കൊവിഡ് ബാധയുടെ പ്രത്യാഘാതങ്ങളില്‍ നിന്ന കരകയറാനായി ബജറ്റില്‍ നിരവധി നടപടികള്‍ പ്രഖ്യാപിച്ചെങ്കിലും, ഓസ്‌ട്രേലിയയുടെ അതിര്‍ത്തികള്‍ തുറക്കുന്ന കാര്യത്തിലും, രാജ്യാന്തര യാത്രകള്‍ പുനരാരംഭിക്കുന്ന കാര്യത്തിലും സമയക്രമം വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍, 2021ന്റെ രണ്ടാം പകുതി വരെയെങ്കിലും ഇതിനായി കാത്തിരിക്കേണ്ടി വരും എന്ന സൂചനയാണ് ബജറ്റ് പേപ്പറില്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.
ഇങ്ങനെയാണ് ബജറ്റില്‍ പറയുന്നത്:
'ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ 2020ന്റെ അവസാനം വരെ അടഞ്ഞുകിടക്കും എന്നാണ് അനുമാനം.
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ഒഴികെയാണ് ഇത്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുടെ അതിര്‍ത്തികള്‍ 2021 ഏപ്രില്‍ ഒന്നു വരെ തുറക്കില്ല എന്നാണ് വിലയിരുത്തല്‍.
2021ന്റെ രണ്ടാം പകുതിയോടെ രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്കും കുടിയേറ്റ വിസകളിലുള്ളവര്‍ക്കും രാജ്യത്തേക്ക് വന്നു തുടങ്ങാന്‍ കഴിയും എന്നാണ് അനുമാനം.
ചെറിയ തോതില്‍, ഘട്ടം ഘട്ടമായാകും ഇതു നടപ്പാക്കുക. ഈ വര്‍ഷം അവസാനത്തോടെ രാജ്യാന്തര വിദ്യാര്‍ത്ഥികളെ പൈലറ്റ് അടിസ്ഥാനത്തില്‍ കൊണ്ടുവരുന്നതാകും അതിന്റെ തുടക്കം.'
എന്നാല്‍ 2021ന്റെ രണ്ടാം പകുതിയിലും രാജ്യാന്തര യാത്രകള്‍ കുറവായിരിക്കും എന്നു തന്നെയാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
അതിനു ശേഷം രാജ്യാന്തര ടൂറിസം സാവധാനം മെച്ചപ്പെടും എന്നും ബജറ്റില്‍ പ്രതീക്ഷിക്കുന്നു.
എന്നാല്‍, അടുത്ത വര്‍ഷത്തോടെ കൊവിഡ് വാക്‌സിന്‍ ലഭ്യമാകും എന്ന പ്രതീക്ഷയിലാണ് ഈ അനുമാനങ്ങളെന്ന് ട്രഷറര്‍ ജോഷ് ഫ്രൈഡന്‍ബര്‍ഗ് വ്യക്തമാക്കി.
ബജറ്റിനെക്കുറിച്ച് വിശദീകരിക്കാന്‍ നാഷണല്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തിരക്കു കൂട്ടില്ലെന്ന് പ്രധാനമന്ത്രി
ബജറ്റില്‍ നല്‍കിയിട്ടുള്ള സൂചനകള്‍ ശരിവയ്ക്കുകയാണ് ബഹുഭാഷാ മാധ്യമങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനും ചെയ്തത്.
അതിര്‍ത്തി തുറക്കുന്നതിനായി തിരക്കു കൂട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇനിയൊരു കൊവിഡ് വ്യാപനം കൂടിയുണ്ടാകുന്നത് വിനാശകരമായിരിക്കുമെന്നും, അതിനാല്‍ ജാഗ്രതയോടെ മാത്രമേ മുന്നോട്ടുപോകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
സിംഗപ്പൂരും ജപ്പാനും ഉള്‍പ്പെടെയുള്ള സുരക്ഷിത രാജ്യങ്ങളുമായി യാത്രാ ബബ്ള്‍ സംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Prime Minister Scott Morrison during the multicultural media briefing... Source: SBS Malayalam
അടുത്ത വര്‍ഷത്തോടെ സിംഗപ്പൂരുമായി യാത്രാ ബബ്ള്‍ സാധ്യമായേക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാല്‍, പുതിയ പരിശോധനാ രീതികളും, വ്യത്യസ്തമായ ക്വാറന്‌റൈന്‍ സംവിധാനവുമൊക്കെ നടപ്പാക്കിയാല്‍ മാത്രമേ ഇത് സാധ്യമാകൂ എന്നും സ്‌കോട്ട് മോറിസന്‍ പറഞ്ഞു.