ഓസ്‌ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും ടെറിറ്ററികളിലും പതിനെട്ട് വയസ്സ് തികഞ്ഞവർക്ക് മാത്രമാണ് അഗ്നിശമന രംഗത്ത് സന്നദ്ധ സേവനത്തിനുള്ള അപേക്ഷ സമർപ്പിക്കാൻ കഴിയുക.
എന്നാൽ ടാസ്മേനിയയിൽ മാത്രം പതിനേഴ് വയസ്സ് പൂർത്തിയായാൽ അപേക്ഷ സമർപ്പിക്കാം.
പതിനേഴ് വയസ്സിന് താഴെ പ്രായമുള്ളവർക്കായും പദ്ധതികൾ ഉണ്ട്. മാതാപിതാക്കളുടെ അനുമതിയോടെ പങ്കെടുക്കാൻ കഴിയുന്ന പദ്ധതികളാണ് ഇവ.
വോളന്റീർ ആകുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് ഓസ്‌ട്രേലിയൻ പൗരനാകണമെന്ന നിബന്ധന നിലവിലുണ്ട്.
വിക്ടോറിയയിൽ പൗരന്മാർക്കു മാത്രമാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. ഈ നിയമത്തിൽ ഭേദഗതി നടപ്പിലാക്കുന്ന കാര്യം അധികൃതർ പരിഗണിക്കുന്നുണ്ട്.
എന്നാൽ ചില പ്രദേശങ്ങളിൽ ഇത് ഒഴിവാക്കിയിട്ടുണ്ട്.
ഓസ്‌ട്രേലിയൻ പൗരൻ ആയിരിക്കണം എന്ന നിയമം നോർത്തേൺ ടെറിറ്ററിയിൽ ബാധകമല്ല.
ക്വീൻസ്ലാന്റിൽ നിയമം അല്പം വ്യത്യസ്തമാണ്. ഓസ്‌ട്രേലിയൻ പൗരന്മാരോ ന്യൂസീലാൻറ് പൗരന്മാരോ അല്ലാത്തവർക്ക് ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാനുള്ള അർഹത തെളിയിക്കണം.

Firefighters at Kingscote Oval on Kangaroo Island, southwest of Adelaide, Friday, January 10, 2020 Source: AAP
എന്തെല്ലാം പ്രവർത്തനങ്ങളിൽ ഏർപ്പെടാം
ഫയർ ഫൈറ്റർ ആകുന്നതിന് പുറമേ വോളന്റീർമാർക്ക് പ്രവർത്തിക്കാവുന്ന മേഖലകളിൽ ചിലതാണ് താഴെ കൊടുത്തിരിക്കുന്നത്.
- ധന സമാഹരണം നടത്തുക
- പൊതുജനങ്ങൾക്ക് കാട്ടു തീയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്ന പ്രവർത്തനങ്ങൾ
- അഗ്നിശമന പ്രവർത്തനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചുമതലകൾ
- അഗ്നിശമന ഉപകരണങ്ങളുടെ സൂക്ഷിപ്പ്
- മാധ്യമങ്ങൾക്ക് വ്യക്തമായ വിവരങ്ങൾ കൈമാറുന്ന ജോലികൾ
- അക്കൗണ്ടിംഗ് സംബന്ധമായ ജോലികൾ
അഗ്നിശമന രംഗത്ത് വോളന്റീർ ആകാൻ താല്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾക്കായി ഓരോ സംസ്ഥാനത്തേയും അഗ്നിശമന വിഭാഗത്തെ ബന്ധപ്പെടാവുന്നതാണ്.