നിക്ഷേപകരിൽ നിന്ന് 2,000 കോടി രൂപ തട്ടിയെടുത്തു എന്നാരോപിക്കുന്ന പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികൾ ഓസ്‌ട്രേലിയയിലേക്ക് പണം കടത്തിയെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് നിലവില്‍ ഓസ്‌ട്രേലിയയിലുള്ള മേരിക്കുട്ടിയെയും പ്രതി ചേര്‍ത്തത്. മെല്‍ബണിലുള്ള മക്കളെ സന്ദര്‍ശിക്കാന്‍ എത്തിയിട്ടുള്ളതാണ് മേരിക്കുട്ടി.
ഒന്നാം പ്രതി തോമസ് ഡാനിയേലിന്റെ അമ്മയും പോപ്പുലർ ഫിനാൻസ് കമ്പനിയുടെ ചെയർ പേഴ്സണുമാണ് മേരിക്കുട്ടി. കമ്പനി ഉടമ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റീനു മറിയം തോമസ്, റീബ മേരി തോമസ്, റിയ ആൻ തോമസ് എന്നിവരാണ് മറ്റ് പ്രതികൾ.
ഇവർക്ക് പുറമെയാണ് കമ്പനി ചെയർ പേഴ്സൺ ആയ മേരിക്കുട്ടിയെ ആറാം പ്രതിയാക്കിയിരിക്കുന്നതെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ ജി സൈമൺ എസ് ബി എസ് മലയാളത്തോട് സ്ഥിരീകരിച്ചു.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് 2,000 കോടി രൂപ നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്തു എന്നാരോപിച്ച് പൊലീസിന് പരാതി ലഭിച്ചത്. 200ൽ പരം പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് കമ്പനി ഉടമകൾക്കായുള്ള തിരച്ചിൽ ഊര്ജിതപ്പെടുത്തി.
ഇതേതുടർന്ന് കേസിൽ പ്രതികളായ റീനു മറിയം തോമസ്, റീബ മേരി തോമസ് എന്നിവർ ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാനുള്ള ശ്രമത്തിനിടെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പോലീസ് പിടിയിലായിരുന്നു. തുടർന്ന് ഒന്നാം പ്രതി തോമസ് ഡാനിയേലും ഭാര്യ പ്രഭ തോമസും പിടിയിലായി. വിശ്വാസവഞ്ചനയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
തോമസ് ഡാനിയേലിന്റെ മക്കളായ റീനു മറിയം തോമസും, റീബ മേരി തോമസും ദുബായിലേക്കും പിന്നീട് ഓസ്‌ട്രേലിയയിലേക്കും യാത്ര ചെയ്യാൻ ഒരുങ്ങുമ്പോഴാണ് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് പൊലീസ് പിടിയിലായതെന്ന് കെ ജി സൈമൺ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
കേസിന് രാജ്യാന്തര ബന്ധമുണ്ടെന്നും അതുകൊണ്ടുതന്നെ അന്വേഷണത്തിനായി ഇന്റർപോളിന്റെ സഹായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ കേസുമായി ബന്ധപ്പെട്ട് 2,900 കേസുകളാണ് പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കേസിന്റെ ഗൗരവം കണക്കിലെടുത്ത് സി ബി ഐ അന്വേഷണം വേണമെന്ന് കേരള സർക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ കേസ് ഇതുവരെ സി ബി ഐ ഏറ്റെടുത്തിട്ടില്ല.
കേസില്‍ പ്രതിചേര്‍ത്തതിനെക്കുറിച്ച് മെല്‍ബണിലുള്ള മേരിക്കുട്ടി ഡാനിയലിന്റെ പ്രതികരണം തേടാനും എസ് ബി എസ് മലയാളം ശ്രമിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നില്ല എന്നാണ് കുടുംബാംഗങ്ങള്‍ അറിയിച്ചത്.
കേസിനെക്കുറിച്ച് ജില്ലാ പോലീസ് മേധാവി കെ ജി സൈമൺ എസ് ബി എസ് മലയാളത്തോട് സംസാരിച്ചത് കേൾക്കാം