സച്ചിന്‍, കപില്‍, ധോണി, കോലി...
ക്രിക്കറ്റ്പിച്ചിലെ ഹീറോകളെക്കുറിച്ച് ഇന്ത്യന്‍ വംശജരായ ക്രിക്കറ്റ് ആരാധകരുടെ പട്ടിക ഇങ്ങനെയാകും നീളുക.
മിഥാലി രാജും, സ്മൃതി മന്ഥാനയും, ജുലന്‍ ഗോസ്വാമിയും, ഹമന്‍പ്രീത് കൗറുമൊക്കെ ഇപ്പോഴും ഭൂരിഭാഗം ക്രിക്കറ്റ് ആരാധകരുടെയും ബൗണ്ടറിക്ക് പുറത്താണ്.
പക്ഷേ, വനിതാ ലോകകപ്പിന് ഓസ്‌ട്രേലിയയില്‍ തുടക്കമാകുമ്പോള്‍ പുതിയ ആവേശം നല്‍കാനുള്ള ശ്രമത്തിലാണ് സിഡ്‌നിയിലെ മലയാളികള്‍. പ്രത്യേകിച്ചും മലയാളി വനിതകള്‍.
സിഡ്‌നി മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആറു മാസത്തോളമായി ലോകകപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു.
സിഡ്മലിന്റെ ഭാഗമായ വനിതകള്‍ അണിയിച്ചൊരുക്കിയ നിരവധി വീഡിയോകളിലൂടെയായിരുന്നു പ്രധാനമായും ഈ പ്രചാരണം.

Source: Supplied
മലയാളികളിലേക്ക് മാത്രമല്ല, മറ്റ് ഇന്ത്യന്‍ വംശജരിലേക്കും ലോകകപ്പിന്റെ ആവേശം എത്തിക്കാനായിരുന്നു ഇവരുടെ ശ്രമം. വെള്ളിയാഴ്ച സിഡ്‌നിയില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ഉദ്ഘാടന മത്സരം നടക്കുമ്പോള്‍ 400ഓളം പേരെ ഗ്യാലറിയിലേക്ക് എത്തിക്കാനും സിഡ്മലിന്റെ പ്രചാരണത്തിലൂടെ കഴിയുന്നുണ്ടെന്ന് കമ്മിറ്റി അംഗം ബീന രവികുമാര്‍ പറഞ്ഞു.
കേരളത്തിലെ പ്രളയ പുനര്‍നിര്‍മ്മാണ സന്ദേശം കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന വേദിയില്‍ അവതരിപ്പിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഡ്‌നി മലയാളി അസോസിയേഷന് അവസരം നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് വനിതാ ലോകകപ്പിന്റെ പ്രചാരണത്തിനായി ഐ സി സിയുമായുള്ള സഹകരണമെന്ന് പ്രചാരണം ഏകോപിപ്പിക്കുന്ന സിഡ്മല്‍ അംഗം അനീഷ് ഫിലിപ്പ് പറഞ്ഞു.
മറ്റ് ഇന്ത്യന്‍ സമൂഹങ്ങളെക്കാള്‍ കൂടുതല്‍ എന്തുകൊണ്ട് മലയാളികള്‍ ഈ പ്രചാരണത്തിന് രംഗത്തിറങ്ങി? ഇതേക്കുറിച്ച് ബീന രവികുമാറും അനീഷ് ഫിലിപ്പും വിശദീകരിക്കുന്നത് കേള്‍ക്കാം.