ചൈൽഡ് കെയറിൽ പോകുന്ന കുട്ടികൾക്ക് നിലവിൽ ലഭിക്കുന്ന ചൈൽഡ് കെയർ ബെനഫിറ്റും, ചൈൽഡ് കെയർ റിബേറ്റും നിർത്തലാക്കിയാണ്, ചൈൽഡ് കെയർ സബ്സിഡി എന്ന ഒറ്റ ആനുകൂല്യം കൊണ്ടുവരുന്നത്.
13 വയസിൽ താഴെയുള്ള, വാക്സിനേഷനുകളെല്ലാം പൂർത്തിയാക്കിയ കുട്ടികൾക്ക് ഈ സബ്സിഡി ലഭിക്കും. ചൈൽഡ് കെയർ സെന്ററുകൾക്ക് നേരിട്ടായിരിക്കും സർക്കാർ സബ്സിഡി തുക നൽകുക.
ഇതേക്കുറിച്ച് വിശദമായി കേൾക്കാം
എന്താണ് സബ്സിഡി
നിലവിൽ രക്ഷിതാക്കളുടെ വരുമാനം കണക്കിലെടുത്തായിരുന്നു ചൈൽഡ് കെയർ ബെനഫിറ്റ് എന്ന ആനുകൂല്യം നൽകിയിരുന്നത്. എന്നാൽ ചൈൽഡ് കെയർ റിബേറ്റാകട്ടെ, വരുമാനം കണക്കിലെടുക്കാതെയും. എല്ലാവർക്കും 7,500 ഡോളർ വരെ വർഷം റിബേറ്റായി ലഭിക്കുമായിരുന്നു.
അതേസമയം, പുതിയ ചൈൽഡ് കെയർ സബ്സിഡി നൽകുന്നതിന് മൂന്നു മാനദണ്ഡങ്ങളായിരിക്കും ഉണ്ടാവുക.
- കുടുംബത്തിന്റെ വരുമാനം
- രക്ഷിതാക്കളുടെ ജോലി/പഠന സമയം
- ഏതു തരത്തിലുള്ള ചൈൽഡ് കെയർ
കുടുംബവരുമാനം
ചൈൽഡ് കെയർ ഫീസിന്റെ എത്ര ശതമാനം വരെ സബ്സിഡിയായി ലഭിക്കണം എന്നു തീരുമാനിക്കുന്നതിൽ ഒരു ഘടകം കുട്ടിയുടെ അച്ഛനും അമ്മയ്ക്കും കിട്ടുന്ന ആകെ വാർഷിക വരുമാനമാണ്.
കുടുംബത്തിന്റെ വാർഷിക വരുമാനം അനുസരിച്ചുള്ള സബ്സിഡി നിരക്കുകൾ ഇങ്ങനെയാണ്.

കുടുംബവരുമാനവും സബ്സിഡി നിരക്കും Source: Courtesy of education.gov.au
രക്ഷിതാക്കളുടെ ജോലി/പഠനം
ആഴ്ചയിൽ എത്ര മണിക്കൂർ കുട്ടിയുടെ അച്ഛനുമമ്മയും ജോലി ചെയ്യുകയോ, പഠിക്കുകയോ അല്ലെങ്കിൽ ജോലി തേടുകയോ ചെയ്യുന്നു എന്നതും സബ്സിഡി തീരുമാനിക്കുന്നതിൽ നിർണായകമാണ്. ആക്ടിവിറ്റി ടെസ്റ്റ് എന്നാണ് ഇതിനെ വിളിക്കുന്നത്.
ആക്ടിവിറ്റി ടെസ്റ്റിനനുസരിച്ച് സബ്സിഡി മാറുന്നത് ഇങ്ങനെയാണ്.
ആക്ടിവിറ്റി ടെസ്റ്റിൽ അംഗീകരിക്കുന്ന കാര്യങ്ങൾ ഇവയാണ്.

തൊഴിൽ/പഠനസമയവും പരമാവധി സബ്സിഡിയും Source: Courtesy of education.gov.au
- ശമ്പളമുള്ള ജോലി/ലീവ്
- സ്വയംതൊഴിൽ
- കുടുംബബിസിനസിൽ ശമ്പളമില്ലാത്ത തൊഴിൽ
- തൊഴിലവസരം മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനം
- അംഗീകൃത സ്ഥാപനത്തിലെ പഠനം
- വോളന്റീയറിംഗ്
- പെയിഡ് പേരന്റൽ ലീവ് (മെറ്റേണിറ്റി ലീവ് ഉൾപ്പെടെ)
ഏതു തരം ചൈൽഡ് കെയർ?
കുട്ടി പോകുന്നത് ചൈൽഡ് കെയർ സെന്ററിലാണോ ഫാമിലി ഡേ കെയറിലാണോ എന്നതും സബ്സിഡി നിരക്കിലെ മാറ്റത്തിന് കാരണമാകും. ഇങ്ങനെയാണ് ആ നിരക്കുകൾ.
വർഷം 1,86,958 ഡോളർ വരെ വരുമാനം ലഭിക്കുന്ന കുടുംബങ്ങൾക്ക് സബ്സിഡി തുകയ്ക്ക് പരിധി ഉണ്ടാകില്ല. അതായത്, എത്ര ഫീസ് ചൈൽഡ് കെയറിൽ നൽകിയാലും മുകളിലെ മാനദണ്ഡങ്ങൾ പ്രകാരം സബ്സിഡി ലഭിക്കും.

ചൈൽഡ് കെയർ സേവനവും സബ്സിഡി നിരക്കും Source: courtesy of education.gov.au
1,86,958 മുതൽ 3,51,248 ഡോളർ വരെ വരുമാനമുള്ളവർക്ക് 10,190 ഡോളറായിരിക്കും ഒരു വർഷം ഒരു കുട്ടിക്ക് ലഭിക്കുന്ന പരമാവധി സബ്സിഡി.
പുതിയ ആനുകൂല്യം ലഭിക്കാൻ അപേക്ഷ നൽകണം
നിലവിൽ ചൈൽഡ് കെയറിൽ പോകുന്ന കുട്ടികളാണെങ്കിൽ പോലും പുതിയ സംവിധാനത്തിലേക്ക് സ്വമേധയാ മാറില്ല. മറിച്ച് രക്ഷിതാക്കൾ മൈ ഗവ് വെബ്സൈറ്റിൽ പോയി ഓൺലൈൻ അസസ്മെന്റ് പൂർത്തിയാക്കണം.
ചൈൽഡ് കെയർ ആനുകൂല്യം ലഭിക്കുന്ന എല്ലാ കുട്ടികളുടെയും വീട്ടിലേക്ക് ഈ മാസം സെൻറർലിങ്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയക്കും. ജൂലൈ രണ്ടിന് മുമ്പ് മൈ ഗവ് വെബ്സൈറ്റിൽ അസസ്മെന്റ് പൂർത്തിയാക്കിയില്ലെങ്കിൽ പുതിയ ആനുകൂല്യം കിട്ടില്ല എന്നാണ് സർക്കാർ നൽകുന്ന മുന്നറിയിപ്പ്.