ഓസ്‌ട്രേലിയൻ ജൂനിയർ ഡോക്ടർ ഓഫ് ദ ഇയർ 2019 കൂടാതെ നോർത്തേൺ ടെറിറ്ററി ജൂനിയർ ഡോക്ടർ ഓഫ് ദ ഇയർ പുരസ്കാരത്തിനും അർഹനായിരിക്കുകയാണ് ഡോ. സഞ്ജയ് ജോസഫ്. റോയൽ ഡാർവിൻ ആശുപത്രിയിൽ റസിഡന്റ് ഡോക്ടറാണ് സഞ്ജയ്.
കാൻബറയിൽ നടന്ന നാഷണൽ പ്രീവൊക്കേഷണൽ മെഡിക്കൽ എജ്യൂക്കേഷൻ ഫോറത്തിലായിരുന്നു
സഞ്ജയ് ജോസഫിന് അവാർഡ് നൽകിയത്. ജൂനിയർ ഡോക്ടർമാരുടെ പരിശീലനത്തിൽ നിരവധി മാറ്റങ്ങൾ നടപ്പാക്കാൻ സഞ്ജയ് മുൻകൈയെടുത്ത് ശ്രമിച്ചിരുന്നു. കൂടുതൽ ആരോഗ്യകരമായ അന്തരീക്ഷത്തിൽ ജൂനിയർ ഡോക്ടർമാർക്ക് പ്രവർത്തിക്കാൻ കഴിയുന്നതിനുള്ള നിർദ്ദേശങ്ങൾ അദ്ദേഹം മുന്നോട്ടു വച്ചതും കണക്കിലെടുത്താണ് പുരസ്കാരം നൽകിയത്.
പരിപാടിയിൽ സംസാരിച്ച നോർത്തേൺ ടെറിറ്ററി ആരോഗ്യ മന്ത്രി നടാഷ ഫൈൽസ് ഡോക്ടർ സഞ്ജയുടെ സംഭാവനകളെ അഭിനന്ദിച്ചു.
ജൂനിയർ ഡോക്ടർമാരുടെ പരിശീലനത്തിന് സഞ്ജയ് നൽകിയ നേതൃത്വവും, ഉൾനാടൻ മേഖലയിലെ ആരോഗ്യപരിപാലനത്തിൽ അദ്ദേഹത്തിനുള്ള താൽപര്യവും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

Junior Doctor of the Year 2019, Dr Sanjay Joseph speaking in Canberra Source: Supplied
ജൂനിയർ ഡോക്ടർമാർക്ക് ജോലിക്കിടയിൽ ഇടവേള വേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. ഇതിനായി പേജിങ് സംവിധാനം ഉപയോഗപ്പെടുത്താൻ തുടങ്ങി
ഇതിനുപുറമെ, പാൽമെർസ്‌റ്റൺ റീജിയണൽ ആശുപത്രിയിൽ പുതിയതായി എത്തുന്ന ജൂനിയർ ഡോക്ടർമാർക്കുള്ള ഓറിയന്റേഷൻ പദ്ധതി നടപ്പാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് ഡോക്ടർ സഞ്ജയ് ജോസഫാണ്.
ഇതിനൊപ്പം, പുതിയതായി ഓസ്‌ട്രേലിയിലെത്തുന്ന അഭയാർത്ഥികളെ സഹായിക്കുന്ന പദ്ധതിയിലും ഡോക്ടർ സഞ്ജയ് നേതൃത്വം നൽകുന്നുണ്ട്. ഓസ്‌ട്രേലിയയിലെ ആരോഗ്യ പരിപാലന രംഗത്തെക്കുറിച്ചു പഠിപ്പിക്കുന്ന പ്രത്യേക പരിപാടിയായ ഹെൽത്തി സ്റ്റാർട്ട് പ്രോഗ്രാമിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമാണ്.
പെർത്തിൽ ജനിച്ചു വളർന്ന ഡോക്ടർ സഞ്ജയ് ഫ്ലിൻഡേഴ്‌സ് സർവകലാശാലയിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.
ഓസ്‌ട്രേലിയയിൽ മെഡിസിൻ പഠനം പൂർത്തിയാക്കി രണ്ടു വർഷം പിന്നിട്ടപ്പോൾ ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതിന്റെ വിശേഷങ്ങൾ ഡോക്ടർ സഞ്ജയ് എസ് ബി എസ് മലയാളവുമായി പങ്ക് വച്ചു. അത് ഇവിടെ കേൾക്കാം.