സാം എബ്രഹാം വധക്കേസിലെ ജൂറി വിചാരണയുടെ രണ്ടാം ദിവസം രാവിലെയാണ് സോഫിയയും അരുണും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ നൽകിയത്. ഇരുവരും ഒരുമിച്ചുള്ള സി സി ടി വി ദൃശ്യങ്ങലും, സോഫിയ അരുണുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ കോൾ ലിസ്റ്റും പ്രോസിക്യൂട്ടർ കെറി ജഡ്, QC, ജൂറിക്ക് മുന്നിൽ ഹാജരാക്കി.
2014 ജനുവരിയിൽ കോമൺവെൽത്ത് ബാങ്കിൽ സോഫിയയും അരുണും ജോയിന്റ് അക്കൗണ്ട് തുറന്നിരുന്നു എന്നാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അരുൺ കമലാസനന്റെ വിലാസം ഉപയോഗിച്ച് സോഫിയ ഇന്ത്യയിലേക്ക് പണമയച്ചതിന്റെ രേഖകളും ഹാജരാക്കിയിട്ടുണ്ട്. ഈ തെളിവുകൾ ശരിയാണെന്ന് സോഫിയ സമ്മതിച്ചതായാണ് പ്രോസിക്യൂഷൻ ജൂറിക്ക് മുന്നിൽ വ്യക്തമാക്കിയിരിക്കുന്നത്.
അരുണിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചാണ് സോഫിയ സ്ഥിരമായി അരുണിനെ വിളിച്ചതെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
സാമിന്റെ മരണ ശേഷം 2016 മാർച്ചിൽ സാമിന്റെ പേരിലുള്ള കാർ അരുണിന്റെ പേരിലേക്ക് മാറ്റിയതിന്റെ തെളിവുകളും ജൂറി പരിശോധിച്ചു. പ്രതികൾ രണ്ടു പേരും ഒരുമിച്ചു കാറിൽ സഞ്ചരിക്കുന്നതിന്റെയും ലേലോർ ട്രെയിൻ സ്റ്റേഷനിൽ കാർ പാർക്ക് ചെയ്ത ശേഷം ട്രെയിൻ കയറാനായി പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളും ജൂറിക്ക് മുന്നിൽ ഹാജരാക്കി.
ഇതിനു പുറമേ, 2015 ഒക്ടോബർ 14 നു രാവിലെ എപ്പിംഗിലെ വസതിയിൽ സാം ചലനമറ്റു കിടക്കുന്നതിന്റെ ദൃശ്യങ്ങളും കോടിതിയിൽ ഹാജരാക്കിയിരുന്നു. സമീപത്തു ഒരു പാത്രത്തിൽ ഓറഞ്ച് ജ്യൂസ് ഇരിക്കുന്നതും ചിത്രങ്ങളിൽ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
സംഭവദിവസം സാമും സോഫിയയും ആറര വയസുകാരനായ മകനും ഒരേ കട്ടിലിലാണ് കിടന്നുറങ്ങിയതെന്നും, സോഫിയ അല്ല വിഷം കൊടുത്തതെങ്കിൽ പോലും എന്താണ് സംഭവിക്കുന്നത് എന്ന കാര്യം അവർ അറിഞ്ഞിരിക്കുമെന്നും പ്രോസിക്യൂട്ടർ വാദിച്ചു.
മരണകാരണം സയനൈഡെന്നും തെളിവുകൾ
ആ രാത്രിയിൽ അരുൺ കമലാസനൻ സാമിന്റെ വീട്ടിൽ എത്തിയിരുന്നതായും, എന്നാൽ ബലം പ്രയോഗിച്ച് അകത്തു കടന്നതിന്റെ തെളിവുകളൊന്നുമില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
സാമിന്റെ മൃതദേഹം പോസ്റ്മോർട്ടം നടത്തിയ ശേഷം ടോക്സിക്കോളജി റിപ്പോർട്ടിലാണ് മരണകാരണം സയനൈഡ് ആണെന്ന് കണ്ടെത്തിയത്. ഇതിന്റെ അംശം അപകടകരമായ അളവിൽ സാമിന്റെ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഒരു ലിറ്ററിന് 35 മില്ലിഗ്രാം എന്ന കണക്കിന് രക്തത്തിൽ നിന്നും, ഒരു കിലോഗ്രാമിന് 28 മില്ലിഗ്രാം എന്ന കണക്കിന് കരളിൽ നിന്നും സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നതായി ടോക്സിക്കോളജി റിപ്പോർട് പറയുന്നു. കൂടാതെ മയക്കി കിടത്താനുള്ള മരുന്നിന്റെ അംശവും പോസ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
എന്നാൽ അരുണും സോഫിയയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും കൊലപാതകം നടത്താനുള്ള ഒരു കാരണവുമില്ലായിരുന്നുവെന്ന് അരുണിന്റെ അഭിഭാഷകൻ പാട്രിക് ടെഹാൻ, QC, വാദിച്ചു. "അരുൺ കൊലപാതകം നടത്തിയിട്ടില്ല. കൊലപാതകം നടത്താനായി അരുണും സോഫിയയുമായി ഒരു ധാരണയുമുണ്ടാക്കിയിരുന്നില്ല" എന്നും അദ്ദേഹം വാദിച്ചു.
സാം ആത്‍മഹത്യ ചെയ്തതാണോ മറ്റാരെങ്കിലും കൊലപ്പെടുത്തിയതാണോ അപകടമരണമാണോ എന്ന സാധ്യതകളിലേക്കൊന്നും തന്നെ പ്രോസിക്യൂഷൻ പോകുന്നില്ലെന്നും അരുണിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
അരുണിന്റെ ഒപ്പം താമസിച്ചിരുന്ന മലയാളിയായ അജി പരമേശ്വരനെയും ഇന്ന് കോടതിയിൽ ഹാജരാക്കി. അരുണിനെയും സോഫിയയെയും ഒരുമിച്ചു സെയിന്റ് കിൽഡയിലെ വീട്ടിൽ കണ്ട കാര്യം അജി കോടതിയോട് പറഞ്ഞു.
കേസിലെ വിചാരണ നടപടികൾ നാളെ തുടരും .
(മെൽബൺ സുപ്രീം കോടതിയിൽ നിന്ന് എസ് ബി എസ് മലയാളം പ്രതിനിധി സൽവി മനീഷ് തയ്യാറാക്കിയ റിപ്പോർട്ട്)