ഇന്ത്യൻ ഭരണഘടനയിൽ 105 ഭേദഗതികൾ; ഓസ്ട്രേലിയയിൽ എട്ട്: ഓസ്ട്രേലിയയിൽ റഫറണ്ടങ്ങളുടെ പ്രാധാന്യമറിയാം

The Voice to Parliament referendum is due to take place this year - What do we know so far

The Voice to Parliament referendum is due to take place this year - What do we know so far / Source: SBS News/Lilian Cao

ഓസ്ട്രേലിയ റിപ്പബ്ലിക്കാകണോ എന്ന ചോദ്യം 1999ൽ ജനങ്ങൾ തള്ളിക്കളഞ്ഞ ശേഷം, വീണ്ടുമൊരിക്കൽ കൂടി രാജ്യം റഫറണ്ടത്തിന് ഒരുങ്ങുകയാണ്. എല്ലാ പൗരൻമാരും നിർബന്ധമായും വോട്ടു ചെയ്തിരിക്കേണ്ട റഫറണ്ടങ്ങളെക്കുറിച്ചും, അവയുടെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം അറിയേണ്ട എല്ലാ വിശദാംശങ്ങളും.


ഇന്ത്യൻ ജനാധിപത്യവും ഓസ്ട്രേലിയൻ ജനാധിപത്യവും തമ്മിലുള്ള ഏറ്റവും പ്രധാന വ്യത്യാസങ്ങളിലൊന്നാണ് റഫറണ്ടങ്ങൾ.
ഭരണഘടനാ ഭേദഗതിക്കായാണ് ഓസ്ട്രേലിയയിൽ റഫറണ്ടങ്ങൾ ഉപയോഗിക്കുന്നത്.
ഇന്ത്യയിൽ പാർലമെന്റിന്റെ രണ്ടു സഭകളിലും ഭൂരിപക്ഷവും, പകുതിയിലേറെ സംസ്ഥാന നിയമസഭകളിലെ ഭൂരിപക്ഷവുമുണ്ടെങ്കിൽ ഭരണഘടനാ വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ കഴിയും.

എന്നാൽ, ഓസ്ട്രേലിയൻ ഭരണഘടനയിൽ ഏതെങ്കിലും തരത്തിലുള്ള ഭേദഗതി വരുത്തണമെങ്കിൽ രാജ്യത്തെ വോട്ടവകാശമുള്ള എല്ലാ ജനങ്ങളുടെയും അഭിപ്രായം തേടിയ ശേഷമേ കഴിയൂ. അതിനുള്ള മാർഗ്ഗമാണ് റഫറണ്ടം.

73 വർഷം പ്രായമുള്ള ഇന്ത്യൻ ഭരണഘടന 105 തവണ ഭേദഗതി ചെയ്തപ്പോൾ, 122 വർഷം പഴക്കമുള്ള ഓസ്ട്രേലിയൻ ഭരണഘടനയിൽ എട്ട് ഭേഗദതികൾ മാത്രമാണ് ഇതുവരെയുള്ളത്.

An Act; The Commonwealth of Australia.  Constitution the Commonwealth of Australia.
An Act; The Commonwealth of Australia. Constitution the Commonwealth of Australia. Credit: peo.gov.au

ഒമ്പതാം ഭരണഘടനാ ഭേഗഗതിയിലൂടെ ഓസ്ട്രേലിയൻ മണ്ണിന്റെ യഥാർത്ഥ ഉടമകൾക്ക് രാജ്യത്ത് കൂടുതൽ ശബ്ദം നൽകുമോ എന്ന് തീരുമാനിക്കാനുള്ള റഫറണ്ടമാകും ഈ വർഷം നടക്കുക.

വോയിസ് ടു പാർലമെന്റ് റഫറണ്ടം

എങ്ങനെയാണ് ഓസ്ട്രേലിയയിൽ റഫറണ്ടം നടക്കുന്നത് എന്ന് പരിശോധിക്കുന്നതിന് മുമ്പ്, എന്താണ് ഇപ്പോൾ നടക്കാനിരിക്കുന്ന റഫറണ്ടം എന്നത് നോക്കാം.

റഫറണ്ടത്തിലെ ചോദ്യം വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി ആന്തണി അൽബനീസി പുറത്തുവിട്ടത്.

ഓസ്ട്രേലിയൻ അബോറിജിനൽ - ടൊറസ് സ്ട്രൈറ്റ് ഐലന്റർ ജനതയുടെ Voice സ്ഥാപിച്ചുകൊണ്ട് ഓസ്ട്രേലിയയുടെ യഥാർത്ഥ ഉടമകൾക്ക് അംഗീകാരം നൽകുന്നതിന് ഭരണഘടനാ ഭേദഗതി ശുപാർശ ചെയ്യുന്നു: ഈ ഭേദഗതിയെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?
റഫറണ്ടത്തിലെ ചോദ്യം
വോട്ടവകാശമുള്ള എല്ലാ ഓസ്ട്രേലിയക്കാർക്കും ഇതിന് അംഗീകരിക്കുന്നു (YES) എന്നോ, ഇല്ല (NO) എന്നോ മറുപടി നൽകാം.

എന്തായിരിക്കും ഈ ആദിമവർഗ്ഗ വോയിസ് എന്നതിന്റെ കൂടുതൽ വിശദാംശങ്ങളും പ്രധാനമന്ത്രി പുറത്തുവിട്ടിട്ടുണ്ട്.

ഓസ്ട്രേലിയൻ ആദിമവർഗ്ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമനിർമ്മാണങ്ങളിൽ സർക്കാരിനെ ഉപദേശിക്കുന്നതിനുള്ള ഒരു സ്ഥാപനമായിരിക്കും Voice. നിയമങ്ങൾ വീറ്റോ ചെയ്ത് പരാജയപ്പെടുത്താൻ ഈ സ്ഥാപനത്തിന് കഴിയില്ല.
  • വോയിസിലെ അംഗങ്ങൾക്ക് നിശ്ചിത കാലാവധിയുണ്ടാകും.
  • ലിംഗ പ്രാതിനിധ്യവും, യുവജന പ്രാതിനിധ്യവും ഉറപ്പാക്കും
  • എല്ലാ സംസ്ഥാനങ്ങളിലെയും ടെറിട്ടറികളിലെയും പ്രാതിനിധ്യമുണ്ടാകും
  • ഉൾനാടൻ സമൂഹങ്ങളുടെ പ്രതിനിധികളും വോയിസിൽ ഉണ്ടാകും

റഫറണ്ടം വിജയിക്കാൻ ഇരട്ട ഭൂരിപക്ഷം

ഭരണഘടനാ ഭേദഗതിക്കുള്ള ബിൽ പാർലമെന്റിൽ പാസാക്കിയ ശേഷമാകും പൊതുജനങ്ങളുടെ അടുത്തേക്ക് എത്തുന്നത്.

ഏതെങ്കിലും ഒരു സഭയിൽ മാത്രം പാസാക്കിയാൽ ഗവർണർ ജനറലിന്റെ “ഡെഡ്ലോക്ക് പ്രൊവിഷൻ” എന്ന അധികാരം ഉപയോഗിച്ചും റഫറണ്ടത്തിലേക്ക് പോകാം.
ഒരു റഫറണ്ടം വിജയിക്കണമെങ്കിൽ അതിന് ഇരട്ട ഭൂരിപക്ഷം കിട്ടണം.
അതായത്, ദേശീയ തലത്തിൽ 50 ശതമാനത്തിലേറെ വോട്ടുകൾ കിട്ടുന്നതിനൊപ്പം, പകുതിയിലേറെ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷം കിട്ടിയിരിക്കുകയും വേണം.

നോർതേൺ ടെറിട്ടറി, ACT എന്നിവയെ ഈ സംസ്ഥാന ഭൂരിപക്ഷത്തിനായി കണക്കിലെടുക്കില്ല. ബാക്കിയുള്ള ആറു സംസ്ഥാനങ്ങളിൽ നാലിലും ഭൂരിപക്ഷം കിട്ടണം.

വലിയ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലെ മാത്രം വോട്ടുകൊണ്ട് ഭരണഘടനാ ഭേദഗതി നടപ്പാക്കുന്നത് തടയുന്നതിനും, ചെറിയ സംസ്ഥാനങ്ങൾക്ക് വീറ്റോ അധികാരം നൽകുന്നതിനുമാണ് ഈ വ്യവസ്ഥ.
ഓസ്ട്രേലിയയുടെ ചരിത്രത്തിൽ ഇതുവരെ 44 തവണയാണ് റഫറണ്ടം നടന്നിട്ടുള്ളത്.
1906ൽ സെനറ്റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് നടന്ന ആദ്യ റഫറണ്ടം 82.65 ശതമാനം ജനങ്ങളുടെ പിന്തുണയോടെ അംഗീകരിച്ചെങ്കിലും, പിന്നീടിതുവരെ 44ൽ ആകെ എട്ടു റഫറണ്ടങ്ങൾ മാത്രമാണ് വിജയിച്ചത്.

അഞ്ചു തവണ കൂടി ദേശീയ തലത്തിൽ 50ശതമാനത്തിലേറെ വോട്ട് നേടിയെങ്കിലും, സംസ്ഥാനങ്ങളിലെ ഭൂരിപക്ഷമില്ലാത്തതിനാൽ മുന്നോട്ടുപോയില്ല.

1977ലാണ് അവസാനമായി രാജ്യത്ത് റഫറണ്ടങ്ങൾ വിജയിച്ചത്. അന്ന് മൂന്ന് റഫറണ്ടങ്ങൾ പാസാക്കി ഭരണഘടന ഭേദഗതി ചെയ്തു.

റഫറണ്ടത്തിനു പുറമേ പ്ലെബിസൈറ്റുകളും ഓസ്ട്രേലിയയിൽ നടത്താറുണ്ട്. ഇത് ഭരണഘടനാപരമായി ബാധ്യതയില്ലാത്ത ജനഹിത പരിശോധനകൾ മാത്രമാണ്.

എപ്പോഴാകും വോയിസ് റഫറണ്ടം?

ഓസ്ട്രേലിയയിലെ എല്ലാ തെരഞ്ഞെടുപ്പുകളെയും പോലെ, ശനിയാഴ്ചകളിലാണ് റഫറണ്ടങ്ങളും നടത്താറുള്ളത്.

ഈ വർഷം അവസാനം റഫറണ്ടം നടത്തും എന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അതിനാൽ, സാധ്യതയുള്ള തീയതികൾ ഇവയാണ്.
Referendum Dates v2.jpg
വോയിസ് റഫറണ്ടത്തിനു ശേഷം അധികം വൈകാതെ മറ്റൊന്നു കൂടി ഓസ്ട്രേലിയക്കാർക്ക് പ്രതീക്ഷിക്കാൻ കഴിയും.

ഓസ്ട്രേലിയ റിപ്പബ്ലിക്കാകണമോ എന്നുള്ളതാകും അത്. എലിസബത്ത് രാജ്ഞിയുടെ കാലശേഷം അക്കാര്യത്തിൽ വീണ്ടും റഫറണ്ടം നടത്തും എന്നുള്ളതാണ് ധാരണ.

Share
Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service