ഒമിക്രോൺ വൈറസ്ബാധ മൂലം ഓസ്ട്രേലിയൻ അതിർത്തി തുറക്കുന്നത് നീട്ടിവച്ചിരിക്കുകയാണ്.
എന്നാൽ ഡിസംബർ 15ന് അപ്പുറത്തേക്ക് ഇത് നീണ്ടുപോകില്ല എന്നാണ് ഫെഡറൽ സർക്കാർ ഇപ്പോൾ നൽകുന്ന ഉറപ്പ്.
രാജ്യാന്തര വിദ്യാർത്ഥികളെയും, സ്‌കിൽഡ് വിസയിലുള്ളവരെയും ഡിസംബർ 15 മുതൽ അനുവദിച്ചു തുടങ്ങും.
ആകെ 42 വിസകളിലുള്ളവർക്കാണ് പ്രവേശനം അനുവദിക്കുമെന്ന് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ഓസ്ട്രേലിയൻ പൗരൻമാർക്കും, റെഡിസന്റ്സിനും, അവരുടെ ഉറ്റ ബന്ധുക്കൾക്കും നിലവിൽ തന്നെ പ്രവേശനം അനുവദിക്കുന്നുണ്ട്.
മറ്റു വിസകളിലുള്ളവർ പ്രത്യേക ഇളവിനായി അപേക്ഷിച്ച ശേഷം, അത് ലഭിച്ചാൽ മാത്രമാണ് ഇപ്പോൾ ഓസ്ട്രേലിയയിലെത്താൻ കഴിയുക.
എന്നാൽ ഡിസംബർ 15 മുതൽ ഈ 42 വിസകളിലുള്ളവർക്ക് പ്രത്യേക ഇളവുകൾക്കായി അപേക്ഷിക്കാതെ തന്നെ ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യാൻ കഴിയും.
You may like it:
സബ്ക്ലാസ് 500 സ്റ്റുഡന്റ് വിസ, സബ്ക്ലാസ് 560 സ്റ്റുഡന്റ് ടെംപററി വിസ, സബ്ക്ലാസ് 457 ടെംപററി സ്കിൽഡ് വർക്കർ വിസ, സ്കിൽഡ് റീജിയണൽ സ്പോർസേർഡ് വിസ (487), സ്കിൽഡ് റീജിയണൽ പ്രൊവിഷണൽ വിസ (489), സ്കിൽഡ് വർക്ക് റീജിയണൽ (പ്രൊവിഷണൽ) വിസ (491), സ്കിൽഡ് എംപ്ലോയർ സ്പോൺസേർഡ് (പ്രൊവിഷണൽ) വിസ (494) എന്നിവ ഉൾപ്പെടെയാണ് ഇത്.
ഇതോടൊപ്പം കോൺട്രിബ്യൂട്ടറി പേരന്റ് വിസയും, സ്പോൺസേർഡ് പേരന്റ് (ടെംപററി) വിസയും ഉള്ളവരെയും അനുവദിക്കും.
അനുവദനീയമായ വിസകളുടെ പൂർണ്ണ പട്ടിക ഇതാണ്.
എന്നാൽ, ഭൂരിഭാഗം രാജ്യങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികൾക്ക് ഓസ്ട്രേലിയയിലേക്കെത്താൻ ഇനിയും കാത്തിരിക്കേണ്ടി വരും.

Source: Home Affairs Website
ജപ്പാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ മാത്രമാണ് ഇപ്പോൾ അനുവദിക്കുന്നത്.
ഓസ്ട്രേലിയൻ പൗരന്മാരുടെയും പെർമനന്റ് റെസിഡന്റ്സിന്റെയും മാതാപിതാക്കൾക്ക് പ്രത്യേക ഇളവിനായി അപേക്ഷിച്ചു തന്നെയാകും തുടർന്നും രാജ്യത്തേക്ക് എത്താൻ കഴിയുക.
എന്തൊക്കെ രേഖകൾ വേണം?
കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഇത്തരത്തിൽ പ്രവേശനം അനുവദിക്കുക.
ആസ്ട്രസെനക്ക, ഫൈസർ, കൊവിഷീൽഡ്, കൊവാക്സിൻ, മൊഡേണ, സിനോവാക്, സിനോഫാം എന്നീ വാക്സിനുകളുടെ രണ്ടു ഡോസുകളോ, ജോൺസൻ ആന്റ് ജോൺസന്റെ ഒരു ഡോസോ എടുത്തവർക്ക് പ്രവേശനം നൽകും.
ഓസ്ട്രേലിയൻ പാസ്പോർട്ട് ഓഫീസിന്റെ വെബ്സൈറ്റിൽ നിർദ്ദേശിച്ചിരിക്കുന്നത് പ്രകാരമുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇതിന് തെളിവായി ഹാജരാക്കേണ്ടിവരും.
ആരോഗ്യകാരണങ്ങളാൽ വാക്സിനെടുക്കാൻ കഴിയാത്തവർക്കും, 12 വയസിൽ താഴെയുള്ള കുട്ടികൾക്കും വാക്സിനെടുക്കാതെ തന്നെ യാത്ര അനുവദിക്കും.
12നും 17നും ഇടയിൽ പ്രായമുള്ളവർ വാക്സിനെടുത്തിട്ടില്ലെങ്കിലും വാക്സിനെടുത്ത മുതിർന്നവർക്കൊപ്പമുള്ള യാത്ര അനുവദിക്കും.
ഓസ്ട്രേലിയൻ അതിർത്തി തുറക്കും എന്നാണ് പ്രഖ്യാപനമെങ്കിലും, എല്ലാ സംസ്ഥാനങ്ങളിലേക്കും എത്താൻ കഴിയില്ല. വ്യത്യസ്ത നിലപാടുകളാണ് ഇതിൽ പല സംസ്ഥാനങ്ങളും സ്വീകരിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങളിലെ ക്വാറന്റൈൻ നിയമങ്ങൾ മനസിലാക്കുകയും വേണം.
യാത്രക്ക് മുമ്പു തന്നെ ഒരു പുതിയ ട്രാവൽ ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണം. വാക്സിനേഷനും, യാത്രാ വിവരങ്ങളും എല്ലാം ഇതിൽ ഉൾപ്പെടുത്തണം.
ഇത് നൽകാതിരിക്കുകയോ, തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ ജയിൽശിക്ഷയും പിഴയും ലഭിക്കാം.
യാത്രക്ക് മുമ്പ് കൊവിഡ് പരിശോധന നടത്തണമെന്നും വ്യവസ്ഥയുണ്ട്.