2018 സ്ക്വാഷ് മത്സരങ്ങളില്‍ U-11 വിഭാഗത്തിൽ ഓസ് ട്രേലിയയില്‍ ദേശീയതലത്തില്‍ ജൊവാൻ ഒന്നാം റാങ്കിലേക്കുയര്‍ന്നിരുന്നു. രണ്ട് വർഷത്തിന് ശേഷം ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ ജൊവാൻ.
രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ജൊവാൻ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഗോൾഡ് കോസ്റ്റിൽ വച്ച് ഏപ്രിലിൽ സ്‌ക്വാഷ് ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന ട്രാൻസ് - ടാസ്മാൻ ടെസ്റ്റ് പരമ്പരയിൽ ന്യൂസിലന്റിനെതിരെയാണ് ജൊവാൻ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്.
തന്റെ അച്ഛന് സ്‌ക്വാഷിനോടുള്ള താല്പര്യമാണ് തന്നെയും ഈ കളിയിലേക്ക് ആകര്ഷിച്ചതെന്ന് ജൊവാൻ പറയുന്നു. ടെന്നിസും ടേബിൾ ടെന്നിസും മറ്റും കളിക്കുമെങ്കിലും ഇവയെക്കാൾ സ്‌ക്വാഷാണ് തന്നെ ഏറെ ആകര്ഷിച്ചതെന്നും ജൊവാൻ സൂചിപ്പിച്ചു.

Source: Supplied
ഈ വര്ഷം ഹൈ സ്കൂൾ പഠനം ആരംഭിച്ച ജൊവാൻ പഠനത്തിലും ഒന്നാമതാണ്. ബാക്കസ് മാഷ് ഗ്രാമർ സ്കൂളിൽ സ്കോളര്ഷിപ്പോടെ പ്രവേശനം ലഭിച്ച ഈ 12 കാരി കളിയോടൊപ്പം തന്നെ പഠനത്തിനും മുൻതൂക്കം കൊടുക്കാറുണ്ടെന്ന് ജോവാന്റെ അച്ഛന് അനിൽ ജോസഫ് പറയുന്നു.
ആഴ്ചയിൽ അഞ്ച് ദിവസവും വൈകുന്നേരങ്ങൾ സ്‌ക്വാഷ് പരിശീലനത്തിനായി മാറ്റിവയ്ക്കുന്ന ജൊവാൻ കളിക്കിടയിലെ ഇടവേളകളിൽ ഹോം വർക് ചെയ്യാൻ സമയം കണ്ടെത്തും. കളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് ജൊവാൻ പഠനത്തിലും മികവ് തെളിക്കാൻ തുടങ്ങിയതെന്നും അനിൽ ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് അനിൽ ജോസഫ് വിവരിക്കുന്നത് ഇവിടെ കേൾക്കാം.

Source: Supplied