സാനിറ്ററി ഉൽപ്പന്നങ്ങൾക്കുള്ള ജി എസ് ടി എടുത്തുമാറ്റി :
സ്ത്രീകൾ ആർത്തവസമയത്ത് ഉപയോഗിക്കുന്ന സാനിറ്ററി ഉൽപ്പന്നങ്ങൾക്കുള്ള ജി എസ് ടി എടുത്തുമാറ്റിയതാണ് 2018 അവസാനത്തോടെ സർക്കാർ പ്രഖാപിച്ച പ്രധാന മാറ്റങ്ങളിൽ ഒന്ന്. ഈ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളിൽ നിന്നും പത്ത് ശതമാനം ജി എസ് ടി ഈടാക്കിയിരുന്നു. ഇതാണ് പൂർണമായും എടുത്തുമാറ്റിയിരിക്കുന്നത്.
18 വർഷങ്ങൾ നീണ്ട പ്രചാരണത്തിനൊടുവിലാണ് സാനിറ്ററി നാപ്കിനുകൾ, ടാമ്പൂണുകൾ, വീണ്ടും ഉപയോഗിക്കാവുന്ന വിധമുള്ള പാഡുകൾ തുടങ്ങിയവയ്ക്കുള്ള ജി എസ് ടി സർക്കാർ എടുത്തുമാറ്റിയത്. ജനുവരി ഒന്ന് മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വന്നു.

Source: AAP
പ്രതിരോധകുത്തിവയ്‌പ്പ് നിർബന്ധം:
വെസ്റ്റേൺ ഓസ്‌ട്രേലിയയിലാണ് നോ ജാബ് നോ പ്ലേ നിയമം ജനുവരി ഒന്ന് മുതൽ ടപ്പിലാക്കിയത്. ചൈൽഡ് കെയറുകളിലും, സ്കൂളുകളിലും പോകുന്ന കുട്ടികൾക്ക് പ്രതിരോധകുത്തിവയ്‌പ്പ് നിർബന്ധമാക്കുന്നതാണ് ഈ നിയമം. നിയമ പ്രകാരം കുത്തിവയ്‌പ്പുകൾ എടുക്കാത്ത കുട്ടികൾക്ക് ചൈൽഡ് കെയറുകളിലും, സ്കൂളുകളിലും മറ്റും പ്രവേശം അനുവദിക്കില്ല.
കൂടാതെ, എല്ലാ സ്കൂളുകളും, ചൈൽഡ്‌കെയറുകളും കുട്ടികളുടെ ഇമ്മ്യൂണൈസേഷൻ റെക്കോർഡ് അഥവാ പ്രതിരോധകുത്തിവയ്‌പ്പ് എടുത്തതിന്റെ രേഖകൾ രക്ഷിതാക്കളിൽ നിന്നും ശേഖരിക്കേണ്ടതാണ്. മാത്രമല്ല, ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം പാലിക്കാതെ പ്രതിരോധകുത്തിവയ്പുകൾ എടുക്കാത്ത കുട്ടികൾക്ക് പ്രവേശനം നൽകുന്ന സ്കൂളുകളിലെ പ്രിൻസിപ്പൽമാരിൽ നിന്നും ചൈൽഡ്‌കെയർ ഉടമകളിൽ നിന്നും 1000 ഡോളർ വരെ പിഴ ഈടാക്കുമെന്നും നിയമത്തിൽ പറയുന്നു. വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്ലാൻറ് എന്നീ സംസ്ഥാനങ്ങൾ നോ ജാബ് നോ പ്ലേ നിയമം നേരത്തെ നടപ്പിലാക്കിയിരുന്നു.

Source: AAP
സൗജന്യ TAFE കോഴ്സുകൾ:
വിക്ടോറിയയിലാണ് ഈ മാറ്റം നടപ്പിലാക്കുന്നത്. സംഥാനത്ത് ആവശ്യമായ തൊഴിൽ ലഭിക്കാവുന്ന വിധത്തിലുള്ള കോഴ്‌സുകളാണ് ഇനി സർക്കാർ സൗജന്യമായി നൽകുക. 30 TAFE കോഴ്സുകളും 20 പ്രീ അപ്പ്രെന്റിസ്‌ഷിപ് കോഴ്സുകളുമാണ് സൗജന്യമാക്കുന്നത്. ഇതിനായി 172 മില്യൺ ഡോളറാണ് സർക്കാർ മാറ്റി വച്ചിരിക്കുന്നത്.
സൗജന്യ കോഴ്‌സുകൾ:
നഴ്സിംഗ്
അക്കൗണ്ടിംഗ്
ഏജിങ് സപ്പോർട്ട്
കമ്മ്യൂണിറ്റി സർവീസസ്
മെന്റൽ ഹെൽത്ത്
ഡെന്റൽ അസ്സിസ്റ്റിംഗ്
പ്ലംബിംഗ്
അഗ്രികളർ
യാത്രാ ചിലവിൽ വർദ്ധനവ്:
ACT, ക്വീൻസ്ലാൻറ്. മെൽബൺ എന്നിവിടങ്ങളിലാണ് യാത്രാ ചിലവിൽ വർദ്ധനവ് വരുത്തിയിരിക്കുന്നത്. ജനുവരി അഞ്ച് മുതൽ ACT യിൽ രണ്ടര ശതമാനം വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രിസ്‌ബൈനിൽ ജനുവരി ഏഴ് മുതൽ ബസ് ചാർജ് 1.8 ശതമാനം ഉയരും. മെൽബണിലാകട്ടെ 2.2 ശതമാനം വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ജനുവരി ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ബേബി ബൻഡിൽ സ്കീം
ന്യൂ സൗത്ത് വെയിൽസിലാണ് ജനുവരി ഒന്ന് മുതൽ പുതിയ പദ്ധതി പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഒരു കുട്ടിക്ക് ജനിക്കുമ്പോൾ കുട്ടിക്ക് ആവശ്യമായ സാധനങ്ങൾ അടങ്ങിയ കിറ്റ് സൗജന്യമായി നൽകും. പ്രാഥമിക ശുശ്രൂഷക്ക് വേണ്ട കിറ്റ്, വൈപ്സ്, ക്രീമുകൾ, സ്ലീപ്പിങ് ബാഗ്, പുതപ്പ് തുടങ്ങി 300 ഡോളർ വിലമതിക്കുന്ന സാധനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ഇത് സൗജന്യമായി രക്ഷിതാക്കളുടെ മേൽവിലാസത്തിലേക്ക് അയച്ചു കൊടുക്കും. ഇതിനായി 7.6 മില്യൺ ഡോളറാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
Image
ക്രിയേറ്റിവ് കിഡ്സ്, ആക്റ്റീവ് കിഡ്സ് റിബേറ്റ്:
പഠനത്തിന് പുറമെ സംഗീതം, നൃത്തം, ഭാഷാ പഠനം, നാടകം, കോഡിങ് ആൻഡ് ഡിജിറ്റൽ തുടങ്ങിയുവ അഭ്യസിക്കുന്ന കുട്ടികൾക്കായി 100 ഡോളർ ക്രിയേറ്റിവ് കിഡ്സ് റിബേറ്റ് നൽകുമെന്ന് ന്യൂ സൗത്ത് വെയിൽസ് സർക്കാർ അറിയിച്ചു. ഓൺലൈൻ ആയോ സർവീസ് സെന്ററിൽ നിന്ന് നേരിട്ടോ രക്ഷിതാക്കൾക്ക് ഈ റിബേറ്റ് ലഭ്യമാകും. കൂടാതെ, കായിക വിനോദങ്ങൾ, ഫിറ്റ്നസ് ആൻഡ് ആക്റ്റീവ് റീക്രീഷൻ പരിപാടികൾ എന്നിവ അഭ്യസിക്കുന്ന കുട്ടികൾക്ക് 100 ഡോളർ ആക്റ്റീവ് കിഡ്സ് വൗച്ചറും നൽകും.
ദയാവധ നിയമം:
വിക്ടോറിയയിൽ ഈ വർഷം പകുതിയോടെ ദയാവധ നിയമം പ്രാബല്യത്തിൽ വരും. നൂറുമണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ 2017ലാണ് ദയവായി ബിൽ പാർലമെന്റിന്റെ ഇരു സഭകളിലും പാസ്സ് ആയത്. ഇതോടെ ഈ നിയമം നടപ്പിലാക്കുന്ന ഓസ്‌ട്രേലിയയിലെ ആദ്യ സംസ്ഥാനമായി മാറും വിക്‌ടോറിയ.
ന്യൂ സ്റ്റാർട്ട് അലവൻസ്:
പെർമനന്റ് റെസിഡെൻസി വിസയിൽ ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നവർക്ക് ലഭിക്കുന്ന സർക്കാർ ആനുകൂല്യമായ ന്യൂ സ്റ്റാർട്ട് അലവൻസ് ലഭിക്കാൻ നാല് വർഷം വരെ കാത്തിരിക്കേണ്ടി വരുന്ന വിധത്തിലുള്ള നിയമം ഈ വർഷം പാർലമെന്റിൽ പാസ്സ് ആക്കാൻ സർക്കാർ പദ്ധതിയിടുന്നു.
അഞ്ച് വർഷത്തേക്ക് വീട് വാടയ്ക്ക് നൽകാം:
വിക്ടോറിയയിലെ ഹൗസിംഗ് മേഖലയിലും മാറ്റങ്ങൾ വരുത്താനാണ് സർക്കാർ പദ്ധതി. അഞ്ച് വർഷമോ അതിൽ കൂടുതലോ വീട് വാടകയ്ക്ക് നൽകാവുന്ന വിധത്തിലായിരിക്കും ഈ നിയമ മാറ്റം. ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ മാറ്റം റെസിഡന്റി ടെനൻസി ആക്ടിൽ ഉൾപ്പെടുത്താനാണ് സർക്കാർ പദ്ധതി.