കഴിഞ്ഞ 15 വർഷമായി പാർക്കിൻസൻസ് രോഗത്തിന് മരുന്നുകളും ഡീപ് ബ്രെയിൻ സ്റ്റിമുലേഷനും മാത്രമായിരുന്നു ചികിത്സാ രീതികൾ. ഈ രീതികളെല്ലാം രോഗത്തെയല്ല മറിച്ച് രോഗലക്ഷണത്തെയാണ് ചികിത്സിച്ചിരുന്നതെന്ന് ഡോക്ടർ ഗിരീഷ് നായർ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
എന്നാൽ തലച്ചോറിൽ പാർക്കിൻസൻസ് രോഗകാരണമായ പ്രദേശത്ത് പ്രത്യേക സ്റ്റെം സെല്ലുകൾ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയാണ് ഡോ. ഗീരീഷിൻറെ നേതൃത്വത്തിലുളള സംഘം റോയൽ മെൽബൺ ആശുപത്രിയിൽ നടത്തിയത്.
ഇതുവരെയും ലോകത്തെങ്ങും പാർക്കിൻസൻസ് രോഗത്തിനെതിരെ സ്റ്റെം സെൽ ശസ്ത്രക്രിയാ രീതി വികസിപ്പിച്ചിട്ടില്ലെന്നും, അതുകൊണ്ടു തന്നെ പരീക്ഷണാടിസ്ഥാനത്തിലാണ് തങ്ങൾ ഈ ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ശസ്ത്രക്രിയയെക്കുറിച്ച് ഡോക്ടർ ഗിരീഷ് തന്നെ വിശദീകരിക്കുന്നത് ഇവിടെ കേൾക്കാം.ഇതോടെ ഓസ്ട്രേലിയയിലെ പ്രമുഖ മാധ്യമങ്ങളിലെല്ലാം വാർത്തയായിരിക്കുകയാണ് ഡോക്ടർ ഗിരീഷ് നായർ.
ഇതിന് രണ്ടാഴ്ച മുന്പും ഡോക്ടർ ഗിരീഷ് നായർ വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. ഓസ്ട്രേലിയയിൽ ആദ്യമായി പാർക്കിൻസൻസ് രോഗത്തിന് നവീന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മറ്റൊരു ശസ്ത്രക്രിയ നടത്തിയതാണ് അന്ന് വാർത്തയായത്.
ചെങ്ങന്നൂർ സ്വദേശിയായ ഡോക്ടർ ഗിരീഷ് നായർ 2007 ലാണ് ഓസ്ട്രേലിയയിലേക്ക് എത്തുന്നത്. അന്ന് മുതൽ റോയൽ മെൽബൺ ആശുപത്രിയിൽ കൺസൽട്ടൻറ് ന്യൂറോസർജനാണ് അദ്ദേഹം. 2005-2007 കാലയളവിൽ അദ്ദേഹം കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്ററിന്റെ ന്യൂറോസർജറി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറായി ജോലി നോക്കിയിരുന്നു.
മെൽബണിലെ ഫുട്സ്ക്രെയിൽ ന്യൂറോസർജറി യൂണിറ്റിന്റെ മേധാവിയുമാണ് ഡോ ഗിരീഷ്. പാർക്കിൻസൻസിനും ചലനവുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങൾക്കുമുള്ള ശസ്ത്രക്രിയയ്ക്ക് പുറമെ, തലച്ചോറിന്റെയും നട്ടെല്ലിന്റെയും ശസ്ത്രക്രിയയിലും പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ളയാളാണ് ഡോ ഗിരീഷ് നായർ.
ചെങ്ങന്നൂരിൽ പരേതനായ കേണൽ എ ജി എസ് നായരുടെയും രാധ എസ് നായരുടെയും മകനാണ് ഡോ ഗിരീഷ്. ഭാര്യ ശ്രീവിദ്യ നായർ സീനിയർ ബിസിനസ് കൺസൽട്ടൻറ് ആയി ജോലി ചെയ്യുന്നു. ഗിതാഞ്ജലി നായർ, രാഘവ് നായർ എന്നിവർ കുട്ടികളാണ്.
ഈ ശസ്ത്രക്രിയയെക്കുറിച്ച് എസ് ബി എസ് ടെലിവിഷൻ തയ്യാറാക്കിയ റിപ്പോർട്ട് ഇവിടെ കാണാം.