്തകത്തെ ശശി തരൂർ അവതരിപ്പിച്ചിരുന്നു.
ഇംഗ്ലീഷ് സാഹിത്യരംഗത്തേക്ക് കടന്നതിനെക്കുറിച്ചും സാമൂഹ്യ വിമർശനങ്ങളെക്കുറിച്ചുമെല്ലാം സദസിനോട് സക്കറിയ സംവദിക്കുകയും ചെയ്തു.

സക്കറിയയുടെ ഇംഗ്ലീഷ് നോവലിന്റെ ഓസ്ട്രേലിയയിലെ പ്രകാശനം Source: Supplied
ഏറെ പതിറ്റാണ്ടുകളായി ഇംഗ്ലീഷ് സാഹിത്യം തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും, ഇത്രയും കാലം മലയാളത്തിൽ എഴുതിയതിന്റെ ഒരു തുടർച്ച തന്നെയാണ് ഇംഗ്ലീഷ് നോവലിലേക്കുള്ള പ്രവേശനമെന്നും അദ്ദേഹം പറഞ്ഞു.
നാടൻ പാട്ടും കവിതയുമെല്ലാം നിറഞ്ഞ പ്രകാശന ചടങ്ങിനെക്കുറിച്ച് കൂടുതൽ കേൾക്കാം:

Source: Supplied

Source: Supplied
കൂടുതൽ ഓസ്ട്രേലിയൻ വാർത്തകൾക്കും ഓസ്ട്രേലിയൻ മലയാളികളുടെ വിശേഷങ്ങൾക്കും SBS Malayalam വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക