കൊറോണവൈറസിനെ പ്രതിരോധിക്കാനുള്ള സാമൂഹിക നിയന്ത്രണങ്ങൾക്കിടയിൽ സംഗീതത്തിലേക്ക് തിരിയുന്ന നിരവധിപേരുണ്ട്.
കൊറോണക്കാലത്തെ ഒറ്റപ്പെടലിനിടയിൽ ആശ്വാസമായി മാറുകയാണ് ഓൺലൈൻ സംഗീത വേദികൾ .
സാമൂഹിക നിയന്ത്രണങ്ങൾക്കിടയിൽ ഓരോരുത്തരും കടന്നുപോകുന്ന സാഹചര്യത്തെക്കുറിച്ച് പരസ്പരം പങ്ക് വക്കാനും ഇഷ്ടമുള്ള ഒരു ഗാനത്തിലൂടെ പുറം ലോകവുമായി ബന്ധപ്പെടാനും ഒരു ഓൺലൈൻ വേദിയൊരുക്കിയിരിക്കുയാണ് സിഡ്‌നിയിലെ ഒരുകൂട്ടം മലയാളികൾ.
സിഡ്‌നി മലയാളം ലൈവ് എന്ന യൂട്യൂബ് ചാനൽ ഒരുക്കുന്ന സംഗീതം സാന്ത്വനം എന്ന പരിപാടി ഓൺലൈൻ വേദികളിൽ ശ്രദ്ധേയമായ പരിപാടികളിൽ ഒന്നാണ്.
സംഗീതത്തിലൂടെ ആശ്വാസം കണ്ടെത്തുക മാത്രമല്ല സാമൂഹിക നിയന്ത്രണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പരസ്പരം ഓർമിപ്പിക്കുന്നതിന് ഒരവസരംകൂടിയായി പലരും ഇതിനെ ഉപയോഗിക്കുന്നതായി വേദിക്ക് നേതൃത്വം നൽകുന്ന സന്തോഷ് ജോസഫ് പറഞ്ഞു.
ഓൺലൈനിൽ ഇരുപതിലധികം മലയാളികൾ ഒരുമിച്ച് ഗാനം അവതരിപ്പിക്കുയാണ് ന്യൂ സൗത്ത് വെയിൽസിലെ ന്യൂകാസിലുള്ള ജോജോ ജോസഫിന്റെ യൂട്യൂബ് ചാനലിലൂടെ.
ഗാനത്തിന്റെ അണിയറ പ്രവർത്തനങ്ങളിലുള്ള കൂട്ടായ ശ്രമങ്ങൾ കൊറോണക്കാലത്ത് ബന്ധങ്ങൾ നിലനിർത്താൻ സഹായിക്കുന്നതായി ജോജോ ജോസഫ് പറയുന്നു.
സംഗീതത്തിൽ താല്പര്യമുള്ള ബ്രിസ്‌ബെയ്‌നിലുള്ള മുപ്പത്തിയഞ്ചോളം കുട്ടികൾക്ക് ഒരുമിച്ച് ഒരു വേദിയിൽ ഓൺലൈനായി ഗാനം അവതരിപ്പിക്കാൻ കഴിഞ്ഞത് കൊറോണക്കാലത്ത് വേറിട്ട അനുഭവമായി.
വിവിധ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്ന കുട്ടികൾക്കും ഗായകർക്കും ഒരു ഗാനത്തിലൂടെ ഒരുമിച്ചു വരുവാൻ വേദിയൊരുക്കുകയായിരുന്നു ബ്രിസ്ബെയ്നിലുള്ള റീജു ജോർജ്.
സ്കൂളിൽ നിന്നും കൂട്ടുകാരിൽനിന്നുമൊക്കെ അകന്ന് കഴിയുന്ന കുട്ടികൾക്ക് അവരുടെ സംഗീതത്തിലൂടെ ഒരുമിച്ച് കൂടാൻ ഇതൊരു അവസരമായി.
ഈ ഓൺലൈൻ വേദികളിൽ എങ്ങനെ നിരവധി പേർ ഒരുമിച്ച് ചേരുന്നു എന്ന് ഇവിടെ കേൾക്കാം.