ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയിരിക്കുന്ന ഇസ്ലാം മതസ്ഥരുടെ റമദാൻ മാസാചരണ രീതികളിൽ അല്പം വ്യത്യാസങ്ങൾ കണ്ടെന്ന് വരാം.
ലോകത്ത് ആകെയുള്ള 200 കോടിയോളം വരുന്ന ഇസ്ലാം മതസ്ഥരിൽ എട്ട് ലക്ഷത്തിലധികം പേർ ഓസ്‌ട്രേലിയയിൽ ജീവിക്കുന്നു.
ഇസ്ലാം മത വിശ്വാസികൾക്ക് റമദാൻ മാസം നോമ്പാചരണത്തിന്റെയും പ്രാർത്ഥനയുടെയും സമയമാണ്.
ഇസ്ലാമിക് ലൂണാർ കലണ്ടറിലെ ഒൻപതാം മാസമാണ് റമദാൻ മാസം.

ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത എല്ലാ പ്രായപൂർത്തിയായ ഇസ്ലാം മതസ്ഥരും റമദാൻ മാസത്തിൽ രാവിലെ മുതൽ വൈകിട്ട് വരെ നോമ്പ് ആചരിക്കേണ്ടതുണ്ട്.
അച്ചടക്കം പാലിച്ച് നല്ല രീതിയിൽ വളരാനും പഠിക്കാനുമുള്ള സമയമാണ് റമദാൻ മാസമെന്ന് മെൽബണിലെ ചാൾസ് സ്റ്റുവർട്ട് യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ ഇസ്ലാമിക് സ്റ്റഡീസ് ആൻഡ് സിവിലൈസേഷന്റെ അസോസിയേറ്റ് ഹെഡ് പ്രൊഫസർ സുലൈഹ കെസ്കിൻ ചൂണ്ടിക്കാട്ടി.
മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം വർഷത്തിലെ ഏറ്റവും വിശുദ്ധമായ മാസമാണ് റമദാൻ മാസം.Associate Professor Zuleyha Keskin, Associate Head of the Centre for Islamic Studies and Civilisation at Charles Stuart University, Melbourne.
ഹിജ്രി കലണ്ടർ എന്നറിയപ്പെടുന്ന ഇസ്ലാമിക് കലണ്ടർ ഭൂമിയുടെ ചുറ്റുമുള്ള ചന്ദ്രന്റെ ചലനങ്ങൾ ആസ്പദമാക്കിയുള്ള കലണ്ടറാണ്.
സൗരവർഷത്തിൽ നിന്ന് പത്തോ പന്ത്രണ്ടോ ദിവസങ്ങൾ കുറവുള്ള കലണ്ടർ ആയതിനാൽ ഇസ്ലാം മതസ്ഥരുടെ പ്രധാനപ്പെട്ട ദിവസങ്ങൾ എല്ലാ വർഷവും ഒരേ ദിവസം ആയിരിക്കണമെന്നില്ല .
2023ലെ റമദാൻ മാസം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയാണ്.

നോമ്പാചരണത്തിന്റെ പ്രാധാന്യമെന്ത്?
നോമ്പ് എന്ന വാക്കിന്റെ അറബിക് പദം സോം (Sawm) എന്നാണ്.
വിശ്വാസം, പ്രാർത്ഥന, നോമ്പ്, ദാനധർമ്മം, ഹജ്ജ് അല്ലെങ്കിൽ തീർത്ഥാടനം എന്നീ അഞ്ചു കാര്യങ്ങൾ ഇസ്ലാം മതസ്ഥർക്ക് ഏറ്റവും പ്രധാനപ്പെട്ടവയാണ്.
പുകവലി, ലൈംഗിക ബന്ധം എന്നിവ നോമ്പ് കാലത്ത് ഒഴിവാക്കണം. ദേഷ്യം പ്രകടിപ്പിക്കൽ, വാദപ്രദിവാദങ്ങൾ എന്നിവയും ഒഴിവാക്കണം. ധാർമികമല്ലാത്ത പ്രവർത്തികളിൽ ഏർപ്പെടാൻ പാടില്ല.
ഇതിന് പുറമെ, പ്രാർത്ഥനയും ഖുറാൻ വായനയും ഈ സമയത്ത് കൂടുതലായി പ്രോത്സാഹിപ്പിക്കുന്നു. ദാനധർമ്മങ്ങളിൽ ഏർപ്പെടാനും പ്രോത്സാഹിപ്പിക്കുന്നു.
മിക്ക മുസ്ലീങ്ങളും നോമ്പ് തുറന്നതിന് ശേഷം മസ്‍ജിദ് സന്ദർശിക്കുന്ന പതിവുണ്ട്.
ഭക്ഷണവും പാനീയങ്ങളും ഒഴിവാക്കുന്നതിന് പുറമെ നിരവധി മറ്റു കാര്യങ്ങളും നോമ്പിന്റെ ഭാഗമാണ് എന്ന് ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ അറബ് ആൻഡ് ഇസ്‌ലാമിക് സ്റ്റഡീസിന്റെ ഡയറക്ടർ പ്രൊഫസർ കരിമ ലാച്ചിർ ചൂണ്ടിക്കാട്ടി.
ദരിദ്രരുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും നമ്മുക്ക് ചുറ്റുമുള്ള ലോകത്തെ അനുകമ്പയോടെ സമീപിക്കാനുമുള്ള സമയമാണ് റമദാൻ മാസം.Professor Karima Laachir, Centre for Arab and Islamic Studies, ANU

ഒരു മാസത്തെ നോമ്പ് ആചാരണത്തിന് ശേഷമാണ് ഈദ് ആഘോഷിക്കുന്നത്.
ഈദുൽ ഫിത്ർ, ഈദുൽ അദ്‌ഹ എന്നിങ്ങനെ രണ്ട് പെരുന്നാളുകളാണ് പ്രധാനം.
മൂന്ന് ദിവസം നീളുന്ന ഈദുൽ ഫിത്ർ ചെറിയ പെരുന്നാൾ എന്ന പേരിലും അറിയപ്പെടുന്നു.
നോമ്പ് അവസാനിക്കുന്നതോടെയാണ് ആഘോഷം തുടങ്ങുക.
റമദാൻ മാസത്തിലെ നേട്ടങ്ങളെക്കുറിച്ച് വിലയിരുത്താൻ വേണ്ടിയുള്ള സമയമാണ് ഈദുൽ ഫിത്ർ.Dr Zuleyha Keskin, Centre for Islamic Studies and Civilisation, Charles Stuart University
ഈദ് ആഘോഷത്തിന്റെ ഭാഗമായി ദരിദ്രർക്ക് ദാനധർമ്മം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു. ദരിദ്രർക്കും ഈദ് ആഘോഷിക്കാൻ ഇത് സഹായിക്കുന്നു. സകാത്തുൽ ഫിത്തർ എന്നാണ് ഇതിനെ വിളിക്കുന്നത്.
ഈദുൽ ഫിത്ർ ഇസ്ലാം മതസ്ഥർക്ക് ഐക്യത്തിന്റെയും ക്ഷമ ചോദിക്കലിന്റെയും സമയമാണെന്ന് പ്രൊഫസ്സർ ലാച്ചിർ ചൂണ്ടിക്കാട്ടി.

കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പുതിയ വസ്ത്രങ്ങൾ വാങ്ങിക്കുക, വീട് വൃത്തിയാക്കുക, മധുര പലഹാരങ്ങൾ തയ്യാറാക്കുക എന്നതെല്ലാം ഈദ് ആഘോഷത്തിന്റെ ഭാഗമാണ്.
ഈ വർഷം ഈദുൽ ഫിത്ർ ഏപ്രിൽ 20 അല്ലെങ്കിൽ 21 നായിരിക്കും. ചന്ദ്രനെ കാണുന്നതിന് അനുസരിച്ചായിരിക്കും ദിവസം തീരുമാനിക്കുക. മിക്ക ഇസ്ലാമിക് രാജ്യങ്ങളിലും ഈദ് പൊതു അവധി ദിവസമാണ്.
വാർഷിക ഹജ്ജ് തീർത്ഥാടനത്തിന് ശേഷമാണ് ഈദുൽ അദ്‌ഹ ആഘോഷിക്കുന്നത്. ദൈവത്തിന്റെ കല്പന പ്രകാരം മകൻ ഇശ്മായേലിനെ ബലി കഴിക്കാൻ അബ്രഹാം തയ്യാറായതിന്റെ ഓർമ്മയിലാണ് ഈ ആഘോഷം.

ഇസ്ലാമിക് കലണ്ടറിന്റെ പത്താം മാസത്തിലെ ആദ്യ ദിവസമാണ് ഈദുൽ ഫിത്ർ ആഘോഷത്തിന് തുടക്കമിടുന്നത്.
മസ്ജിദുകളിലും സാമൂഹിക വേദികളിലും പ്രത്യേക പ്രാർത്ഥനകളോടെ ആഘോഷങ്ങൾക്ക് തുടക്കമിടുന്നു.
ഇന്നേ ദിവസം 'ഈദ് മുബാറക്' എന്ന് പരസ്പരം ആശംസിക്കുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയിട്ടുള്ള ഇസ്ലാം മതസ്ഥരുടെ ആചാര രീതികളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം.

ഓസ്‌ട്രേലിയയിൽ ബഹുസാംസ്കാരിക ഈദ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നവരിൽ ഒരാളാണ് പാകിസ്ഥാൻ വേരുകളുള്ള അലി അവാൻ.
വിവിധ പ്രദേശങ്ങളിൽ നിന്ന് വരുന്ന മുസ്ലീങ്ങളുടെ സാംസ്കാരിക രീതികളിൽ ഒട്ടേറെ മാറ്റങ്ങൾ ഉള്ളതായി അലി ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയൻ മൾട്ടി കൾച്ചറൽ ഈദ് ഫെസ്റ്റിവലിന് നേതൃത്വം നൽകുന്ന വ്യക്തി എന്ന നിലയ്ക്ക് ഇത്തരത്തിൽ വ്യത്യസ്തമായ ആചാര രീതികളുള്ളവരെ ഒരുമിച്ചു കൊണ്ടുവരിക എന്നത് അലിയുടെ ചുമതലയാണ്.
ഈദ് ആഘോഷ വേളയിൽ, വ്യത്യസ്ത പരിപാടികളും വ്യത്യസ്ത സംസ്കാരങ്ങളും ഒരു വേദിയിൽ കൊണ്ടുവരുവാൻ ഞങ്ങൾ ശ്രമിക്കുന്നു, അതാണ് ഓസ്‌ട്രേലിയയുടെ സൗന്ദര്യം.Ali Awan, Australian Multicultural Eid Festival
ഓസിട്രേലിയയിലെ ഈദ് ആഘോഷങ്ങൾക്ക് ഇസ്ലാമിക് രാജ്യങ്ങളെ അപേക്ഷിച്ച് വൈവിധ്യം കൂടുതലാണ് എന്നതിനോട് പ്രൊഫസ്സർ ലാച്ചിർ യോജിക്കുന്നു.
ഓസ്‌ട്രേലിയയിൽ പൊതു സാമൂഹിക വേദികളിലും പ്രാദേശിക മസ്ജിദുകളിലും ആഘോഷങ്ങൾ നടക്കുമ്പോൾ വിവിധ സമൂഹങ്ങളെ ഒരു വേദിയിൽ കൊണ്ടുവരുവാൻ കഴിയുന്നതായി ലാച്ചിർ ചൂണ്ടികാട്ടി.





