ഇന്ത്യയ്ക്ക് ഒരു പൊതുഭാഷ വേണമെന്നും, ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഹിന്ദിയെ ഇന്ത്യയുടെ പൊതുഭാഷയാക്കാമെന്നുമാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്.
ഹിന്ദി ദിവസിന്റെ ഭാഗമായി അദ്ദേഹം നടത്തിയ ഈ പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്.
മൂന്നു മാസം മുമ്പ് ഇതേ വിഷയത്തില്‍ എസ് ബി എസ് മലയാളം ഒരു ഓണ്‍ലൈന്‍ പോള്‍ സംഘടിപ്പിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ മലയാളികൾ എന്തു ചിന്തിക്കുന്നു എന്നറിയാന്‍ ആ പോള്‍ ഫലം നോക്കാം.
ദേശീയ ഭാഷ
നൂറു കണക്കിന് ഭാഷകളും, അവയുടെ ആയിരക്കണക്കിന് വകഭേദങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയിലെ ഔദ്യോഗിക ഭാഷ ഏതാണ് എന്നും ദേശീയ ഭാഷ ഉണ്ടോ എന്നും നിങ്ങള്‍ക്കറിയാമോ?
ഭാഷകളെക്കുറിച്ച് ഇന്ത്യയിലെ ഭരണഘടനയും നിയമങ്ങളും എന്താണ് പറയുന്നതെന്ന് ഇവിടെ കേള്‍ക്കാം.
ഈ വിഷയങ്ങള്‍ ഇന്ത്യയില്‍ വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ എസ് ബി എസ് മലയാളം ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കായി ഒരു ഓണ്‍ലൈന്‍ പോള്‍ നടത്തിയിരുന്നു. അതിന്റെ ഫലത്തിലേക്കാണ് ഇനി.
പ്രതികരണം ഇങ്ങനെ
ഇന്ത്യയ്ക്ക് ദേശീയ ഭാഷ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് 134 പേരാണ് വോട്ടു ചെയ്തത്. അതില്‍ 33 പേര്‍ ദേശീയ ഭാഷ വേണമെന്ന് പറഞ്ഞപ്പോള്‍, 101 പേരും വേണ്ട എന്നാണ് ചൂണ്ടിക്കാട്ടിയത്.
അഥവാ ഒരു ദേശീയ ഭാഷ ഉണ്ടെങ്കില്‍ എന്തായിരിക്കണം എന്ന ചോദ്യത്തിന് 128 വോട്ടുകളായിരുന്നു.

Source: SBS
ഹിന്ദി എന്ന് 26 പേരും, ഇംഗ്ലീഷ് എന്ന് 91 പേരും സംസ്‌കൃതമെന്ന് ഒമ്പതു പേരും പറഞ്ഞു. മറ്റു ഭാഷകള്‍ എന്നാണ് രണ്ടു പേരുടെ വോട്ട്.
ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു 108 പേര്‍ പറഞ്ഞത്. ഇല്ല എന്ന് 35 പേരും അഭിപ്രായപ്പെട്ടു.
ഇത്തരം അഭിപ്രായങ്ങളുടെ കാരണങ്ങളും പലരും വിശദമായി തന്നെ പങ്കുവച്ചിരുന്നു. ആ അഭിപ്രായങ്ങളും, ഓരോ വോട്ടുകളുടെയും വിശദാംശങ്ങളും ഇവിടെ കാണാം.