ദക്ഷിണ ആകാശത്തിന്റെ എല്ലാ കോണുകളിലും നിന്ന് 2017ലെ ദേശീയ ഭരണഘടനാ മഹാസമ്മേളനത്തില്‍ ഒത്തുകൂടിയ ഞങ്ങള്‍, ഹൃദയത്തില്‍ നിന്നും ഈ പ്രസ്താവന പുറപ്പെടുവിക്കുന്നു: ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിലെയും അതിന്റെ സമീപ ദ്വീപുകളിലെയും ആദ്യ പരമാധികാരികളാണ് ഞങ്ങളുടെ ആദിമവർഗ്ഗക്കാരും ടോറസ് സ്ട്രെയ്റ്റ് ഐലന്റിലെ ഗോത്രവർഗ്ഗക്കാരും. ഞങ്ങളുടേതായ നിയമങ്ങളും ആചാരങ്ങളും കൊണ്ട് സ്വന്തമാക്കിയ നാട്.
സൃഷ്ടിയുടെ കാലം മുതല്‍ക്കേ തങ്ങളുടേതായ സംസ്‌കാരത്തില്‍ ഉറച്ചുനിന്ന്, ചരിത്രാതീത കാലം മുതലുള്ള പൊതു നിയമങ്ങളും, 60,000 വര്‍ഷം മുന്നിലെ ശാസ്ത്രവും അടിസ്ഥാനമാക്കിയാണ് ഞങ്ങളുടെ പൂര്‍വികര്‍ അത് സാധ്യമാക്കിയത്.. ആത്മാവില്‍ നിന്നുള്ള ഒരു വികാരമാണ് ആ പരമാധികാരം: ഈ മണ്ണും, അഥവാ പ്രകൃതിമാതാവും, അവിടെ നിന്ന് ജന്‍മമെടുക്കുന്ന ആദിമവര്‍ഗ്ഗ-ടോറസ് സ്‌ട്രൈറ്റ് ഐലന്‌റുകാരും തമ്മിലുള്ള പരമ്പരാഗതബന്ധം അങ്ങനെ തന്നെ നിലനില്‍ക്കും.
ഒരു ദിവസം പൂര്‍വികര്‍ക്കൊപ്പം ചേരാനായി പ്രകൃതിയിലേക്ക് തന്നെ തിരിച്ചുപോകേണ്ടിയും വരും..
ഈ മണ്ണിന്റെ ഉടമസ്ഥതയുടെയും, അഥവാ പരമാധികാരത്തിന്റെയു, അടിസ്ഥാനവും ഇതേ ബന്ധം തന്നെയാണ്. ഇത് ഒരിക്കലും അടിയറവയ്ക്കുകയോ, ഇല്ലാതാക്കപ്പെടുകയോ ചെയ്തിട്ടില്ല. മറിച്ച് രാജഭരണത്തിന്റെ പരമധികാരവുമായി ഒരുമിച്ച്‌പോകുകയാണ് ചെയ്തിട്ടുള്ളത്. അറുപത് സഹസ്രാബ്ദങ്ങള്‍ തങ്ങളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന നാട് വെറും 200 വർഷങ്ങൾക്കിടയിൽ എങ്ങനെ ലോകചരിത്രത്തിൽ നിന്ന് തന്നെ അപ്രത്യക്ഷമായി?
ഭരണഘടനാ ഭേദഗതിയും, ഘടനാപരമായ പരിഷ്‌കാരങ്ങളും കൊണ്ട് ഓസ്‌ട്രേലിയയുടെ പൂര്‍ണതയിലേക്ക് കൂടുതല്‍ വെളിച്ചം പകരാന്‍ ഈ അതിപുരാതന പരമാധികാരത്തിന് കഴിയുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.
ഞങ്ങൾ ജന്മം കൊണ്ട് ക്രിമിനലുകൾ അല്ല. എങ്കിലും ഞങ്ങളാണ് ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ തടവിലാക്കപ്പെട്ടവർ. ഞങ്ങളുടെ കുട്ടികളിൽ നല്ലൊരു ശതമാനത്തെയും അവരുടെ കുടുംബങ്ങളിൽ നിന്ന് പറിച്ചു മാറ്റി. അവരോടുള്ള ഞങ്ങളുടെ സ്നേഹക്കുറവുകൊണ്ടല്ല അത്.
ഞങ്ങളുടെ യുവജനതയില്‍ നല്ലൊരുഭാഗം തടവിൽ കിടന്നു തളരുകയാണ്. ഞങ്ങളുടെ ഭാവി പ്രതീക്ഷകളാകേണ്ടവരാണ് അവര്‍..
എന്തു തരം പ്രശ്‌നങ്ങളാണ് ഞങ്ങള്‍ നേരിടുന്നതെന്ന്, ഈ പ്രതിസന്ധികളുടെ ബാഹുല്യം തന്നെ വരച്ചുകാട്ടുന്നുണ്ട്.
ഞങ്ങളുടെ ദൗര്‍ബല്യം കൊണ്ടുള്ള യാതനകളാണ് ഇവ. . ഞങ്ങളുടെ ജനങ്ങളുടെ ശാക്തീകരണവും, ഈ രാജ്യത്ത് അവർക്ക് ഉചിതമായ സ്ഥാനം ലഭിക്കുന്നതും ലക്ഷ്യമിട്ടാണ് ഭരണഘടനയിൽ മാറ്റം കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കുന്നത്. സ്വന്തം ഭാഗധേയം തീരുമാനിക്കാന്‍ ഞങ്ങള്‍ക്ക് അധികാരം കിട്ടുമ്പോള്‍, ഞങ്ങളുടെ കുട്ടികള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായി വളരും. അവര്‍ രണ്ടു ലോകങ്ങളിലേക്കും നടക്കും. അവരുടെ സംസ്‌കാരം അവരുടെ രാജ്യത്തിന് ലഭിക്കുന്ന സമ്മാനമാകും.
ഓസ്‌ട്രേലിയൻ ഭരണഘടനയിൽ ആദിമവർഗ്ഗക്കാരുടെ സ്വരം അഥവാ ഫസ്റ്റ് നേഷൻസ് വോയിസ് എഴുതിച്ചേര്‍ക്കാനാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.
ഞങ്ങളുടെ ഈ ആവശ്യങ്ങളുടെ പൂര്‍ത്തീകരണമാകും മാകരാറ്റ, അഥവാ ഉടമ്പടി. പോരാട്ടത്തിനു ശേഷമുള്ള ഒരുമിച്ചുചേരല്‍. ഓസ്‌ട്രേലിയന്‍ ജനങ്ങളുമായി സത്യസന്ധവും നീതിയുക്തവുമായ സഹവര്‍ത്തിത്വം, ഞങ്ങളുടെ കുട്ടികള്‍ക്ക് നീതിയും സ്വയംനിര്‍ണ്ണയാവകാശവും എന്നീ ആഗ്രഹമാണ് അതില്‍ പ്രതിഫലിക്കുന്നത്.
സര്‍ക്കാരുകളും ആദിമവര്‍ഗ്ഗക്കാരുമായുള്ള ഉടമ്പടിക്കും, ഞങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള കഥകള്‍ പറയുന്നതിനും മേല്‍നോട്ടം വഹിക്കാനായി ഒരു മകരാറ്റ കമ്മീഷന്‍ രൂപീകരിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. 1967ല്‍ ഞങ്ങളെയും എണ്ണത്തില്‍ കൂട്ടി. 2017ല്‍, ഞങ്ങളെ കേള്‍ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ബേസ് ക്യാംപുകൾ വിട്ടു ഞങ്ങൾ ഈ വലിയ രാജ്യത്തുകൂടി നടന്ന് തുടങ്ങുകയാണ്. ഈ ഓസ്‌ട്രേലിയൻ ജനതയുടെ നല്ല ഭാവിക്കായി ഞങ്ങളോടൊപ്പം നടക്കാൻ നിങ്ങളെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഉളുരു സ്റ്റേറ്റ്മെന്റ് ഫ്രം ഹാർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: http://www.ulurustatement.org. അല്ലെങ്കിൽ UNSW ഇൻഡിജെനസ് ലോ സെന്ററിന് ilc@unsw.edu.auൽ ഇമെയിൽ ചെയ്യാം. ഉളുരു സ്റ്റേറ്റ്മെന്റ് ഫ്രം ഹാർട്ടിലേക്ക് നയിച്ച നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ ഇവിടെ അറിയാം.
ഈ പോഡ്കാസ്റ്റ് സമാഹാരത്തിൽ 20 ലേറെ ആദിമവർഗ്ഗ ഭാഷകളും (നോർതേൺ ടെറിട്ടറിയിലേതും വടക്കുപടിഞ്ഞാറൻ ഓസ്ട്രേലിയയിലേതും) ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ആദിമവർഗ്ഗ ഭാഷകൾ വിവർത്തനം ചെയ്യുമ്പോൾ ഇവിടേക്ക് കൂട്ടിച്ചേർക്കുന്നതാണ്. ഓസ്ട്രേലിയൻ ബഹുസ്വര സമൂഹത്തിലെ 60ലേറെ ഭാഷകളിലും പോഡ്കാസ്റ്റുകളുണ്ട്.