ചായക്കട നടത്തി കിട്ടുന്ന വരുമാനത്തിലൂടെ ലോകം ചുറ്റിക്കാണുന്ന മലയാളി ദമ്പതിമാര്‍ വിജയനും മോഹനയും ഈയാഴ്ച ഓസ്‌ട്രേലിയയിലും ന്യൂസിലന്റിലുമായിരുന്നു.
കടവന്ത്രയിലെ ശ്രീ ബാലാജി കോഫി ഹൗസിലെ 25 കോഫിയുടെ വില കൊടുക്കണം ഓസ്‌ട്രേലിയയില്‍ ഒരു കോഫി കുടിക്കണമെങ്കില്‍.
പക്ഷേ യാത്രയുടെ ഹരം പിടിച്ചാല്‍ പിന്നെ കോഫിയുടെ വില നോക്കാന്‍ ശ്രീ ബാലാജി കോഫി ഹൗസിന്റെ ഉടമകള്‍ക്ക് കഴിയില്ല.
പ്രായം എഴുപതുകളിലെത്തിയിട്ടും അടങ്ങാത്ത യാത്രാ മോഹമാണ് വിജയനും മോഹനയ്ക്കും.

കൊച്ചിയിലെ ശ്രീബാലാജി കോഫി ഹൗസില്‍ വിജയനും മോഹനയും Source: Supplied
1998ല്‍ ഈജിപ്റ്റിലും ഇസ്രായേലിലുമായി തുടങ്ങിയ വിദേശ സഞ്ചാരം, രാജ്യങ്ങളുടെ കാര്യത്തില്‍ കാല്‍സെഞ്ച്വറി തികച്ചിരിക്കുകയാണ്. അവര്‍ സഞ്ചരിച്ച 24ാമത്തെ രാജ്യമായിരുന്നു ഓസ്‌ട്രേലിയ. ന്യൂസിലന്റില്‍ 25 തികച്ചു.
മെല്‍ബണിലും കെയിന്‍സിലും സിഡ്‌നിയിലുമായിരുന്നു ഓസ്‌ട്രേിലയയിലെ യാത്രകള്‍. ഇവരുടെ യാത്രാ മോഹം കേട്ടറിഞ്ഞ മഹീന്ദ്ര ആന്റ് മഹീന്ദ്ര കമ്പനിയാണ് ഈ ട്രിപ്പ് സ്‌പോണ്‍സര്‍ ചെയ്തത്.
മരുകമന്‍ മുരളി പൈയും ഉണ്ട് ഈ യാത്രക്ക് കൂട്ടിന്.
അച്ചാറില്ലാത്ത യാത്ര
വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവരാണ് വിജയനും മോഹനയും.
വിദേശയാത്രകള്‍ക്കിടയില്‍ ഭക്ഷണം പ്രശ്‌നമാകും എന്നുറപ്പുള്ളതിനാല്‍ ഇതുവരെ പോയ 23 രാജ്യങ്ങളിലും കൈയില്‍ കുറേയേറെ ഭക്ഷണം കരുതിയിരുന്നു.
അച്ചാറും, ചമ്മന്തിയും എല്ലാമായി.
എവിടെ പോയാലും ചോറു കിട്ടുമല്ലോ. കൈയിലെ അച്ചാറും ചമ്മന്തിയും ഉരുളക്കിഴങ്ങ് കറിയുമെല്ലാം കൂട്ടി ചോറു കഴിക്കും. അതാണ് പതിവെന്ന് മോഹന പറയുന്നു.

Source: Supplied
പക്ഷേ ഓസ്‌ട്രേലിയയിലെ ജൈവ സുരക്ഷാ നിയമങ്ങള്‍ കാരണം ഇങ്ങോട്ടേക്ക് ഇതൊന്നും കൊണ്ടുവരരുത് എന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നിര്‍ദ്ദേശിച്ചു.
ഈ യാത്രയില്‍ മറ്റെല്ലാം ഇഷ്ടപ്പെട്ടപ്പോഴും ഭക്ഷണം മാത്രമാണ് അല്‍പമൊന്ന് പിന്നോട്ടു നിന്നതെന്ന് വിജയനും പറയുന്നു.
പക്ഷേ ന്യൂസിലന്റില്‍ ഒരു മലയാളി കുടുംബം വിമാനത്താവളത്തില്‍ കാത്തു നിന്ന് വീട്ടില്‍ കൊണ്ടുപോയി സല്‍ക്കരിച്ചതോടെ ആ വിഷമവും മാറി.
സിഡ്‌നി ഓപ്പറ ഹൗസിനു പുറത്തും തങ്ങളെ കണ്ടു തിരിച്ചറിഞ്ഞ് ഒട്ടേറെ മലയാളികളാണ് കൂടെ വന്നു നിന്ന് ഫോട്ടോയെടുത്തതെന്ന് വിജയന്‍ പറയുന്നു.
യാത്രക്ക് ദുശ്ശകുനമോ... അതെന്ത്?
യാത്ര പുറപ്പെടുമ്പോള്‍ ശകുനം നോക്കുന്ന പതിവുള്ളവരാണ് നല്ലൊരു ഭാഗം മലയാളികളും.
ഒരു യാത്രക്കായി ഒരുങ്ങിയപ്പോള്‍ വിജയന്‍-മോഹന ദമ്പതികള്‍ക്ക് നഷ്ടമായത് മകളുടെ ഒരു മാസത്തെ ശമ്പളമടങ്ങിയ ബാഗാണ്.
എന്നാല്‍ ഇതു തന്നെ നല്ല ശകുനം എന്നു പറഞ്ഞ് ആ യാത്രയും പോകുകയായിരുന്നു ഈ സഞ്ചാര പ്രേമികള്‍.

Source: Supplied
കൈയില്‍ അധികം നീക്കിയിരിപ്പൊന്നുമില്ലെങ്കിലും എങ്ങനെ ലോകം കറങ്ങാം എന്ന് പറഞ്ഞു തരികയാണ് വിജയനും മോഹനയും ഇവിടെ: