വിദേശപൗരത്വമുള്ളതുകാരണം നിരോധിക്കപ്പെട്ട ഇന്ത്യന്‍ നോട്ടുകള്‍ മാറിയെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും. നോട്ടു നിരോധനം പ്രഖ്യാപിച്ചതിനു ശേഷം ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലേക്ക് പോകാന്‍ കഴിയാതിരുന്ന വിദേശ ഇന്ത്യാക്കാരാണ് ഈ പ്രതിസന്ധി നേരിടുന്നത്.
ഇന്ത്യയില്‍ നോട്ടു നിരോധനം പ്രഖ്യാപിച്ച ശേഷം, പ്രവാസി ഇന്ത്യാക്കാര്‍ക്ക് പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ ജൂണ്‍ 30 വരെ സമയം അനുവദിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, വിദേശത്തു താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. വിദേശപൗരത്വമെടുത്തുകഴിഞ്ഞാല്‍ പിന്നെ ഇന്ത്യന്‍ വംശജര്‍ക്ക് പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ കഴിയില്ല.
എന്നാല്‍ ഇക്കാര്യമറിയാതെ നിരവധി പേരാണ് റിസര്‍വ് ബാങ്കിന്റെ പ്രമുഖ ശാഖകളിലേക്ക് ഇപ്പോഴും എത്തുന്നത്. വിവിധ വിദേശ ഇന്ത്യാക്കാരുടെ സംഘടനകള്‍ സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും തീരുമാനമായിട്ടില്ല. ഓസ്‌ട്രേലിയന്‍ പൗരത്വമെടുത്ത പല മലയാളികളും ഇത്തരത്തില്‍ കൈവശമുണ്ടായിരുന്ന പണം മാറാന്‍ കഴിയാത്ത അവസ്ഥയിലാണ്.
റിസര്‍വ് ബാങ്കിന്റെ മുംബൈ ശാഖയില്‍ പോയിട്ടുപോലും പണം മാറാന്‍ കഴിയാത്ത അവസ്ഥ വിശദീകരിക്കുകയാണ് സിഡ്‌നി സ്വദേശിയായ കെ സി എബ്രഹാം.





